Skip to main content

നവകേരളം ഇപ്പോൾ തന്നെ പ്രായോഗികമാക്കേണ്ട യാഥാർത്ഥ്യം: മുഖ്യമന്ത്രി പിണറായി വിജയൻ

*മുഖ്യമന്ത്രി പങ്കെടുത്ത ജില്ലാതല യോഗത്തിൽ വിവിധ മേഖലകളിൽ നിന്നുള്ളവർ വിഷയം അവതരിപ്പിച്ചു

നവകേരളമെന്നത് ഭാവിയിലല്ല,  ഇന്നത്തെ കാലത്ത് നടപ്പിലാക്കേണ്ട യാഥാർത്ഥ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. രണ്ടാം പിണറായി വിജയൻ സർക്കാരിന്റെ നാലാം വാർഷികത്തിന്റെ ഭാഗമായി ആലപ്പുഴ പാതിരപ്പള്ളി  കാമിലോട്ട് കൺവൻഷൻ സെന്ററിൽ സംഘടിപ്പിച്ച മുഖ്യമന്ത്രിയുടെ ജില്ലാതല യോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

2016 മുതൽ ഇതുവരെയുള്ള കാലഘട്ടത്തിൽ 445.72 കോടി രൂപ ചെലവിൽ 24 പാലങ്ങളുടെ നിർമ്മാണം ജില്ലയിൽ പൂർത്തിയാക്കിയെന്ന് മുഖ്യമന്ത്രി പറഞ്ഞു.  കുട്ടനാടിന്റെ വിനോദസഞ്ചാരസാധ്യതകൾക്ക് ഊർജ്ജമാകത്തക്കവണ്ണം പാത്ത്
വേ പാലമായ പടഹാരം പാലം, അത്യാകർഷകമായി മുപ്പാലം പുനർ രൂപകൽപ്പന ചെയ്തുണ്ടാക്കിയ നാൽപ്പാലം, വലിയഴിക്കൽ പാലം, വാക്കയിൽ പാലം, മഠത്തിൽകടവ് പാലം, കൂട്ടുംവാതിക്കൽ കടവ് പാലം എന്നിവയെല്ലാം പ്രധാന പാലങ്ങളിൽ പൂർത്തീകരിച്ചവയാണ്. ജില്ലയിലെ ഏറ്റവും പ്രധാന റോഡാണ് ആലപ്പുഴ - ചങ്ങനാശ്ശേരി റോഡ്. കെഎസ്ടിപി മുഖേന സെമി എലിവേറ്റഡ് ഹൈവേ രീതിയിൽ നിർമ്മിക്കുന്ന റോഡിന്റെ 90 ശതമാനം പ്രവർത്തി പൂർത്തിയാക്കാനായി. കഴിഞ്ഞ ഒമ്പത് വർഷക്കാലം നല്ല രീതിയിലാണ് റോഡുകൾ വികസിപ്പിക്കാനായത്. 35 റോഡുകൾക്ക് 10 കോടി രൂപക്ക് മുകളിൽ ചെലവ് വരുന്ന പ്രവർത്തികളാണ് നടത്തിയത്. ദേശീയപാത വികസനത്തിന്റെ ഭാഗമായി അരൂർ - തുറവൂർ എലിവേറ്റഡ് പാത പൂർത്തിയായിവരികയാണ്.  രണ്ടാം കുട്ടനാട് പാക്കേജിന്റെ ഭാഗമായി 175 പാടശേഖരങ്ങളുടെ അടിസ്ഥാന സൗകര്യ വികസനങ്ങളാണ് നടപ്പാക്കിയത്. ഇതിലെ 85 പാടശേഖരങ്ങളിലെ സംരക്ഷണ പ്രവർത്തനങ്ങൾ ഭാഗികമായി പൂർത്തീകരിക്കാനായി. ഇതിലൂടെ 18,433 ഹെക്ടർ പാടശേഖരങ്ങൾക്ക് പ്രയോജനം ലഭിക്കുന്നുണ്ട്. വെള്ളപ്പൊക്കം ലഘൂകരിക്കുന്നതിനുള്ള അകം ബണ്ടുകൾ, പുറം ബണ്ടുകൾ, പാർശ്വഭിത്തികൾ, മോട്ടോർ ഷെഡുകൾ ഇവിടെയെല്ലാം നിർമ്മാണ പ്രവർത്തികൾ നടന്നുവരികയാണ്. വർഷം ഒരുലക്ഷം സംരംഭങ്ങൾ പദ്ധതിയിലൂടെ 2022 -23 സാമ്പത്തിക വർഷം മാത്രം ജില്ലയിൽ 9953 പുതിയ സംരംഭങ്ങൾ ആരംഭിച്ചു. 21,213 പേർക്ക് തൊഴിലവസരം ലഭിച്ചു. വിവിധ മേഖലകളിൽ 158 സ്റ്റാർട്ടപ്പുകൾ തുടങ്ങാനായി. ആലപ്പുഴയിൽ നടന്ന വിജ്ഞാന കേരളം തൊഴിൽമേള നല്ല രീതിയിൽ ശ്രദ്ധിക്കപ്പെട്ടതാണ്. അതിലൂടെ നൈപുണ്യ വികസനത്തോടെ തൊഴിൽ നൽകുന്ന പദ്ധതിക്ക് ജില്ലയിൽ തുടക്കം കുറിക്കാനായി. ആരോഗ്യ മേഖല മെച്ചപ്പെടുത്താൻ
ഒട്ടേറെ പ്രവർത്തനങ്ങളാണ് ജില്ലയിൽ നടപ്പിലാക്കിയിട്ടുള്ളത്. മെഡിക്കൽ കോളേജ് സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്ക്, ന്യൂറോളജി വിഭാഗത്തിന് ആധുനിക ഉപകരണങ്ങൾ, റേഡിയോ ഡയഗ്നോസ്റ്റിക് വിഭാഗത്തിന് സ്‌കാനിങ്
ഉപകരണങ്ങൾ തുടങ്ങിയ പദ്ധതികൾ പൂർത്തീകരിക്കാനായി. കുടുംബാരോഗ്യ കേന്ദ്രങ്ങൾ, സാമൂഹ്യ ആരോഗ്യകേന്ദ്രങ്ങൾ, ഹെൽത്ത് ആൻഡ് വെൽനസ് കേന്ദ്രങ്ങൾ തുടങ്ങിയവയുടെ കെട്ടിട നിർമ്മാണ പ്രവർത്തനങ്ങളും ആർദ്രം പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കാനായതായി മുഖ്യമന്ത്രി പറഞ്ഞു.

