എന്റെ കേരളം പ്രദര്‍ശന വിപണന മേള: 251 സ്റ്റാളുകള്‍ ഒരുങ്ങും
സര്‍ക്കാരിന്റെ നാലാം വാര്‍ഷിക ആഘോഷങ്ങളുടെ ഭാഗമായി ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ നേതൃത്വത്തില്‍ വിവിധ വകുപ്പുകളുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന എന്റെ കേരളം പ്രദര്‍ശന വിപണന മേളയില്‍ ഒരുങ്ങുന്നത് 251 സ്റ്റാളുകള്‍. വികസന നേട്ടങ്ങളുടെ നാള്‍ വഴികളും സേവനങ്ങളും നേരിട്ടറിയാനുള്ള അവസരം മേളയില്‍ ഒരുങ്ങും.
മേളയില്‍ സ്റ്റാള്‍ അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് സബ് കളക്ടര്‍ കെ മീരയുടെ അധ്യക്ഷതയില്‍ നോഡല്‍ ഓഫീസര്‍മാരുടെ യോഗം ചേര്‍ന്നു. സര്‍ക്കാര്‍ വകുപ്പുകളില്‍ ലഭിക്കുന്ന സേവനങ്ങള്‍ പൊതുജനങ്ങള്‍ക്ക് എളുപ്പത്തില്‍ മനസ്സിലാക്കാന്‍ സാധിക്കുന്ന വിധത്തില്‍ ഓരോ വകുപ്പുകളുടെയും സ്റ്റാളുകള്‍ ക്രമീകരിക്കണമെന്ന് യോഗത്തില്‍ സബ് കളക്ടര്‍ പറഞ്ഞു.
എ ഐ സാധ്യതകള്‍ അടക്കം പ്രയോജനപ്പെടുത്തി സ്റ്റാളുകള്‍ ക്രമീകരിക്കണം. വകുപ്പുകളുടെ പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധിക്കപ്പെടുന്ന രീതിയില്‍ ജില്ലയില്‍ നിന്നും മികച്ച പ്രകടനം കാഴ്ചവയ്ക്കണമെന്നും യോഗത്തില്‍ ജില്ല വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ പി എ നജീബ് പറഞ്ഞു.
പ്രദര്‍ശന വിപണന മേളയില്‍ വിവിധ വകുപ്പുകളുടെ 251 തീം, വാണിജ്യ സ്റ്റാളുകള്‍ ഉണ്ടാകും. സ്റ്റാളുകളുടെ നിര്‍മ്മാണം മെയ് 16നകം പൂര്‍ത്തീകരിച്ച് അതത് വകുപ്പുകള്‍ക്ക് കൈമാറും. ജില്ലയില്‍ മെയ് 17 മുതല്‍ 23 വരെയാണ് മേള സംഘടിപ്പിക്കുന്നത്. രാവിലെ 9 മുതല്‍ രാത്രി 10 വരെ മേള നടക്കും. പ്രദര്‍ശന വിപണന മേളയോടൊപ്പം സെമിനാറുകള്‍, സംവാദങ്ങള്‍, കലാപരിപാടികള്‍ എന്നിവയും സംഘടിപ്പിക്കും. പ്രവേശനം സൗജന്യം.
മേളയോട് അനുബന്ധിച്ച് മെയ് ഏഴിന് രാവിലെ 10.30 ന് കാക്കനാട് കിന്‍ഫ്ര കണ്‍വെന്‍ഷന്‍ സെന്ററില്‍ മുഖ്യമന്ത്രിയുടെ യോഗം ചേരും.
കളക്ടറേറ്റ് സ്പാര്‍ക്ക് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ് വിനോദ് രാജ്, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എന്‍ ബി ബിജു, ദുരന്തനിവാരണം ഡെപ്യൂട്ടി കളക്ടര്‍ കെ മനോജ്, വിവിധ വകുപ്പ് നോഡല്‍ ഓഫീസര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
- Log in to post comments