ക്രിയേറ്റീവ് കോര്‍ണറില്‍ വര്‍ണവിസ്മയം തീര്‍ത്ത് നിഹാരിക രാജ്
ചുറ്റും കൂടിനിന്നവര്‍ക്ക് മുമ്പില്‍ നിമിഷനേരംകൊണ്ട് മനോഹര ചിത്രങ്ങളൊരുക്കി നിഹാരിക രാജ്. എന്റെ കേരളം പ്രദര്‍ശന-വിപണന മേളയിലെ ക്രിയേറ്റീവ് കോര്‍ണറിലാണ് ഗിന്നസ് ജേതാവായ നിഹാരിക വരയുടെ വര്‍ണവിസ്മയം തീര്‍ത്തത്. പച്ചപുതച്ച ഗ്രാമവും മണ്ണില്‍ വിത്തെറിയുന്ന കര്‍ഷകനും മണ്‍പാതയും അതിലൊരു കൊച്ചുവീടുമൊക്കെ നിഹാരികയുടെ വരയില്‍ തെളിഞ്ഞു.
സംസ്ഥാന തലത്തില്‍ ഉള്‍പ്പടെ നിരവധി ചിത്രരചന മത്സരങ്ങളില്‍ അംഗീകാരങ്ങള്‍ നേടിയ മിടുക്കിയാണ് നിഹാരിക. പൊയില്‍ക്കാവ് എച്ച്എസ്എസില്‍ ഈ വര്‍ഷം പത്താം ക്ലാസിലേക്ക് വിജയിച്ച നിഹാരിക അക്രിലിക്്, വാട്ടര്‍ കളര്‍, പെന്‍സില്‍ ഡ്രോയിങ്, ഓയില്‍ പെയിന്റിങ്, ക്ലേ വര്‍ക്ക് എന്നിവയിലെല്ലാം പ്രതിഭ തെളിയിച്ചിട്ടുണ്ട്. 2023ലാണ് ഗിന്നസ് ബുക്ക് ഓഫ് റെക്കോര്‍ഡ്‌സില്‍ ഇടംപിടിച്ചത്. നിഹാരികക്ക് പുറമെ ക്രിയേറ്റീവ് കോര്‍ണറില്‍ പടിഞ്ഞാറ്റുമുറി ജിയുപിഎസിലെ കുട്ടി റേഡിയോ ജോക്കികളും കാരിക്കേച്ചര്‍ വരയുമായി കൊയിലാണ്ടി അരിക്കുളം സ്വദേശി അതുലുമുണ്ടായിരുന്നു.
വരയും പാട്ടും സംഗീതവും ഉള്‍പ്പെടെയുള്ള വ്യത്യസ്ത കഴിവുകള്‍ പ്രദര്‍ശിപ്പിക്കാന്‍ വേദിയൊരുക്കുന്ന ക്രിയേറ്റിവ് കോര്‍ണറില്‍ ഓരോ ദിവസവും വ്യത്യസ്ത മേഖലകളില്‍ കഴിവ് തെളിയിച്ച കുട്ടികളാണ് അവതരണത്തിനെത്തുന്നത്. ഇന്ന് രാവിലെ 11 മുതല്‍ കീബോര്‍ഡ്, തബല എന്നിവയുമായി റെനിലും ഹരിനന്ദും എത്തും.
- Log in to post comments