Skip to main content

അറിയിപ്പുകള്‍

ഗതാഗതം നിരോധിച്ചു

കുറ്റ്യാടി-വലകെട്ട്-കൈപ്രം കടവ് റോഡ് പ്രവൃത്തി നടക്കുന്നതിനാല്‍ ഇന്ന് (മെയ് 08) മുതല്‍ പ്രവൃത്തി തീരുന്നത് വരെ കേളോത്ത്മുക്ക് മുതല്‍ മില്ല്മുക്ക് വഴി ഊരത്ത് വരെ ഗതാഗതം നിരോധിച്ചതായി അസി. എഞ്ചിനീയര്‍ അറിയിച്ചു. ബദല്‍ സംവിധാനമായി കേളോത്ത്മുക്ക് ചെറുകുന്ന് ഊരത്ത് റോഡും മറ്റ് ബദല്‍ റോഡുകളും ഉപയോഗിക്കണം. 

പഠനകിറ്റ് വിതരണം: അപേക്ഷ ക്ഷണിച്ചു 

സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളില്‍ 2025-26 അധ്യയന വര്‍ഷം ഒന്ന് മുതല്‍ ഏഴ് വരെ ക്ലാസുകളില്‍ പഠിക്കുന്ന കേരള ഓട്ടോമൊബൈല്‍ വര്‍ക്ഷോപ്പ് തൊഴിലാളി ക്ഷേമനിധി പദ്ധതിയില്‍ സജീവാംഗങ്ങളായ തൊഴിലാളികളുടെ കുട്ടികള്‍ക്ക് സൗജന്യ പഠനകിറ്റിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തീയതി മെയ് 13. അപേക്ഷാ ഫോമുകളും വിശദാംശങ്ങളും ജില്ലാ ഓഫീസുകളില്‍നിന്ന് നേരിട്ടും ംംം.സാംേംളയ.ീൃഴ ല്‍നിന്നും ലഭിക്കുമെന്ന് ജില്ലാ എക്സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0495 2767213.

കുടിശ്ശിക അടക്കല്‍: തീയതി നീട്ടി

കേരളാ മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി പദ്ധതി അംഗങ്ങള്‍ക്ക് നിബന്ധനകള്‍ക്ക് വിധേയമായി അവസാന മൂന്ന് വര്‍ഷത്തെ (കോവിഡ് കാലയളവ് ഒഴികെ) കുടിശ്ശിക 9 ശതമാനം പലിശയോടെ അടക്കുന്നതിനുള്ള അവസാന തീയതി മെയ് 31 വരെ ദീര്‍ഘിപ്പിച്ചതായി ജില്ലാ എക്സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0495 2767213.

 

സര്‍ട്ടിഫിക്കറ്റ് വിതരണം

വില്ല്യാപ്പള്ളി ഗ്രാമപഞ്ചായത്തില്‍ സാക്ഷരതാമിഷന്‍ മുഖേന നടപ്പാക്കിയ ന്യൂ ഇന്ത്യാ ലിറ്ററസി പ്രോഗ്രാമിന്റെ ആദ്യഘട്ട പഠനം പൂര്‍ത്തിയാക്കിയവര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് വിതരണം പ്രസിഡന്റ് കെ കെ ബിജുള നിര്‍വഹിച്ചു. വൈസ് പ്രസിഡന്റ് പി കെ മുരളി അധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ സ്ഥിരം സമിതി ചെയര്‍പേഴ്സണ്‍ കെ സുബിഷ, മെമ്പര്‍ നസീമ തട്ടാക്കുനിയില്‍, ജില്ലാ സാക്ഷരതാ മിഷന്‍ കോഓഡിനേറ്റര്‍ പി വി ശാസ്തപ്രസാദ്, പ്രേരക് ബിന്ദു, ഇന്‍സ്ട്രക്ടര്‍ കെ സി രമ്യ, കെ കെ മനോജന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

ടെന്‍ഡര്‍ ക്ഷണിച്ചു

കോഴിക്കോട് തുറമുഖ പരിധിയിലെ ഗാന്ധിറോഡ് ജങ്ഷന് എതിര്‍വശത്തെ ബീച്ചില്‍ 20 സെന്റ് സ്ഥലത്ത് ആറ്  മാസത്തേക്ക് വാഹന പാര്‍ക്കിങ് ഫീസ് പിരിച്ചെടുക്കുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു. മെയ് 14ന് ഉച്ചക്ക് 12 വരെ കോഴിക്കോട് പോര്‍ട്ട് ഓഫീസറുടെ ബേപ്പൂരിലുള്ള ഓഫീസില്‍ ടെന്‍ഡര്‍ സ്വീകരിക്കും. ഫോണ്‍: 0495 2414863, 2767709.

