Skip to main content

റോഡ് സുരക്ഷയെക്കുറിച്ച് അവബോധം നല്‍കി മോട്ടോര്‍ വാഹന വകുപ്പിന്റെ സെമിനാര്‍

അപകടത്തില്‍ മരണം പൊലിയുന്നത് കൂടുതലും യുവാക്കള്‍ക്ക്

ട്രാഫിക് നിയമങ്ങളെക്കുറിച്ചുള്ള ബോധവത്കരണവുമായി മോട്ടര്‍ വാഹന വകുപ്പിന്റെ സെമിനാര്‍. കോട്ടക്കുന്നില്‍ എന്റെ കേരളം പ്രദര്‍ശന വിപണന മേളയോടനുബന്ധിച്ച് നടന്ന സെമിനാര്‍  ജോയിന്റ് ആര്‍ ടി ഒ ഷാജു എ ബക്കര്‍ ഉദ്ഘാടനം ചെയ്തു. കെ ജി ദിലീപ് കുമാര്‍ ക്ലാസിന് നേതൃത്വം നല്‍കി.
കേരളത്തില്‍ ഏറ്റവും കൂടുതല്‍ യുവാക്കള്‍ വാഹനപകടത്തില്‍പ്പെട്ട് മരണപ്പെടുന്ന ജില്ലയില്‍ ഒന്നാണ് മലപ്പുറം. ഇരുചക്ര വാഹനത്തില്‍ യാത്ര ചെയ്യുന്നവരാണ് ഏറ്റവും കൂടുതല്‍ അപകടത്തില്‍പ്പെടുന്നത്. അമിത വേഗതയാണ് അപകടത്തിന്റെ പ്രധാന കാരണം. അവനവന്റെ സുരക്ഷക്ക് വേണ്ടിയാണ് ഹെല്‍മെറ്റും സീറ്റ് ബെല്‍റ്റും ധരിക്കേണ്ടത്.  അല്ലാതെ നിയമ പാലകര്‍ക്ക് വേണ്ടിയാകരുത്. വാഹനങ്ങള്‍ ഓടിക്കുമ്പോള്‍ അതീവ ശ്രദ്ധ പുലര്‍ത്തുകയും ട്രാഫിക് നിയമങ്ങള്‍ പാലിക്കുകയും വേണം. തെറ്റായ ശീലങ്ങള്‍ മൂലം നിരപരാധികളുടെ ജീവനാണ് റോഡില്‍ പൊലിയുന്നത്. എ.ഐ ക്യാമറ സ്ഥാപിച്ചതിനാല്‍ അപകട മരണങ്ങള്‍ കുറക്കാന്‍ സാധിച്ചെങ്കിലും അപകടങ്ങള്‍ക്ക്  കുറവ് വന്നിട്ടില്ല. സമൂഹത്തിലുള്ള എല്ലാവരെയും ബോധവത്കരിക്കാനും നിയമങ്ങള്‍ പാലിക്കാനും എല്ലാവരും തയ്യാറാകണം.  ട്രാഫിക്  നിയമത്തെക്കുറിച്ചും പുതിയ ശിക്ഷാ രീതികളെക്കുറിച്ചുമുള്ള അവബോധം എല്ലാവരിലും ഉണ്ടാകണം. അസ്സ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ സി.ജെ.ഷോണ്‍ നന്ദി പറഞ്ഞു.

date