Skip to main content
കോഴിക്കോട് കോർപ്പറേഷനിൽ നടത്തിയ  സിവിൽ ഡിഫൻസ് മോക് ഡ്രില്ലിൽ നിന്ന്

അടിയന്തര സാഹചര്യങ്ങള്‍ നേരിടാന്‍ സജ്ജം; സിവില്‍ ഡിഫന്‍സ് മോക്ഡ്രില്‍ നടത്തി

 

അടിയന്തര സാഹചര്യങ്ങള്‍ നേരിടാനുള്ള സംവിധാനങ്ങളുടെ കാര്യക്ഷമത ഉറപ്പുവരുത്തുന്നതിനായി രാജ്യവ്യാപകമായി നടന്ന സിവില്‍ ഡിഫന്‍സ് മോക്ഡ്രില്‍ ജില്ലയിലും മികച്ച രീതിയില്‍ സംഘടിപ്പിച്ചു. ഇന്നലെ വൈകിട്ട് നാല് മണിക്ക് ആരംഭിച്ച മോക്ഡ്രില്ലിന്റെ ഭാഗമായി ജനങ്ങള്‍ വീടുകളിലും സ്ഥാപനങ്ങളിലും അരമണിക്കൂര്‍ നേരം അടച്ചിരുന്നു. ആളുകള്‍ പുറത്തിറങ്ങാതിരിക്കണമെന്നും വെളിച്ചം പുറത്തുകാണാത്ത വിധം വാതിലുകള്‍ അടയ്ക്കുകയും ജനലുകള്‍ മറയ്ക്കുകയും ചെയ്യണമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിര്‍ദ്ദേശമുണ്ടായിരുന്നു. 
ബ്ലാക്കൗട്ടിന്റെ ഭാഗമായി തദ്ദേശ സ്ഥാപന വാര്‍ഡ് തലത്തില്‍ പ്രത്യേക ക്രമീകരണങ്ങള്‍ വരുത്തുന്നതിന് മോക്ക് ഡ്രില്‍ വാര്‍ഡന്മാരെ നിയോഗിച്ചിരുന്നു. ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ വൈകിട്ട് മൂന്നു മണിക്ക് അപകട സൂചന നല്‍കിക്കൊണ്ട് മൂന്നുതവണ സൈറണ്‍ മുഴങ്ങിയതിനു ശേഷമാണ് ബ്ലാക്കൗട്ട് നടപടികള്‍ കൈക്കൊണ്ടത്. ഇതിന്റെ ഭാഗമായി ജില്ലയുടെ പ്രധാന കേന്ദ്രങ്ങളില്‍ പോലിസിന്റെയും തദ്ദേശ സ്ഥാപനങ്ങളുടെയും നേതൃത്വത്തില്‍ അനൗണ്‍സ്മെന്റുകളും നടത്തിയിരുന്നു. 
അടിയന്തര സാഹചര്യങ്ങളുടെ കാര്യക്ഷമത ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി ഫറോക്ക് ഐഒസിഎല്‍, എലത്തൂര്‍ ബിപിസിഎല്‍, ഹൈലൈറ്റ് മാള്‍, ലുലു മാള്‍, മുക്കം ബസ് സ്റ്റാന്റ് പരിസരം, കക്കയം ഡാം എന്നിവിടങ്ങളില്‍ പ്രത്യേക സുരക്ഷാ ഡ്രില്ലുകളും സംഘടിപ്പിച്ചു. എണ്ണച്ചോര്‍ച്ചയെ തുടര്‍ന്നുള്ള തീപ്പിടിത്തത്തെ നേരിടല്‍, തകര്‍ന്ന കെട്ടിടത്തില്‍ നിന്ന് ആളുകളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റല്‍, അടിയന്തര സാഹചര്യങ്ങള്‍ നേരിടുന്നതിന് താല്‍ക്കാലിക ആശുപത്രികള്‍ സ്ഥാപിക്കല്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങളാണ് വിവിധ കേന്ദ്രങ്ങളിലായി നടന്നത്. പോലിസ്, ഫയര്‍ഫോഴ്സ്, എന്‍സിസി കേഡറ്റുകള്‍ തുടങ്ങിയവര്‍ മോക്ക്ഡ്രില്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി. 

ഇന്നലെ രാവിലെ തന്നെ ജില്ലാ കലക്ടര്‍ സ്നേഹില്‍ കുമാര്‍ സിംഗിന്റെ നേതൃത്വത്തില്‍ പോലിസ്, ഫയര്‍ ഫോഴ്സ്, തദ്ദേശ സ്വയംഭരണം, ആരോഗ്യം, റവന്യൂ, കെഎസ്ഇബി, ഇറിഗേഷന്‍ തുടങ്ങിയ വകുപ്പുകളുടെ യോഗം ചേര്‍ന്ന് മോക്ക്ഡ്രില്ലിന് ആവശ്യമായ തയ്യാറെടുപ്പുകള്‍ നടത്തിയിരുന്നു. തുടര്‍ന്ന് ഡിസ്ട്രിക്ട് എമര്‍ജന്‍സി ഓപ്പറേഷന്‍ സെന്റര്‍ (ഡിഇഒസി) വഴി ബന്ധപ്പെട്ടവര്‍ക്ക് ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും നടപടികള്‍ വിലയിരുത്തുകയും ചെയ്തു. റൂറല്‍ എസ്പി കെ ഇ ബൈജു, സബ് കലക്ടര്‍ ഹര്‍ഷില്‍ ആര്‍ മീണ, ഡിസിപി അരുണ്‍ കെ പവിത്രന്‍, ദുരന്ത നിവാരണ വിഭാഗം ഡെപ്യൂട്ടി കലക്ടര്‍ ഇ അനിത കുമാരി തുടങ്ങിയവര്‍ യോഗത്തില്‍ സംബന്ധിച്ചു.

date