Skip to main content

അടിസ്ഥാന ജനവിഭാഗങ്ങൾക്ക് പശ്ചാത്തല വികസനമെത്തിക്കുക സർക്കാർ ലക്ഷ്യം: മന്ത്രി പി. എ മുഹമ്മദ് റിയാസ്

****എള്ളുവിള - കോട്ടുക്കോണം, നാറാണി - തൃപ്പലവൂർ, മഞ്ചവിളാകം - കോട്ടയ്ക്കൽ റോഡുകൾ ഉദ്ഘാടനം ചെയ്തു

അടിസ്ഥാന ജനവിഭാഗങ്ങൾക്കും പശ്ചാത്തല വികസനമെത്തിക്കുക എന്ന ലക്ഷ്യമാണ് സർക്കാർ കഴിഞ്ഞ ഒൻപത് വർഷമായി നടപ്പിലാക്കുന്നതെന്ന് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്. എള്ളുവിള - കോട്ടുക്കോണം, നാറാണി - തൃപ്പലവൂർ, മഞ്ചവിളാകം - കോട്ടയ്ക്കൽ റോഡുകളുടെ പൂർത്തീകരണ ഉദ്ഘാടനവും വേങ്കോട്, മലയിൻകാവ്, പനച്ചമൂട്, പഞ്ചാകുഴി മുള്ളിലവുവിള, ചാമവിള റോഡുകളുടെ നിർമ്മാണ ഉദ്ഘാടനവും നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഗ്രാമീണ റോഡുകൾ ഉൾപ്പെടെ മികച്ച റോഡുകളായി മാറി. റോഡുകൾ നാടിന്റെ പുരോഗതിക്ക് ഏറെ സഹായകരമാണ്.
മലയോര ഹൈവേ യാഥാർഥ്യമാകുകയാണ്. കാർഷിക, ടൂറിസം മേഖലകളുടെ കുതിപ്പിന് കാരണമാകുന്ന പദ്ധതി രാജ്യത്തെ ഏതൊരു സംസ്ഥാനത്തിനും മാതൃകയാക്കാവുന്നതാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

കുന്നത്തുകാൽ, പെരുങ്കടവിള, കൊല്ലയിൽ ഗ്രാമപഞ്ചായത്തുകളെ മലയോര ഹൈവേയുമായി ബന്ധിപ്പിച്ച് കടന്നുപോകുന്ന പ്രധാന ഗ്രാമീണ റോഡുകളാണ് എള്ളുവിള - കോട്ടുക്കോണം-നാറാണി- തൃപ്പലവൂർ റോഡ്,  മഞ്ചവിളാകം-കോട്ടയ്ക്കൽ റോഡ് എന്നിവ. സംസ്ഥാന സർക്കാരിന്റെ 2023-24 ബജറ്റിൽ ഉൾപ്പെടുത്തി ഒൻപത് കോടി രൂപ ചെലവിലാണ് ഇവ ബിഎംബിസി നിലവാരത്തിലേക്ക് ഉയർത്തിയത്. 4.655 കിലോമീറ്റർ ദൈർഘ്യമുള്ള എള്ളുവിള തൃപ്പലവൂർ റോഡിന് ആറ് കോടി രൂപയും 2.6 കിലോമീറ്റർ ദൈർഘ്യമുള്ള മഞ്ചവിളാകം തത്തിയൂർ റോഡിന് മൂന്ന് കോടി രൂപയുമാണ് നിർമ്മാണ ചെലവ്.

സി.കെ.ഹരീന്ദ്രൻ എം.എൽ.എയുടെ അദ്ധ്യക്ഷതയിൽ ചേർന്ന ചടങ്ങിൽ കുന്നത്തുകാൽ പഞ്ചായത്ത് പ്രസിഡന്റ് ആർ.അമ്പിളി, പൊതുമരാമത്ത് വകുപ്പ് സൂപ്രണ്ടിങ് എഞ്ചിനീയർ വിമല.വി.ആർ, പെരുങ്കടവിള ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.താണുപിള്ള, കൊല്ലയിൽ പഞ്ചായത്ത് പ്രസിഡന്റ് നവനീത്കുമാർ, വെള്ളറട പഞ്ചായത്ത് പ്രസിഡന്റ് എം.രാജ്‌മോഹൻ, പെരുങ്കടവിള പഞ്ചായത്ത് പ്രസിഡന്റ് സുരേന്ദ്രൻ.എസ്, ജില്ലാ പഞ്ചായത്ത് അംഗം വി.എസ്.ബിനു തുടങ്ങിയവർ പങ്കെടുത്തു.

date