Skip to main content

മിഷന്‍ ഗ്രീന്‍ ശബരിമല: ശുചിത്വമിഷന്‍ പ്രവര്‍ത്തനങ്ങള്‍ മാതൃകാപരം -രാജു എബ്രഹാം എം.എല്‍.എ

 

മിഷന്‍ ഗ്രീന്‍ ശബരിമല പദ്ധതിയുമായി ബന്ധപ്പെട്ട് ജില്ലാ ശുചിത്വമിഷന്‍റെ പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമെന്ന് രാജു എബ്രഹാം എം.എല്‍.എ. പറഞ്ഞു. ശബരിമലയെ പ്ലാസ്റ്റിക് വിമുക്തമാക്കുന്നതിന്‍റേയും പമ്പയില്‍ വസ്ത്രങ്ങള്‍ ഉപേക്ഷിക്കുന്നതിനെ തിരേയുമുള്ള സന്ദേശങ്ങള്‍ അലേഖനം ചെയ്ത സ്റ്റിക്കറുകളുടെ പ്രകാശനകര്‍മ്മം നിര്‍വ്വഹിച്ച് വടശേരിക്കര ഇടത്താവളത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മുന്‍ വര്‍ഷങ്ങളില്‍ ജില്ലാ ശുചിത്വമിഷന്‍റെ നേതൃത്വത്തില്‍ മിഷന്‍ ഗ്രീന്‍ ശബരിമല പദ്ധതിയുമായി ബന്ധപ്പെട്ട് നടത്തിവരുന്ന ബോധവത്കരണ പ്രവര്‍ത്തനങ്ങളുടേയും ശുചീകരണ പരിപാടികളുടേയും ഫലമായി ശബരിമലയിലേയും പോകുന്ന വഴികളിലേയും പ്ലാസ്റ്റിക് ഉള്‍പ്പടെയുള്ള അജൈവ മാലിന്യങ്ങളുടെ അളവ് വളരെയധികം കുറയ്ക്കാന്‍ സാധിച്ചിട്ടുണ്ട്. ജില്ലയിലെ വിവിധ സ്കൂളുകളിലെ ഹയര്‍ സെക്കറി വിഭാഗം എന്‍.എസ്.എസ് വോളന്‍റിയര്‍മാരുടേയും കുടുംബശ്രീ പ്രവര്‍ത്തകരുടേയും സഹായത്തോടെയാണ് വിവിധ ഭാഷകളില്‍ തയാറാക്കിയ സ്റ്റിക്കറുകള്‍ അയ്യപ്പ ഭക്തരുടെ വാഹനങ്ങളില്‍ പതിപ്പിക്കുന്നത്. വടശേരിക്കര ഇടത്താവളത്തില്‍ നടന്ന പരിപാടിയില്‍ ജില്ലാ ശുചിത്വമിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ കെ.ഇ.വിനോദ് കുമാര്‍, അസിസ്റ്റന്‍റ് ജില്ലാ കോ-ഓര്‍ഡിനേറ്റര്‍മാരായ പി.എന്‍.മധുസൂദനന്‍, ടി.എം.ജോസഫ്, പ്രോഗ്രാം ഓഫീസര്‍ കെ.ആര്‍.അജയ്, വടശ്ശേരിക്കര ടി.ടി.ടി.എം. വി.എച്ച്.എസ്.എസിലെ എന്‍.എസ്.എസ് പ്രോഗ്രാം ഓഫീസര്‍ ജയകൃഷ്ണന്‍, അയ്യപ്പസേവാസംഘം പ്രസിഡന്‍റ് ബാലന്‍, സെക്രട്ടറി സന്തോഷ്, എന്‍.എസ്.എസ് വോളന്‍റിയേഴ്സ് തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. തീര്‍ഥാടകരുടെ വാഹനങ്ങളില്‍ എം.എല്‍.എ ബോധവത്കരണ സ്റ്റിക്കറുകള്‍ പതിപ്പിച്ചു.
ശബരിമലയെ പ്ലാസ്റ്റിക് വിമുക്തമാക്കുന്നതിനും പമ്പയില്‍ വസ്ത്രങ്ങള്‍ നിക്ഷേപിക്കുന്നത് തടയുന്നതിനും ഈ തീര്‍ഥാടന കാലയളവിലും ജില്ലാ ശുചിത്വമിഷന്‍റെ നേതൃത്വത്തില്‍ വിവിധ രീതിയിലുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ട്.  

date