കീബോഡിലും തബലയിലും വിസ്മയിപ്പിച്ച് ഹരിനന്ദും റമിന്‍ റഷീദും
എന്റെ കേരളം പ്രദര്‍ശന-വിപണന മേളയില്‍ സംഗീതോപകരണങ്ങള്‍കൊണ്ട് വിസ്മയിപ്പിച്ച് പി ഹരിനന്ദും റമിന്‍ റഷീദും. മേളയിലെ ക്രിയേറ്റീവ് കോര്‍ണറിലാണ് കീബോഡും തബലയും കൊണ്ട് ഏഴാം ക്ലാസുകാര്‍ കാണികളെ കൈയിലെടുത്തത്. വില്യംസ് സിന്‍ഡ്രോം രോഗത്തെ വെല്ലുവിളിച്ചാണ് ഈ കൊച്ചുമിടുക്കന്മാര്‍ മേളയിലെ താരങ്ങളായത്.
സമഗ്ര ശിക്ഷാ കോഴിക്കോടിന്റെ 'മല്‍ഹാര്‍ പാട്ട്കൂട്ടം' ട്രൂപ്പിലെ അംഗങ്ങളായ ഇവര്‍ സ്‌പെഷ്യല്‍ സ്‌കൂള്‍ കലോത്സവത്തില്‍ ജില്ലയെ പ്രതിനിധീകരിച്ച് തിളക്കമാര്‍ന്ന വിജയം കൈവരിച്ചവരാണ്. തബല, കീബോഡ് എന്നിവക്കൊപ്പം ലളിതഗാനത്തിലും മികവറിയിച്ചിട്ടുണ്ട്. ഹരിനന്ദ് മുതുവന എയുപി സ്‌കൂളിലെയും റമിന്‍ റഷീദ് മണിയൂര്‍ യു പി സ്‌കൂളിലെയും വിദ്യാര്‍ത്ഥികളാണ്.
വരയും പാട്ടും സംഗീതവും ഉള്‍പ്പെടെ വ്യത്യസ്ത കഴിവുകള്‍ പ്രദര്‍ശിപ്പിക്കുന്നതിനുള്ള വേദിയൊരുക്കുന്ന ക്രിയേറ്റിവിറ്റി കോര്‍ണറില്‍ ഓരോ ദിവസവും വ്യത്യസ്ത മേഖലകളില്‍ കഴിവ് തെളിയിച്ച കുട്ടികളാണ് പരിപാടികള്‍ അവതരിപ്പിക്കാനെത്തുന്നത്.
- Log in to post comments