Skip to main content

വനിതകൾക്ക് സ്വയം പ്രതിരോധ പരിശീലനമൊരുക്കി പോലീസ്

വനിതകൾ ഇനി ആരേയും ഭയക്കേണ്ടതില്ല. സ്വയം പ്രതിരോധനത്തിന് സ്ത്രീകളെ സജ്ജമാക്കുകയാണ് കേരള പോലീസ്. ആക്രമിക്കാൻ വന്നാൽ അതിനെ പ്രതിരോധം തീർക്കാനുള്ള അവബോധം നൽകുന്ന പരിശീലന സ്റ്റാളാണ് എന്റെ കേരളം പ്രദർശനമേളയിൽ ഒരുക്കിയിരിക്കുന്നത്. വനിതാ പോലീസ് ഓഫീസർമാർ സ്വയം പ്രതിരോധം തീർക്കാനുള്ള പരിശീലനമാണ് നൽകുന്നത്. ഏഴ് വയസ്സ് മുതൽ 60 വയസ്സ് വരെ വരെയുള്ള സ്ത്രീകൾക്കാണ് പരിശീലനം നൽകുന്നത്. മലപ്പുറം എ.എസ്.പിക്ക് കീഴിലെ എ.എസ്.ഐമാരായ കെ വത്സല, വി.ജെ സോണിയ മേബിൾ, സീനിയർ പോലീസ് ഓഫീസർ കെ.സി സിനിമോൾ എന്നിവരാണ് പരിശീലനം നൽകുന്നത്. 10 വർഷത്തിനിടെ മലപ്പുറത്തെ 76,632 വനിതകളെയാണ് സ്വയം പ്രതിരോധത്തിനായി ഈ മൂവർ സംഘം സൗജന്യ പരിശീലനം നൽകിയത്. വിദ്യാർഥികൾക്കും പ്രൊഫഷണലുകൾക്കും പുറമേ വീട്ടമ്മമാർ, കുടുംബശ്രീ, ആശ, അങ്കൺവാടി തുടങ്ങിയ വിവിധ മേഖലയിലുള്ളവർക്ക് പരിശീലനം നൽകിയിട്ടുണ്ട്.
വനിതകൾക്ക് നിർഭയമായി എവിടെയും സഞ്ചരിക്കാനുള്ള ധൈര്യം ലഭിക്കുമെന്നും ഈ പരിശീലനം കൂടുതൽ പേരിലേക്ക് എത്തിക്കാൻ മേളയിലൂടെ സാധിക്കുമെന്നും നോഡൽ ഓഫീസറും എ.എസ്.പിയുമായ ഫിറോസ് എം ഷഫീഖ് പറഞ്ഞു.

date