Skip to main content

വൈവിധ്യങ്ങളുമായി എന്റെ കേരളം; തീം സ്റ്റാളുകള്‍ ഒരുങ്ങി

രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ നാലാം വാര്‍ഷികത്തിന്റെ ഭാഗമായി മെയ് 14 വരെ കണ്ണൂർ പോലീസ് മൈതാനിയിൽ നടക്കുന്ന  എന്റെ കേരളം പ്രദര്‍ശന വിപണന മേളയിലെ തീം സ്റ്റാളുകള്‍ ജനശ്രദ്ധ ആകര്‍ഷിക്കുന്നു. ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍സ് വകുപ്പ്, ടൂറിസം, പൊതുമരാമത്ത്, കൃഷി, കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍, ജലസേചന വകുപ്പ്, കായിക വകുപ്പ് തുടങ്ങിയ വകുപ്പുകളുടെ സ്റ്റാളുകളാണ് മേളയില്‍ വ്യത്യസ്തമായ രീതിയില്‍ ഒരുക്കിയിരിക്കുന്നത്. 

360 ഡിഗ്രി ഫോട്ടോ ബൂത്ത്

ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍ വകുപ്പ് ഒരുക്കിയ സ്റ്റാളില്‍ 360 ഡിഗ്രി ഫോട്ടോ ബൂത്ത്, സര്‍ക്കാരിന്റെ വിവിധ പ്രവര്‍ത്തനങ്ങളെക്കുറിച്ച് മനസ്സിലാക്കാന്‍ ഹാന്‍ഡ് ഗസ്ച്ചര്‍ വഴി നിയന്ത്രിക്കാവുന്ന ഡിജിറ്റല്‍ നോട്ട് ബുക്ക്, എന്റെ കേരളം ഫോട്ടോ ബൂത്ത്, സംസ്ഥാന സര്‍ക്കാരിന്റെ വിവിധ പദ്ധതികളെക്കുറിച്ച് അറിയാനുള്ള എല്‍ ഇ ഡി വാള്‍ തുടങ്ങി സംസ്ഥാന സര്‍ക്കാരിന്റെ ഒന്‍പത് വര്‍ഷത്തെ നേട്ടങ്ങളും പ്രവര്‍ത്തങ്ങളും ഇവിടെ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. 
 
വെര്‍ച്വല്‍ തിരമാല

വെര്‍ച്വല്‍ തിരമാലകളിലൂടെ നടന്ന് ഡെസ്റ്റിനേഷന്‍ വെഡ്ഡിങ്ങിനായി ഒരുക്കിയിരിക്കുന്ന തീമിലേക്കും അവിടുന്ന് കേരളത്തിന്റെ ഗ്രാമീണതയിലേക്കും എത്തിക്കുന്ന ചെറിയ ഓലക്കുടിലും അതിനോട് ചേര്‍ന്ന് മണ്‍പാത്ര നിര്‍മാണവും നെല്‍പ്പാടവും വെള്ളം തേവാനുള്ള ജലചക്രവുമാണ് ടൂറിസം വകുപ്പിന്റെ തീം സ്റ്റാളില്‍ ഒരുക്കിയിരിക്കുന്നത്.

ഉത്തരവാദിത്ത ടൂറിസം മാതൃകയില്‍ ഒരുക്കിയിരിക്കുന്ന സ്റ്റാള്‍ ഗ്രാമീണ ജനതയെ പ്രോത്സാഹിപ്പിക്കുന്നതിനും ഗ്രാമീണ തലത്തില്‍ ടൂറിസം വികസിപ്പിക്കുക എന്ന ലക്ഷ്യത്തോടെയുമാണ് ഒരുക്കിയിരിക്കുന്നത്. താല്‍പര്യമുള്ള ആളുകള്‍ക്ക് മണ്‍പാത്രങ്ങള്‍ നിര്‍മിക്കുവാനും സാധിക്കും. തീം സ്റ്റാള്‍ കൂടാതെ കാരവന്‍ ടൂറിസവും ഇതിന്റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്. 

മുഴപ്പിലങ്ങാട് തീരദേശ പാത, മലയോര പാത, കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളം കണക്ടിവിറ്റി പാത തുടങ്ങി പൊതുമരാമത്ത് വകുപ്പിന് കീഴില്‍ നടന്ന പ്രവര്‍ത്തങ്ങളുടെ വിശാലമായ സ്റ്റില്‍ മോഡലുകളും മറ്റു പ്രവര്‍ത്തങ്ങളും അടങ്ങിയ പ്രദര്‍ശനവും വകുപ്പിന്റെ സ്റ്റാളിലേക്ക് കടന്നെത്താനുള്ള പാലവുമാണ് ഇവിടെ തയ്യാറാക്കിയിരിക്കുന്നത്. 

