ചൂരല്‍മല ദുരന്തത്തിലെ രക്ഷാപ്രവര്‍ത്തനം പുനരാവിഷ്‌കരിച്ച് അഗ്‌നിരക്ഷ സേന
ചൂരല്‍മല ദുരന്തത്തില്‍ മുണ്ടക്കൈയില്‍ അകപ്പെട്ട കൈകുഞ്ഞിനെ കയറിലൂടെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുന്ന അഗ്‌നിരക്ഷ സേനയുടെ ചിത്രം ആരുടെയും മനസ്സില്‍നിന്ന് മാഞ്ഞിട്ടുണ്ടാവില്ല. ദുരന്തത്തില്‍ അഗ്‌നിരക്ഷാ സേന നടത്തിയ രക്ഷാപ്രവര്‍ത്തനത്തിന്റെ വര്‍ക്കിങ് മോഡല്‍ ഒരുക്കി ഒരിക്കല്‍കൂടി അന്നത്തെ ഓര്‍മകളിലേക്ക് കൂട്ടിക്കൊണ്ടുപോകുകയാണ് എന്റെ കേരളം പ്രദര്‍ശന-വിപണന മേളയിലെ അഗ്‌നിരക്ഷാ സേനയുടെ സ്റ്റാള്‍. വെള്ളാര്‍മലയും മുണ്ടക്കൈയും സെന്റിനെന്റല്‍ റോക്കും ടീ ഫാക്ടറിയും അടയാളപ്പെടുത്തിയ മോഡല്‍ രക്ഷാദൗത്യത്തില്‍ പങ്കെടുത്ത ഫയര്‍ഫോഴ്‌സ് അംഗങ്ങള്‍ തന്നെ അക്കാര്യം വിശദീകരിക്കുമ്പോള്‍ ഒരേസമയം ആകാംക്ഷയും ഭീതിയും വന്നുനിറയും.
അഗ്‌നിരക്ഷാ സേനയുടെ മറ്റു പ്രധാന രക്ഷാദൗത്യങ്ങളായ ആമഴിയഞ്ചാം തോടും ബ്രഹ്‌മപുരവും പ്രളയ കാലത്തെ പ്രവര്‍ത്തനങ്ങളും സ്റ്റാളില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. സ്‌കൂബ ഡൈവിങ്, തീയില്‍നിന്ന് രക്ഷ നേടുന്നതിനുള്ള പ്രത്യേക വസ്ത്രം, റിമോട്ട് കൊണ്ട് നിയന്ത്രിക്കുന്ന വെള്ളത്തിനടിയില്‍ പോകുന്ന പ്രത്യേക വാഹനം എന്നിവയെല്ലാം പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.
സ്വയം പ്രതിരോധത്തിന്റെ പാടങ്ങള്‍ പകര്‍ന്ന് പോലീസ്
അതിക്രമങ്ങള്‍ക്കെതിരായ സ്വയം പ്രതിരോധത്തിന്റെ പാടങ്ങള്‍ പകര്‍ന്നുനല്‍കുകയാണ് പോലീസ് വകുപ്പിന്റെ സ്റ്റാളില്‍. സുരക്ഷിതമായ ഡിജിറ്റല്‍ യുഗത്തിലേക്ക്കൂടി സ്വാഗതം ചെയ്യുന്നുണ്ട് പോലീസ്. പോളിഫൈന്‍ഡ്, ജി മെയിലിന്റെ സുരക്ഷ, നമുക്ക് എത്ര ഫോണ്‍ നമ്പറുകള്‍ ഉണ്ടെന്നത് കണ്ടെത്തല്‍, എമര്‍ജന്‍സി നമ്പറുകള്‍, ചാറ്റ് ബോട്ട് എന്നീ സൗകര്യങ്ങളും ക്യു ആര്‍ കോഡ് വഴി ഒരുക്കിയിട്ടുണ്ട് സ്റ്റാളില്‍.
തൂക്കുമരവും ലോക്കപ്പുമൊരുക്കി ജയില്‍ വകുപ്പ്
ജയിലിലെ ലോക്കപ്പും തൂക്കുമരവും സിനിമകളില്‍ മാത്രം കണ്ടവര്‍ക്ക് നേരിട്ട് കാണാനുള്ള അവസരമാണ് എന്റെ കേരളം പ്രദര്‍ശന മേളയില്‍ ജയില്‍ വകുപ്പ് ഒരുക്കിയിരിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്റെയടക്കം പ്രമുഖരുടെ ജയില്‍ രേഖകളും സന്ദര്‍ശക രജിസ്റ്ററിലെ വിവരങ്ങളും പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.
പാമ്പ് മുതല്‍ ആനയെ വരെ പിടിക്കാം
കാടിറങ്ങി വരുന്ന ആനയെ തടയാനുള്ള ഹാങ്ങിങ് ഫെന്‍സിങ് സംവിധാനവും പാമ്പ്, കുരങ്ങന്‍, മുള്ളന്‍പന്നി തുടങ്ങിയ ജീവികളെ പിടിക്കാനുള്ള ഉപകരണങ്ങളുമെല്ലാം ഒരുക്കിയിട്ടുണ്ട് വനം വകുപ്പിന്റെ സ്റ്റാളില്‍. സോളാര്‍ സെന്‍സറിങ് കാമറകളും സുരക്ഷ കവചവും ഇവിടെയുണ്ട്. വേങ്ങ, തേക്ക്, രക്തചന്ദനം തുടങ്ങിയ വൃക്ഷങ്ങളും പൊതുജനങ്ങള്‍ക്ക് പരിചയപ്പെടുത്തുന്നുണ്ടിവിടെ.
ലഹരിക്കെതിരെ പ്രതിരോധവുമായി എക്സൈസ് വകുപ്പ്
മാതൃത്വം, ലഹരിക്കെണി, ഡിപ്രഷന്‍, കിരാതം, ജീവിതമാണ് ലഹരി എന്നിവയെ അടിസ്ഥാനമാക്കിയ കലാ സൃഷ്ടികളാണ് എക്‌സൈസ് വകുപ്പിന്റെ പ്രദര്‍ശന സ്റ്റാളില്‍ ഉള്ളത്. വിമുക്തി ലഹരിവിരുദ്ധ ക്വിസ്, ലഹരിക്കെതിരെ കൈയൊപ്പ് ശേഖരണം എന്നിവയുമുണ്ട്.
റോഡ് സുരക്ഷ മാര്‍ഗങ്ങളുടെ ബോധവത്കരണ വീഡിയോയും ഇ ചലാന്‍ വഴി പിഴയടക്കാനുള്ള സംവിധാനങ്ങളുമായാണ് മോട്ടോര്‍ വാഹന വകുപ്പ് പ്രദര്‍ശന മേളയില്‍ തയാറാക്കിയിരിക്കുന്നത്.
- Log in to post comments