വികസന പദ്ധതികള്‍ സമയബന്ധിതമാക്കുന്ന തീരുമാനങ്ങളുമായി മേഖലാതല അവലോകന യോഗം
തൃശൂര്‍, മലപ്പുറം, പാലക്കാട് ജില്ലകളിലെ വിവിധ വികസന പദ്ധതികള്‍ക്ക് ഗതിവേഗം പകര്‍ന്ന് സമയബന്ധിതമാക്കുന്ന സുപ്രധാന തീരുമാനങ്ങളുമായി മുഖ്യമന്ത്രി പിണറായി വിജയന്റെയും മന്ത്രിമാരുടെയും നേതൃത്വത്തില്‍ പാലക്കാട് നടന്ന മേഖലാതല അവലോകന യോഗം. വിവിധ കാരണങ്ങളാല്‍ വര്‍ഷങ്ങളായി മുടങ്ങിക്കിടന്ന പദ്ധതികളുടെ കുരുക്കഴിക്കാനും നിലവില്‍ പുരോഗമിക്കുന്ന വികസന-ക്ഷേമ പദ്ധതികളുടെ വേഗം കൂട്ടാനും ആവശ്യമായ തീരുമാനങ്ങളും നടപടികളുമാണ് യോഗത്തിലുണ്ടായത്.
ജില്ലയിലെ 19 പ്രധാനപ്പെട്ട വിഷയങ്ങള്‍ യോഗത്തില്‍ ചര്‍ച്ചചെയ്തു.പാലക്കാട് ജില്ലയില്‍ പട്ടാമ്പി-തൃത്താല നിയോജകമണ്ഡലത്തിലെ കൃഷിക്കാര്‍ക്ക് സൗകര്യപ്രദമായ പട്ടാമ്പി തടയണ നിര്‍മ്മാണം നവംബര്‍ മാസത്തോടെ പൂര്‍ത്തീകരിക്കും.ഭാരതപ്പുഴയില്‍ 32.50 കോടി രൂപ ചെലവില്‍ നിര്‍മ്മിക്കുന്ന പദ്ധതിയുടെ 80 ശതമാനം പ്രവര്‍ത്തി പൂര്‍ത്തീകരിച്ചിട്ടുണ്ട്. ഇടതു വലതു കരയിലുള്ള റീറ്റെയ്നിങ് വാള്‍ന്റെ നിര്‍മ്മാണവും ബ്ലോക്ക് അപ്രോണ്‍ന്റെ നിര്‍മ്മാണവും പുരോഗമിക്കുന്നു.
കുറ്റിപ്പുറം തൃത്താല പട്ടാമ്പി റോഡ് നവീകരണവുമായി ബന്ധപ്പെട്ട് സ്ഥലം ഏറ്റെടുപ്പ് നടപടികള്‍ വേഗത്തിലാക്കുന്നതിന് ജോയിന്റ് ഇന്‍സ്പെക്ഷന്‍ ഈ മാസം നടത്താനും യോഗത്തില്‍ തീരുമാനമായി.ഭൂമി ഏറ്റെടുക്കലുമായി അലൈന്‍മെന്റ് കല്ലുകള്‍ സ്ഥാപിക്കുന്ന പ്രവര്‍ത്തി പൂര്‍ത്തീകരിച്ചിട്ടുണ്ട്.
കൂമന്‍ തോട് ഭാഗത്ത് സംരക്ഷണഭിത്തി നിര്‍മ്മാണവുമായി ബന്ധപ്പെട്ട് അധികമായി വേണ്ടിവരുന്ന ഭൂമിയില്‍ കൂടി കല്ലിട്ട് ഉള്‍പ്പെടുത്തിയ സ്‌കെച്ച് മെയ് 10നകം അന്തിമമായി തയ്യാറാക്കുമെന്നും ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ യോഗത്തെ അറിയിച്ചു.