കണിച്ചുകുളങ്ങര ക്ഷേത്രത്തിന്റെ ടൂറിസം ഫെസിലിറ്റേഷൻ സെന്റർ അടക്കം വിനോദസഞ്ചാര മേഖലകൾക്ക് പുത്തൻ സാധ്യതകൾ പ്രയോജനം ചെയ്യുന്ന ഒട്ടേറെ പദ്ധതികൾ ജില്ലയിൽ നടപ്പിലാക്കിയിട്ടുണ്ട്. അതിദാരിദ്യ നിർമാർജന പദ്ധതിയുടെ ഭാഗമായി ജില്ലയിൽ കണ്ടെത്തിയ 3613കുടുംബങ്ങളിൽ 3292
കുടുംബങ്ങളെയും അതിദാരിദ്ര്യത്തിൽ നിന്നും മുക്തരാക്കി. ലൈഫ് മിഷൻ പദ്ധതിയിലൂടെ ഇതുവരെ ജില്ലയിൽ 32,796 വീടുകൾ പൂർത്തിയാക്കി. 5912 വീടുകൾ നിർമ്മാണത്തിന്റെ വിവിധ ഘട്ടങ്ങളിലാണ്. കിടപ്പ് രോഗികൾക്കും വയോജനങ്ങൾക്കുമായുള്ള സംസ്ഥാനത്തെ ആദ്യ വയോജന സംരക്ഷണകേന്ദ്രത്തിന്റെ പ്രവർത്തനം ആറാട്ടുപുഴയിൽ ആരംഭിക്കാനായി. സ്ത്രീകൾക്കും കുട്ടികൾക്കുമുള്ള കേരളത്തിലെ ആദ്യത്തെ ട്രാൻസിറ്റ് ഹോം ആലിശ്ശേരിയിൽ പ്രവർത്തന സജ്ജമാണ്. വേമ്പനാട് കായലിന്റെ പുനരുജീവനം പ്രധാന കാര്യമാണ്. ആലപ്പുഴ ജില്ലയിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പങ്കാളിത്തത്തോടെ വേമ്പനാട് കായൽ പുനരുജ്ജീവനത്തിന്റെ ഭാഗമായി വിവിധ പദ്ധതികൾ നടപ്പിലാക്കി വരുന്നു. ഇത് ജില്ലയുടെ ടൂറിസം മേഖലയിൽ പുതിയ സാധ്യതകൾക്ക് വഴിതെളിക്കും.
മത്സ്യബന്ധനത്തിനും വലിയ തോതിലുള്ള സാധ്യത തുറന്നുതരുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
യോഗത്തിൽ പങ്കെടുക്കാനായി ക്ഷണിച്ചവരിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികൾ മുഖ്യമന്ത്രിയോട് സംവദിച്ചു. 
 
ടി എം എം സി പ്രസാദ്, സി.ഷാംജി, ഊര്മൂപ്പത്തി സുകുമാരി, ടോമി പുലിക്കാട്ടിൽ, ഡോ. കെ ജി പദ്മകുമാർ, കെ ജി ജഗദീശൻ, സജി തോമസ് (അർജുന അവാർഡ് ), എം സി പ്രസാദ്, കെ ആർ രംഗൻ, മോഹൻ കൊട്ടാരത്തിൽ, രാമചന്ദ്രൻ മുല്ലശ്ശേരി, ഫാ. നെൽസൻ തൈപ്പറമ്പിൽ, ജോയ് സെബാസ്റ്റ്യൻ, ഡോ. മുഹമ്മദ് ഇഖ്ബാൽ തുടങ്ങി വിവിധ മേഖലയിൽ നിന്നുള്ളവർ വിഷയാവതരണം നടത്തി. മുഖ്യമന്ത്രി മറുപടിയും സർക്കാർ നയവും വ്യക്തമാക്കി.

യോഗത്തിൽ കൃഷി വകുപ്പ് മന്ത്രി പി പ്രസാദ് അധ്യക്ഷനായി. ഫീഷറീസ്, സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ, ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാർ, എംഎൽഎമാരായ പി പി ചിത്തരഞ്ജൻ, എച്ച് സലാം, ദലീമ ജോജോ, തോമസ് കെ തോമസ്, എം എസ് അരുൺകുമാർ, യു പ്രതിഭ, പ്ലാനിങ് ബോർഡ് വൈസ് ചെയർമാൻ ഡോ. വി കെ രാമചന്ദ്രൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ജി രാജേശ്വരി, ജില്ലാ കളക്ടർ അലക്‌സ് വർഗീസ്, ജില്ലയുടെ ചാർജുള്ള സ്‌പെഷ്യൽ ഓഫീസർ ഡോ. ശർമിള മേരി ജോസഫ്, എഡിഎം ആശാ സി എബ്രഹാം തുടങ്ങിയവർ പങ്കെടുത്തു.

date