സ്മാർട്ടാണ് കണ്ണൂരിന്റെ കാർഷികമേഖല
കേരളത്തിൽ കാർഷിക മേഖലയുടെ സമഗ്രമായ വികസനവും മുന്നേറ്റവും ലക്ഷ്യമിട്ടുള്ള സംസ്ഥാന സർക്കാരിന്റെ പ്രവർത്തനങ്ങളുടെ ഭാഗമായി കണ്ണൂർ ജില്ലയിൽ കാർഷിക രംഗത്ത് വലിയ മുന്നേറ്റമാണ് ഉണ്ടായിട്ടുള്ളത്. കഴിഞ്ഞ നാലു വർഷക്കാലയളവിൽ ജില്ലയിൽ "ഞങ്ങളും കൃഷിയിലേക്ക്" എന്ന പദ്ധതിയുടെ ഭാഗമായി ഉൽപാദന സേവന വിപണന മേഖലകളിലായി 1453 കൃഷിക്കൂട്ടങ്ങൾ രൂപീകരിച്ചു. ഭക്ഷ്യ സ്വയംപര്യാപ്തത, ഭക്ഷ്യ സുരക്ഷ, സുരക്ഷിത ഭക്ഷണം എന്നീ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന്റെ ഭാഗമായി ജൈവ കാർഷിക മിഷൻ, പോഷക സമൃദ്ധി മിഷൻ പദ്ധതികൾ ജില്ലയിൽ മികച്ച രീതിയിൽ നടപ്പിലാക്കി വരുന്നുണ്ട്. ജില്ലയിലെ കാർഷിക വരുമാനം വർദ്ധിപ്പിക്കുന്നതിനായി 35.50 ലക്ഷം രൂപ ചെലവഴിച്ച് വിളയിട അധിഷ്ഠിത കൃഷി രീതിയിലൂടെ 3115 ഫാം പ്ലാനുകളും 142 സംയോജിത കൃഷി തോട്ടങ്ങളും എട്ട് ഫാം പ്ലാൻ ഫാർമർ പ്രൊഡ്യൂസർ ഓർഗനൈസേഷനുകളും രൂപീകരിച്ചിട്ടുണ്ട്. 'കൃഷി സമൃദ്ധി' പദ്ധതിയിലൂടെ കാർഷിക മേഖല ആധാരമാക്കിയ പ്രാദേശിക സാമ്പത്തിക വികസനം തദ്ദേശഭരണ സ്ഥാപനങ്ങളുടെയും വിവിധ വകുപ്പുകളുടെയും പങ്കാളിത്തത്തോടെ സാധ്യമാക്കുന്നുണ്ട്. പദ്ധതിയുടെ ആദ്യഘട്ടമായി കതിരൂർ, കൂത്തുപറമ്പ്, മാങ്ങാട്ടിടം, അഞ്ചരക്കണ്ടി, പിണറായി, നാറാത്ത്, ചെറുതാഴം, കുറ്റിയാട്ടൂർ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ ഊർജ്ജിത പ്രവർത്തനങ്ങളാണ് നടക്കുന്നത്. നൂതന കൃഷി രീതി പ്രോത്സാഹിപ്പിക്കുന്നതിനായി 8.76 ലക്ഷം രൂപ ചെലവിൽ 9.16 ഹെക്ടർ സ്ഥലത്ത് തുറസ്സായ സ്ഥലത്തെ കൃത്യത കൃഷി നടപ്പിലാക്കിട്ടുണ്ട്. ജില്ലയിലെ എല്ലാ കൃഷിഭവനങ്ങളും ഘട്ടം ഘട്ടമായി സ്മാർട്ടാക്കുന്നതിന്റെ ഭാഗമായി 22.36 ലക്ഷം രൂപ ചെലവഴിച്ച് ചെറുതാഴം കൃഷിഭവൻ സ്മാർട്ട് കൃഷിഭവൻ ആക്കി മാറ്റി. പച്ചക്കറി കൃഷി പ്രോത്സാഹിപ്പിക്കാൻ 11.27 ലക്ഷം രൂപ ആനുകൂല്യത്തിൽ വിവിധ സ്കൂളുകളിലും സ്ഥാപനങ്ങളിലും 79 പ്രൊജക്ടുകളും നടപ്പിലാക്കി. കൃഷി ഫാമുകളിലെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനായി നബാർഡ് ആർഐഡിഎഫ് പദ്ധതിയിൽ ഉൾപ്പെടുത്തി എട്ടുകോടി രൂപയുടെ വികസന പ്രവർത്തനങ്ങൾ ജില്ലാ കൃഷിത്തോട്ടം കരിമ്പത്ത് നടന്നു വരുന്നുണ്ട്.
