കൊട്ടിക്കയറുന്ന താളമേളങ്ങള്‍; പഞ്ചവാദ്യ മേളത്തില്‍ ലയിച്ച് 'എന്റെ കേരളം'
രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ നാലാം വാര്‍ഷികത്തോടനുബന്ധിച്ച് കണ്ണൂര്‍ പോലീസ് മൈതാനിയില്‍ നടക്കുന്ന എന്റെ കേരളം പ്രദര്‍ശന വിപണന മേളയുടെ ഉദ്ഘാടന പരിപാടികളുടെ മുന്നോടിയായി ചെറുതാഴം ചന്ദ്രന്‍ മാരാരുടെ നേതൃത്വത്തില്‍ നടന്ന പഞ്ചവാദ്യ മേളം കണ്ണൂരിന്റെ മനം കവര്‍ന്നു. ശംഖുവിളിയോടെ ആരംഭിച്ച പരിപാടിയെ നിറഞ്ഞ കൈയടികളോടെയാണ് സദസ്സ് സ്വീകരിച്ചത്. 13 പേര്‍ ചേര്‍ന്നാണ് പഞ്ചവാദ്യം അവതരിപ്പിച്ചത്.
അഞ്ച് വാദ്യോപകരണങ്ങള്‍ ഒത്തുചേരുന്ന കേരളത്തിന്റെ തനതായ വാദ്യ സംഗീത കലാരൂപമായ പഞ്ചവാദ്യത്തില്‍ കൊമ്പ്, ഇലത്താളം, തിമില, ഇടക്ക, മദ്ദളം എന്നിവ സമന്വയിക്കുന്നു. ഓരോ വാദ്യത്തിനും കൃത്യമായി സ്ഥാനം നിര്‍ണയിച്ചിട്ടുണ്ട്. ഇതനുസരിച്ച് തിമില, മദ്ദളം കലാകാരന്മാര്‍ ഒന്നാം നിരയില്‍ മുഖാമുഖം അണിനിരന്നു. തിമിലയ്ക്കു പിന്നില്‍ അണിനിരന്നത് ഇലത്താളക്കാരാണ്. കൊമ്പുകാരുടെ സ്ഥാനം മദ്ദളക്കാരുടെ പിന്നിലാണ്. ഈ വാദ്യനിരയുടെ രണ്ടറ്റത്തുമായി തിമിലയ്ക്കും മദ്ദളത്തിനും മധ്യഭാഗത്ത് തലയ്ക്കലും കാല്‍ക്കലുമായി ഇടയ്ക്ക വായിക്കുന്നവര്‍ നിലകൊണ്ടു. പഞ്ചവാദ്യ മേളം കൊട്ടിക്കയറിയത്തോടെ പോലീസ് മൈതാനിയിലെ എന്റെ കേരളം മേളക്ക് അരങ്ങുണർന്നു.
- Log in to post comments