എന്റെ കേരളം പ്രദര്‍ശന വിപണന മേളയ്ക്ക് തിരി തെളിഞ്ഞു കേരളത്തെ വികസന മികവിന്റെ ഉന്നതങ്ങളില്‍ എത്തിച്ചു-മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി
സംസ്ഥാന സര്‍ക്കാര്‍ കേരളത്തെ വികസന മികവിന്റെ ഉന്നതങ്ങളില്‍ എത്തിച്ചെന്ന് രജിസ്‌ട്രേഷന്‍ മ്യൂസിയം പുരാവസ്തു പൂരാരേഖ വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി. രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ നാലാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി മെയ് 14 വരെ കണ്ണൂര്‍ പോലീസ് മൈതാനിയില്‍ സംഘടിപ്പിക്കുന്ന എന്റെ കേരളം പ്രദര്‍ശന വിപണന മേള ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. കൂട്ടായ്മയോടെ പ്രവര്‍ത്തിച്ച് പ്രതിസന്ധി ഘട്ടങ്ങളെ അതിജീവിച്ച ചരിത്രമാണ് കേരളത്തിന്റെ കരുത്ത്. സമസ്ത മേഖലകളിലും നാടിന്റെ പുരോഗതി കൈവരിക്കാന്‍ മുഖ്യമന്ത്രി വിജയന്റെ നേതൃത്വത്തിലുള്ള സര്‍ക്കാരിനായിട്ടുണ്ട്. കേരളത്തെ അതിദാരിദ്ര്യ മുക്ത സംസ്ഥാനമാക്കിയുള്ള പ്രഖ്യാപനം ഉടനുണ്ടാകുമെന്നും മന്ത്രി പറഞ്ഞു. ഭരണഘടനാ മൂല്യങ്ങള്‍ തടയപ്പെടുന്ന, പാര്‍ലമെന്റ് അധികാരങ്ങള്‍ പോലും കവര്‍ന്നെടുക്കപ്പെടുന്ന ദേശീയ രാഷ്ട്രീയത്തിന് ഒരു ബദലാണ് കേരളം. നിക്ഷേപ സൗഹൃദ സംസ്ഥാനമായി നമ്മുടെ കേരളത്തെ വളര്‍ത്തിയെടുക്കുന്നതിനും വിദ്യാഭ്യാസം, ആരോഗ്യം, ഗതാഗതം, അടിസ്ഥാന സൗകര്യ വികസനം തുടങ്ങി സമസ്ത മേഖലകളിലും കേരളത്തെ ഒന്നാമതെത്തിക്കുന്നതിനും സര്‍ക്കാരിന് കഴിഞ്ഞു. ഇത്തരത്തില്‍ രാജ്യത്തിനാകെ മാതൃകയാകാന്‍ കേരളത്തിന് സധിച്ചുവെന്നും മന്ത്രി പറഞ്ഞു. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് തയ്യാറാക്കിയ 'സ്മൃതിയുണര്‍ത്തി മ്യൂസിയങ്ങള്‍' ഡോക്യൂമെന്ററി മന്ത്രി പ്രകാശനം ചെയ്തു.