കൃഷി വിപ്ലവം ഇനി വിരൽത്തുമ്പിൽ
കർഷകർക്ക് സേവനങ്ങൾ ഐടി അധിഷ്ഠിത സാങ്കേതികവിദ്യകളിലൂടെ വേഗത്തിൽ എത്തിച്ചു നൽകുന്നതിനായി കൃഷിവകുപ്പിൽ നിലവിലുള്ള എല്ലാ സോഫ്റ്റ്വെയറും സംയോജിപ്പിച്ച് 'കതിർ' സോഫ്റ്റ്വെയർ വഴി കര്‍ഷകര്‍ക്ക് ആവശ്യമായ മുഴുവന്‍ വിവരങ്ങളും വിരല്‍ തുമ്പില്‍ ലഭ്യമാകും. കാലാവസ്ഥാ വ്യതിയാനത്തിന്റെ അപകട സാദ്ധ്യത കുറയ്ക്കുക, കൃഷി സംരക്ഷിക്കുന്നതിനുള്ള നിർദ്ദേശങ്ങളും ഉപദേശങ്ങളും നൽകുക, കാലാവസ്ഥ അധിഷ്ഠിതമായി വിളകൾ കണ്ടെത്താന്‍ സഹായിക്കുക, വിള വിസ്തീർണം, വിളവ് എന്നിവ കണക്കാക്കാന്‍ സഹായിക്കുക, വിതരണ ശൃംഖലയും സേവനവും ഉറപ്പാക്കുന്നതിന് മാർക്കറ്റ് ലിങ്കേജ് ആസൂത്രണം ചെയ്യുക, സർക്കാർ ആനുകൂല്യങ്ങളും പദ്ധതികളും കര്‍ഷകരിലേക്ക് എത്തിക്കുക തുടങ്ങിയവയാണ് കതിരിന്റെ മുഖ്യ ലക്ഷ്യങ്ങള്‍. കർഷകർക്ക് നേരിട്ട് കാർഷിക വിദഗ്ധരുമായും ശാസ്ത്രജ്ഞരുമായും ആശയവിനിമയം നടത്തുന്നതിനും സംശയങ്ങൾ നിവാരണം നടത്തുന്നതിനും ആപ്പില്‍ സംവിധാനമൊരുക്കുന്നുണ്ട്.
1.65 ലക്ഷം കർഷകർ കതിർ ആപ്പ് രജിസ്ട്രേഷൻ പൂർത്തിയാക്കിയിട്ടുണ്ട്.
പച്ചക്കറി കൃഷി വികസനത്തിന്റെ ഭാഗമായി 38.34 ലക്ഷം രൂപ ചിലവഴിച്ച് 11039 ചതുരശ്ര മീറ്റർ വിസ്തൃതിയിൽ മഴമറകൾ നിർമ്മിച്ചു. മഴമറകൾ നിർമ്മിക്കുന്നതിലൂടെ സ്ഥല ലഭ്യത കുറവ് മൂലം കൃഷി ചെയ്യാൻ സാധിക്കാത്തവർക്ക് വീടിന്റെ മട്ടുപ്പാവിൽ ഏതു കാലാവസ്ഥയിലും സ്വന്തമായി വിഷ രഹിത പച്ചക്കറികൾ ഉൽപ്പാദിപ്പിക്കാൻ സാധിക്കും. മൂല്യവർധനം, വിപണനം മേഖലകൾക്ക് പ്രാധാന്യം നൽകി, കർഷകരുടെയും കർഷക കൂട്ടായ്മകളുടെയും 151 മൂല്യ വർധിത ഉൽപ്പന്നങ്ങൾക്ക് 'കേരളഗ്രോ' ബ്രാൻഡ് അനുവദിച്ചിട്ടുണ്ട്. കേരള ഗ്രോ ഉൽപ്പന്നങ്ങളുടെ വിപണി പ്രോത്സാഹനത്തിനായി 10 ലക്ഷം രൂപ ചെലവഴിച്ച കേരള ഗ്രൂപ്പ് ബ്രാൻഡഡ് ഷോപ്പ് അഞ്ചരക്കണ്ടി സർവീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ ചക്കരക്കല്ലിൽ പ്രവർത്തിച്ചു വരുന്നുണ്ട്. 2023-24ൽ തലശ്ശേരി കാർണിവലിന്റെ ഭാഗമായി കേരള ഗ്രോ എക്സ്പോ ഉൾപ്പെടെ സംഘടിപ്പിച്ചിട്ടുണ്ട്.
ചെറു ധാന്യ ഉൽപ്പന്നങ്ങളുടെ മെച്ചപ്പെട്ട വിപണിക്കായി അഞ്ച് ലക്ഷം രൂപ ചെലവഴിച്ച് 'മില്ലറ്റ് കഫെ' പയ്യന്നൂർ ജൈവഭൂമി നാച്ചുറൽ ഫാർമേഴ്സ് സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ പയ്യന്നൂരിൽ പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. സ്വന്തമായി വിഷരഹിത പച്ചക്കറികൾ ഉണ്ടാക്കി ഭക്ഷ്യസുരക്ഷ ഉറപ്പാക്കാനും വളർന്നുവരുന്ന തലമുറകളിൽ കൃഷിയുടെ മനോഭാവം വളർത്താനും കൃഷിവകുപ്പ് ജാഗ്രത പുലർത്തിക്കൊണ്ടിരിക്കുന്നുണ്ട്.
- Log in to post comments