കാര്‍ഷിക മേഖലയിലെ പുതുസാധ്യതകള്‍ അവതരിപ്പിച്ച് കൃഷിവകുപ്പ് സ്റ്റാള്‍
കാര്‍ഷിക മേഖലയില്‍ പുതിയ സാങ്കേതിക വിദ്യകളും മറ്റും എങ്ങനെ ഉപയോഗപ്പെടുത്താമെന്നതിനെ കുറിച്ച് വിവരങ്ങള്‍ കൈമാറുകയാണ് എന്റെ കേരളം പ്രദര്‍ശന-വിപണന മേളയിലെ കൃഷിവകുപ്പിന്റെ സ്റ്റാള്‍. ഡിജിറ്റല്‍ അഗ്രികള്‍ച്ചര്‍ മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ പൊതുജനങ്ങള്‍ക്ക് അനുഭവിച്ചറിയാവുന്ന രീതിയിലാണ് സ്റ്റാള്‍ സജ്ജീകരിച്ചിരിക്കുന്നത്. ഡ്രോണ്‍ സംവിധാനത്തിന്റെ കൃഷിയിടത്തിലെ സാധ്യതകളെക്കുറിച്ച് കര്‍ഷകര്‍ക്കും പൊതുജനങ്ങള്‍ക്കും അവബോധം നല്‍കാനും ഡ്രോണ്‍ പ്രവര്‍ത്തനം അടുത്തറിയാനും ലൈവ് ഡെമോണ്‍സ്ട്രഷനും സ്റ്റാളിലുണ്ട്.
കൃഷി വകുപ്പിന്റെ സ്വന്തം ബ്രാന്‍ഡായ കേരളഗ്രോ ഉല്‍പന്നങ്ങളുടെയുംമില്ലറ്റ് ഉല്‍പന്നങ്ങളുടെയും പ്രദര്‍ശനവും കതിര്‍ ആപ്പ് രജിസ്‌ട്രേഷന്‍ ഹെല്‍പ് ഡെസ്‌ക്കും സ്റ്റാളിന്റെ ഭാഗമായുണ്ട്. കൃഷി വകുപ്പ് നടപ്പാക്കുന്ന വിവിധ ഫ്‌ളാഗ്ഷിപ്പ് പദ്ധതികള്‍ സംബന്ധിച്ച വിവരങ്ങളും വിളകളിലെ രോഗകീട നിയന്ത്രണം സംബന്ധിച്ച് സമഗ്ര വിവരങ്ങള്‍ ലഭ്യമാക്കുന്ന ക്രോപ്പ് ഹെല്‍ത്ത് ക്ലിനിക്കും പ്ലാന്റ് ഡോക്ടര്‍ സേവനവും ഇവിടെയുണ്ട്.
ബയോ ഫാര്‍മസി, കേരളഗ്രോ ബ്രാന്‍ഡ് ഉല്‍പന്നങ്ങളുടെയും മില്ലറ്റുകളുടെയും വിപണന സ്റ്റാളുകള്‍, അപൂര്‍വ നെല്‍വിത്തുകളുടെയും വിവിധയിനം നാളികേരങ്ങളുടെയും കാര്‍ഷിക യന്ത്രങ്ങളുടെയും ഉപകരണങ്ങളുടെയും പ്രദര്‍ശനം, കാര്‍ഷികോല്‍പന്നങ്ങള്‍ വാങ്ങുന്നതിനുള്ള സൗകര്യം എന്നിവയും സജ്ജീകരിച്ചിട്ടുണ്ട്.
കൃഷിവകുപ്പ്-ആത്മയുടെ നേതൃത്വത്തില്‍ വിവിധ ഫാര്‍മേഴ്‌സ് പ്രൊഡ്യൂസര്‍ കമ്പനികളും ഫാര്‍മര്‍ പ്രൊഡ്യൂസര്‍ ഓര്‍ഗനൈസേഷനുകളും ഒരുക്കിയപ്രദര്‍ശന സ്റ്റാളുകളാണ് മേളയിലെ മറ്റൊരു ആകര്‍ഷണം. കൊടുവള്ളി ബ്ലോക്ക് പരിധിയിലെ തുഷാര ഫാര്‍മേഴ്സ്സൊസൈറ്റിയുടെ തേനും തേന്‍ അധിഷ്ഠിത ഉല്‍പന്നങ്ങളും കാക്കൂര്‍ ബ്ലോക്ക് പരിധിയിലെ ഇന്‍സെയില്‍ അഗ്രോടെക് കൃഷിക്കൂട്ടത്തിന്റെ കൂണ്‍ അധിഷ്ഠിത ഉല്‍പന്നങ്ങളും കൂണ്‍ വിത്തുകളും വിപണനത്തിനായി ഒരുക്കിയിട്ടുണ്ട്.
- Log in to post comments