നൈപുണ്യ വികസനകേന്ദ്രം ആരംഭിച്ചു

യുവതയുടെ തൊഴില്‍ വൈദഗ്ധ്യം വളര്‍ത്തുന്നതിനായി പൊതുവിദ്യാഭ്യാസ വകുപ്പ് വണ്ടൂര്‍ ഗവ. ഗേള്‍സ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നൈപുണ്യ വികസന കേന്ദ്രം ആരംഭിച്ചു. കോസ്‌മെറ്റോളജി, ബേക്കിങ് ടെക്‌നീഷ്യന്‍ കോഴ്സുകളിലാണ് പ്രവേശനം. 2025-26 ബാച്ചിലേക്ക് മെയ് 15 വരെ അപേക്ഷിക്കാം.
ഒരു വര്‍ഷത്തെ കോഴ്സില്‍ 25 പേര്‍ വീതമുള്ള രണ്ട് ബാച്ച് ഉണ്ടാകും. 23 വയസ്സില്‍ താഴെയുള്ളവര്‍ക്കാണ് പ്രവേശനം. എസ് സി/എസ് ടി വിദ്യാര്‍ത്ഥികള്‍ക്ക് നിയമാനുസൃത ഇളവ് ഉണ്ടാകും. പത്താം ക്ലാസ് പാസ്സായവര്‍ക്ക് അപേക്ഷ സമര്‍പ്പിക്കാം. സര്‍ക്കാര്‍ മാര്‍ഗനിര്‍ദേശങ്ങള്‍ക്കനുസരിച്ച് പ്രവേശനം സൗജന്യമായിയിരിക്കും. ഫോണ്‍: 9745645295.

ഗതാഗതം നിരോധിച്ചു

കക്കോടി-പുതിയങ്ങാടി റോഡില്‍ തണ്ണീര്‍പന്തല്‍ മുതല്‍ മാളിക്കടവ് വരെ ടാറിങ് തുടങ്ങിയതിനാല്‍ പ്രവൃത്തി തീരുന്നത് വരെ ഗതാഗതം നിരോധിച്ചതായി എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. വാഹനങ്ങള്‍ വേങ്ങേരി ബെപാസ് വഴിയും തിരിച്ചും പോകണം.

സ്‌കില്‍ ഡവലപ്മെന്റ് സെന്ററുകളിലേക്ക് അപേക്ഷിക്കാം

സ്‌കില്‍ ഡവലപ്മെന്റ് സെന്ററുകള്‍ ആരംഭിക്കുന്ന ജില്ലയിലെ 22 സ്‌കൂളുകളില്‍ ഇന്ന് (മെയ് 8) മുതല്‍ 15 വരെ അപേക്ഷ സ്വീകരിക്കും. എസ്ഡിസികള്‍ ആരംഭിക്കുന്ന സ്‌കൂളുകളില്‍നിന്ന് അപേക്ഷാ ഫോറങ്ങള്‍ സൗജന്യമായി ലഭിക്കും. 16, 17 തിയതികളില്‍ അഭിമുഖം നടത്തി 19ന് റാങ്ക്‌ലിസ്റ്റ് പ്രസിദ്ധീകരിക്കുകയും 21ന് ക്ലാസ് തുടങ്ങുകയും ചെയ്യും.
ഹയര്‍സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറികളില്‍ പഠിക്കുന്നവര്‍, ഔട്ട് ഓഫ് സ്‌കൂള്‍ വിദ്യാര്‍ഥികള്‍, സ്‌കോള്‍ കേരളയില്‍ രജിസ്റ്റര്‍ ചെയ്തവര്‍, ഈ വര്‍ഷം പത്താംക്ലാസ് പൂര്‍ത്തിയാക്കിയവര്‍ തുടങ്ങി 15 മുതല്‍ 23 വയസ്സ് വരെ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം.  
കുട്ടികളുടെ അഭിരുചിക്കും തൊഴില്‍ സാധ്യതക്കും അനുഗുണമായ വൈദഗ്ധ്യം നല്‍കുക എന്ന ലക്ഷ്യത്തോടെ പൊതുവിദ്യാഭ്യാസ വകുപ്പ്, സമഗ്രശിക്ഷാ കേരള വഴി നടപ്പാക്കുന്ന പദ്ധതിയാണ് സ്‌കില്‍ ഡെവലപ്മെന്റ് സെന്ററുകള്‍. 
നൂറിലധികം രാജ്യങ്ങളില്‍ അംഗീകാരമുള്ള എന്‍എസ്‌ക്യുഎഫ് സര്‍ട്ടിഫിക്കറ്റാണ് വിജയകരമായി കോഴ്സ് പൂര്‍ത്തിയാക്കുന്നവര്‍ക്ക് ലഭിക്കുകയെന്ന് സമഗ്ര ശിക്ഷാ ജില്ലാ പ്രോജക്ട് കോഓഡിനേറ്റര്‍ ഡോ. എ കെ അബ്ദുല്‍ ഹക്കീം അറിയിച്ചു. ഫോണ്‍: 0495 2961441.

date