കെ.കെ. ശൈലജടീച്ചര്‍ എം.എല്‍ എ. അധ്യക്ഷയായിരുന്നു. വികസനത്തിനായി ജാതിമത ഭേദമില്ലാതെ എല്ലാവരും ഒന്നിച്ചു ചേരുന്ന ബഹുസ്വരതയുടെ നാടാണ് കേരളമെന്ന് എം.എല്‍.എ പറഞ്ഞു. ലോകത്ത് പല രാജ്യങ്ങള്‍ക്കും നേടാന്‍ കഴിയാത്ത നേട്ടങ്ങളാണ് കേരളം ഇപ്പോള്‍ കൈവരിച്ചിരിക്കുന്നത്. റോഡുകള്‍, സര്‍വ്വകലാശാലകള്‍, ആശുപത്രികള്‍, എന്നിങ്ങനെ സമസ്ത മേഖലകളിലും കേരളം മുന്നിലായത് സുസ്ഥിര വികസനം ലക്ഷ്യമിട്ടുള്ള സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ കൊണ്ടാണെന്നും എം എല്‍ എ പറഞ്ഞു. എംഎല്‍എമാരായ കെ.പി മോഹനന്‍, കെ.വി സുമേഷ്, എം വിജിന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ.കെ രത്നകുമാരി, ജില്ലാ കളക്ടര്‍ അരുണ്‍. കെ. വിജയന്‍, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. ബിനോയ് കുര്യന്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് എം ശ്രീധരന്‍, ജില്ലാ പോലീസ് മേധാവി സി നിതിന്‍ രാജ്, റൂറല്‍ എസ് പി അനൂജ് പലിവാല്‍, എഡിഎം സി. പദ്മചന്ദ്രകുറുപ്പ്, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ പി.പി. വിനീഷ്, ജനതാദള്‍ (എസ്) സംസ്ഥാന ജനറല്‍ സെക്രട്ടറി പി.പി ദിവാകരന്‍, വെള്ളോറ രാജന്‍ (സിപിഐ), ആര്‍ജെഡി ജില്ലാ പ്രസിഡന്റ് വികെ ഗിരിജന്‍, പ്രൊഫ. ജോസഫ് തോമസ് (കേരള കോണ്‍ഗ്രസ് മാണി), ഐഎന്‍എല്‍ ജില്ലാ പ്രസിഡന്റ് ഹമീദ് ചെങ്ങളായി, രതീഷ് ചിറക്കല്‍ (കേരള കോണ്‍ഗ്രസ് ബി) എന്നിവര്‍ സംസാരിച്ചു.
പ്രദര്‍ശന വിപണന മേള മന്ത്രി തുറന്നുകൊടുത്തു
വൈവിധ്യങ്ങളുടെ 250 ലധികം സ്റ്റാളുകള്‍ മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി തുറന്നുകൊടുത്തു. വിവിധ വകുപ്പുകളുടെ 151 തീം സ്റ്റാളുകളും 100 വാണിജ്യ സ്റ്റാളുകളുമടക്കം 251 സ്റ്റാളുകളാണ് മേളയിലെ പ്രധാന ആകര്‍ഷണം. ഏഴ് ദിവസങ്ങളിലായി നടക്കുന്ന പ്രദര്‍ശന മേളയ്ക്കായി 52000 ചതുരശ്ര അടിയില്‍ പവലിയന്‍ ക്രമീകരിച്ചിട്ടുണ്ട്. ഐപിആര്‍ഡിയുടെ 2500 ചതുരശ്ര അടിയിലുള്ള തീം പവലിയനും ഒരുക്കിയിട്ടുണ്ട്. വിനോദസഞ്ചാരം, പൊതുമരാമത്ത്, കൃഷി, കായികം, കിഫ്ബി, സ്റ്റാര്‍ട്ടപ്പ് മിഷനുകള്‍ക്കായി പ്രത്യേക ഏരിയ എന്നിവയും ഒരുക്കിയിട്ടുണ്ട്. 1500 ചതുരശ്ര അടിയില്‍ കേരള ഫിലിം കോര്‍പറേഷന്റെ മിനിതിയേറ്റര്‍, 16,000 അടിയില്‍ ഫുഡ് കോര്‍ട്ട്, സ്റ്റേജ്, പോലീസ് വകുപ്പിന്റെ ഡോഗ്‌ഷോ, മൃഗസംരക്ഷണ വകുപ്പിന്റെ പ്രദര്‍ശനങ്ങള്‍ എന്നിവയും സജ്ജമാക്കുന്നുണ്ട്. കാരവന്‍ ടൂറിസം, അഗ്‌നിശമന രക്ഷാസേനയുടെ ഡെമോണ്‍സ്‌ട്രേഷന്‍, വനം വകുപ്പിന്റെ സര്‍പ്പ ആപ്പിന്റെ ലൈവ് ഡെമോണ്‍സ്‌ട്രേഷന്‍ എന്നിവ പവലിയന് സമീപത്തുണ്ടാവും. സാംസ്‌കാരിക വകുപ്പിന്റെ നേതൃത്വത്തില്‍ വിവിധ കലാകാരന്‍മാരുടെ തല്‍സമയ അവതരണങ്ങളും അരങ്ങേറും. കിഫ്ബിയാണ് അടിസ്ഥാന സൗകര്യം ഒരുക്കുന്നത്. മെയ് 14 ന് മേള സമാപിക്കും.
- Log in to post comments