കൂറ്റനാട് ടൗണ്‍ നവീകരണവുമായി ബന്ധപ്പെട്ട് സ്ഥലം ഏറ്റെടുക്കുന്ന നടപടികളും വേഗത്തിലാക്കും.നാഗലശ്ശേരി, പട്ടിത്തറ വില്ലേജുകളില്‍ നിന്നായി ഏകദേശം 35 സെന്റ് ഭൂമി ഏറ്റെടുക്കണം.വാണിയംകുളം മായന്നൂര്‍ റെയില്‍വേ സ്റ്റേഷന്‍ റോഡ് പിഡബ്ല്യുഡി റോഡ് വിഭാഗം രണ്ടാം റീച്ച് പ്രവൃത്തിയില്‍ പുതുക്കിയ സ്റ്റാറ്റസ് ഈ മാസം നല്‍കും.
അട്ടപ്പാടി ട്രൈബല്‍ താലൂക്കില്‍ വിവിധ സര്‍വ്വേ നടപടികള്‍ ത്വരിതപ്പെടുത്തുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ സര്‍വ്വേ ആന്‍ഡ് ലാന്‍ഡ് റെക്കോര്‍ഡ്സ് ഡയറക്ടറോട് നിര്‍ദ്ദേശിച്ചു.സര്‍വ്വേ ജോലികള്‍ക്ക് ആവശ്യമായ സര്‍വേയര്‍മാരെ വിന്യസിക്കാന്‍ പാലക്കാട് സര്‍വ്വേ ഡെപ്യൂട്ടി ഡയറക്ടര്‍ക്കും നിര്‍ദ്ദേശം നല്‍കി.കിഴക്കഞ്ചേരി 2 വില്ലേജിലെ യു.ടി.ടി കമ്പനിയില്‍ നിന്നും സര്‍ക്കാര്‍ ഏറ്റെടുത്ത മിച്ചഭൂമിയിലെ താമസക്കാര്‍ക്ക് നല്‍കാന്‍ തീരുമാനിച്ച പട്ടയം നല്‍കുന്നതിനായി ഡിജിറ്റല്‍ സര്‍വേ വേഗത്തിലാക്കാനും യോഗത്തില്‍ തീരുമാനിച്ചു.
ഷോര്‍ണൂരില്‍ ബഹുനില വ്യവസായ സമുച്ചയമായ ഗാല പദ്ധതി ആരംഭിക്കുന്നതിന് വ്യവസായ സ്റ്റേറ്റിന്റെ ഡിസൈന്‍,ഡ്രോയിങ് എന്നിവ എത്രയും പെട്ടെന്ന് കിറ്റ്കോ തയ്യാറാക്കി നല്‍കും.ഒറ്റപ്പാലം കോടതി സമുച്ചയ നിര്‍മ്മാണം ദ്രുതഗതിയില്‍ ആരംഭിക്കുന്നതിനുള്ള നടപടി സ്വീകരിക്കുന്നതിന് നബാര്‍ഡുമായി ചര്‍ച്ച ചെയ്യാന്‍ യോഗത്തില്‍ തീരുമാനമായി.പട്ടാമ്പി റവന്യൂ ടവര്‍ നിര്‍മ്മിക്കുന്നതിന് സാങ്കേതികാനുമതി ലഭ്യമായതിനാല്‍ ടെണ്ടര്‍ നടപടികള്‍ ഉടന്‍ സ്വീകരിക്കും.
പാപ്കോസ് ആധുനിക റൈസ് മില്‍ കണ്ണമ്പ്ര പദ്ധതി പ്രദേശത്തിലേക്കുള്ള വഴിയും ആര്‍.ഐ.ഡി.എഫ് വായ്പയും ലഭ്യമാക്കുന്ന വിഷയം ഗൗരവമായി കാണണമെന്ന് മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു.പട്ടികവര്‍ഗ്ഗ വികസന ഓഫീസിന് കീഴില്‍ വരുന്ന മലമ്പുഴ ആശ്രമം സ്‌കൂളിന് കളിസ്ഥലം ലഭ്യമാക്കുന്നതിന് എന്‍.ഒ സി നല്‍കാനും യോഗത്തില്‍ തീരുമാനമായി.
