Skip to main content

സർക്കാർ ആശുപത്രികളിൽ ക്യൂ നിന്ന് വിഷമിക്കേണ്ട; ഇ ഹെൽത്ത് സേവനങ്ങൾക്കുള്ള സഹായം ഒരുക്കി ആരോഗ്യവകുപ്പ് സ്റ്റാൾ

സർക്കാർ ആശുപത്രികളിൽ പോയി ഇപ്പോഴും മണിക്കൂറുകൾ ക്യൂ നിന്ന് ടോക്കൺ എടുത്താണോ ഡോക്ടറെ കാണുന്നത് ? എങ്കിൽ അല്പസമയം കണ്ടെത്തി ആലപ്പുഴ ബീച്ചിൽ നടക്കുന്ന എന്റെ കേരളം പ്രദർശന വിപണമേള ഉറപ്പായും  സന്ദർശിക്കണം.  

 മേളയിലെ ആരോഗ്യവകുപ്പ് ഒരുക്കിയിരിക്കുന്ന സ്റ്റാളിലാണ് സർക്കാർ ആശുപത്രികളിൽ ചികിത്സ തേടുന്നവർക്ക് ഏറ്റവും ഉപകാരപ്രദമായ ഇ ഹെൽത്ത് സേവനം പ്രയോജനപ്പെടുത്തുന്നതിന് വേണ്ടിയുള്ള സഹായങ്ങൾ  ലഭ്യമാക്കിയിരിക്കുന്നത്. ആധാർ കാർഡും അതുമായി ബന്ധിപ്പിച്ചിരിക്കുന്ന മൊബൈൽ ഫോണുമായി ഇവിടെ എത്തിയാൽ  തികച്ചും സൗജന്യമായി ഞൊടിയിടയിൽ  യു.എച്ച്.ഐ.ഡി 
കാർഡ് ലഭിക്കും. ഈ കാർഡിലെ ഐഡന്റിഫിക്കേഷൻ നമ്പർ ഉപയോഗിച്ച് വളരെ അനായാസം വീട്ടിലിരുന്നുകൊണ്ടുതന്നെ  മൊബൈലിൽ സർക്കാർ ആശുപത്രിയിലെ ഒ.പി ടിക്കറ്റുകൾ ആവശ്യമുള്ള തീയതിയും സമയവും ക്രമീകരിച്ച്  എടുക്കുവാനാകും. ശേഷം ഇതുമായി ആശുപത്രികളിൽ എത്തി ക്യൂ നിൽക്കാതെ ഡോക്ടറെ കണ്ടു മടങ്ങാം. ഓൺലൈനായി ഒ.പി ടിക്കറ്റ് ബുക്ക് ചെയ്യാനുള്ള നടപടികളും ഇവിടെ നിന്ന് പഠിക്കാം. 
  ഇ ഹെല്‍ത്ത് പോര്‍ട്ടല്‍ https://ehealth.kerala.gov.in  വഴിയും എം-ഇഹെല്‍ത്ത് ആപ്പ് - https://play.google.com/store/apps/details?id=in.gov.kerala.ehealth.mhealth വഴിയും ഓൺലൈൻ ഒപി ടിക്കറ്റ് ബുക്ക് ചെയ്യാം.  നൂറുകണക്കിന് സന്ദർശകരാണ് മേളയിലെ ഹെൽത്ത് കാർഡ് സൗകര്യം ഇതിനോടകം പ്രയോജനപ്പെടുത്തിയത്.

ജില്ലയിലെ മെഡിക്കൽ കോളേജ്, ജില്ലാ ആശുപത്രി ഉൾപ്പെടെ 44 ആശുപത്രികളിൽ ഈ ഹെൽത്ത് സേവനം ഇപ്പോൾ ലഭ്യമാണ്. ബാക്കിയുള്ള സ്ഥലങ്ങളിൽ ഇ ഹെൽത്ത് സ്ഥാപിക്കുന്നതിനുള്ള നടപടികളും വളരെവേഗം പുരോഗമിക്കുകയാണ്.

ഡിജിറ്റൽ മിഷന്റെ ഭാഗമായി സർക്കാർ ആശുപത്രികളിൽ  ഇ ഹെൽത്ത് സേവനം നിലവിൽ വന്നിട്ട് അല്പം നാളുകൾ കഴിഞ്ഞെങ്കിലും  ഇന്നും നമ്മുടെ നാട്ടിലെ ഭൂരിഭാഗം ആളുകൾക്കും ഈ സേവനം പ്രയോജനപ്പെടുത്താൻ അറിയില്ല അതിന്റെ പശ്ചാത്തലത്തിലാണ് ആരോഗ്യവകുപ്പിന്റെ ഈ നടപടി.

 ആരോഗ്യവകുപ്പിന്റെ മൂന്ന് സ്റ്റാളുകളാണ് എന്റെ കേരളം പ്രദർശന വിപണമേളയിൽ പ്രവർത്തിക്കുന്നത്. രക്തസമ്മർദ്ദം, ശാരീരികത ക്ഷമത  പരിശോധന, ഡയറ്റീഷ്യന്റെ സേവനം, വിവിധ രോഗങ്ങളെ കുറിച്ചും  അവയവദാനത്തെക്കുറിച്ചുള്ള ബോധവൽക്കരണം, ഫോട്ടോ പോയിന്റ് തുടങ്ങിയ സേവനങ്ങൾ ഈ സ്റ്റാളുകളിൽ ലഭ്യമാണ്. ക്വസ്റ്റിൻ വീൽ, പസിൽ ഗെയിം  എന്നിവയും ഉണ്ട്. ഇതിൽ പങ്കെടുത്ത് വിജയിക്കുന്നവർക്ക് സമ്മാനങ്ങളും നൽകും.

date