സര്‍ക്കാരിന്റെ മുന്‍ഗണന പദ്ധതികളുടെ അവലോകനവും യോഗത്തില്‍ നടന്നു
ലൈഫ് പദ്ധതി പ്രകാരം പാലക്കാട് ജില്ലയില്‍ ഇതിനോടകം 49,257 വീടുകള്‍ പൂര്‍ത്തീകരിച്ചു.അടുത്ത മൂന്നു മാസത്തിനകം 49,693 വീടുകളായി ഉയര്‍ത്തും. തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതി പ്രകാരം 262 റോഡുകളില്‍ 134 റോഡുകള്‍ക്കാണ് കരാര്‍ നല്‍കിയത്. 97 റോഡുകളുടെ നിര്‍മ്മാണം ആരംഭിച്ചു. മൂന്ന് മാസത്തിനകം റോഡ് നിര്‍മ്മാണം നൂറ് ശതമാനത്തിലെത്തിക്കും. അതിദാരിദ്ര്യ നിര്‍മ്മാണ യജ്ഞത്തിന്റെ ഭാഗമായി കണ്ടെത്തിയ 6443 പേരില്‍ 5009 പേരെ മുക്തരാക്കാന്‍ ജില്ലയില്‍കഴിഞ്ഞു. അടുത്ത മൂന്ന് മാസത്തിനുള്ളില്‍ അതിദാരിദ്ര്യ നിര്‍മ്മാണ യജ്ഞത്തില്‍ നൂറ് ശതമാനം നേട്ടം കൈവരിക്കാന്‍ കഴിയും.
ആര്‍ദ്രം പദ്ധതിയില്‍ തെരത്തെടുത്ത 79 കുടുംബാരോഗ്യ കേന്ദ്രങ്ങളില്‍ 62 എണ്ണം പൂര്‍ത്തീകരിച്ചു. മൂന്നുമാസത്തിനകം72 എണ്ണം പൂര്‍ത്തീകരിക്കും. ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രത്തില്‍ തെരഞ്ഞെടുത്ത 14 സ്ഥാപനങ്ങളില്‍ നിന്ന് എട്ടെണ്ണം പൂര്‍ത്തീകരിച്ചു.ആഗസ്റ്റ് മാസത്തോടെ 11 എണ്ണം പൂര്‍ത്തീകരിക്കും. തെരഞ്ഞെടുത്ത 2 പ്രധാന ആശുപത്രികളില്‍ ഒരെണ്ണം പൂര്‍ത്തീകരിച്ചു.ഓഗസ്റ്റോടെ അടുത്തതും പൂര്‍ത്തീകരിക്കും.
വിദ്യാകിരണം പദ്ധതി പ്രകാരം കിഫ്ബിയുടെ സഹായത്തോടെ ഭൗതിക സൗകര്യ വികസനത്തിന് തെരഞ്ഞെടുത്ത 89 വിദ്യാലയങ്ങളില്‍ 49 പൂര്‍ത്തീകരിച്ചു.ഓഗസ്റ്റ് മാസത്തോടെ 58 എണ്ണം പൂര്‍ത്തീകരിക്കും. മാലിന്യമുക്ത കേരളത്തിന്റെ ഭാഗമായി യൂസര്‍ ഫീ ശേഖരണം 57.68 ശതമാനം ഇതുവരെ കൈവരിച്ചു.മൂന്നുമാസത്തിനകം 70 ശതമാനമായി ഉയര്‍ത്തും.ഹരിത കേരളം മിഷന്‍ മുഖേന ജില്ലയില്‍ 95 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലാണ് ജല ബജറ്റ് നടത്തേണ്ടത് ഇതില്‍ 30 തദ്ദേശസ്ഥാപനങ്ങള്‍ ജലബജറ്റ് പ്രസിദ്ധീകരിച്ചു. ഓഗസ്റ്റ് മാസത്തോടെ 51 തട്ടേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ജനന ബജറ്റ് കൂടി പ്രസിദ്ധീകരിക്കാനും യോഗത്തില്‍ തീരുമാനമായി.
- Log in to post comments