സ്റ്റാര്‍ട്ടപ്പ് മിഷനുകൾ

നിര്‍മിത ബുദ്ധി, റോബോട്ടിക്‌സ്, മെഷീന്‍ തുടങ്ങിയ അത്യാധുനിക സാങ്കേതിക വിദ്യകളെ പൊതുജനങ്ങള്‍ക്ക് അനുഭവിച്ചറിയാനുള്ള വേദിയാണ് കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ തയ്യാറാക്കിയ തീം സ്റ്റാള്‍. നിര്‍മിത ബുദ്ധി ഉപയോഗിച്ച് തയ്യാറാക്കിയ റോബോര്‍ട്ട്, ഡ്രോണ്‍, ഓഗ്‌മെന്റഡ് വെര്‍ച്വല്‍ റിയാലിറ്റി ഗെയിംസ്, ത്രീഡി പ്രിന്റിംഗ് തുടങ്ങിയ നിരവധി സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ചുള്ള സ്റ്റാര്‍ട്ടപ്പ് മിഷനുകളാണ് മേളയുടെ ഭാഗമാകുന്നത്. തികച്ചും വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കായി നിര്‍മിത ബുദ്ധി ഉപയോഗിച്ച് തയ്യാറാക്കിയ ഐറിസ് എന്ന റോബോര്‍ട്ട് പ്രധാന ആകര്‍ഷണമാണ്. 

കതിര്‍ ആപ്പ്

ഡിജിറ്റല്‍ അഗ്രികള്‍ച്ചറിന്റെ പ്രാധാന്യം പൊതുജനങ്ങള്‍ക്ക് മനസ്സിലാക്കിക്കൊടുക്കുന്ന കതിര്‍ ആപ്പിനെ കൂടുതല്‍ പരിചയപ്പെടുത്താനും  ഡ്രോണ്‍ ഉപയോഗിച്ച് എങ്ങനെയാണ് വയലുകളില്‍ വള പ്രയോഗം നടത്തുന്നതെന്നും കാണിക്കുന്ന മാതൃകയുമാണ് കൃഷി വകുപ്പിന്റെ സ്റ്റാളില്‍ ഒരുക്കിയിരിക്കുന്നത്. മില്ലറ്റുകളുടെ പ്രാധാന്യം ഏറി വരുന്ന സാഹചര്യത്തില്‍ വിവിധതരം മില്ലെറ്റ്‌സ് ഉല്‍പന്നങ്ങളുടെ പ്രദര്‍ശനവും കൃഷി വകുപ്പിന്റെ തന്നെ ബ്രാന്‍ഡായ കേരള അഗ്രോയുടെ ഉല്‍പന്നങ്ങളും പ്രദര്‍ശനത്തിനുണ്ട്. തിരുവനന്തപുരത്ത് ഒരുങ്ങുന്ന അഗ്രി പാര്‍ക്ക് കാബ്‌കോ യുടെ രൂപമാതൃകയും ഒരുക്കിയിട്ടുണ്ട്. വിള രോഗങ്ങളെക്കുറിച്ച് അറിയാനുള്ള മാതൃകകളും ഇവിടെ തയ്യാറാക്കിയിട്ടുണ്ട്. 

ടെക്‌സ്‌റ്റൈല്‍ പ്രൊഡക്ഷന്‍ മാതൃകയില്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹാന്‍ഡ്ലൂം ടെക്‌നോളജി ഒരുക്കിയ സ്റ്റാളില്‍ വിവിധ തരം നൂലുകള്‍, അവ കൊണ്ടുണ്ടാക്കിയ ഉല്‍പന്നങ്ങള്‍, വിദ്യാര്‍ഥികള്‍ കൈ കൊണ്ട് ചെയ്ത ഡിസൈനുകള്‍, ഭൗമസൂചിക നിലവാരം പുലര്‍ത്തുന്ന  കാസര്‍ഗോഡ്, ബാലരാമപുരം സാരി ഡ്രാപിങ്ങ്, ഛായാചിത്രങ്ങള്‍ നെയ്‌തെടുക്കുന്ന ടാപ്പസ്ട്രി വിദ്യ എന്നിവയാണ് പ്രദര്‍ശിപ്പിച്ചിരിക്കുന്നത്.

 കായിക ക്ഷമത പരിശോധിക്കാം, ബോഡി മസാജ് ചെയ്യാം

ശാരീരിക ക്ഷമത പരിശോധിക്കാനും വിനോദത്തിനും മാനസിക പിരിമുറുക്കം കുറയ്ക്കാനുമായി വിവിധ തരം ഗെയിംമുകളും ആക്ടിവിറ്റുകളും ചേര്‍ന്നതാണ് കായിക വകുപ്പിന്റെ തീം സ്റ്റാള്‍. ബി എം ഐ പരിശോധന, ചലഞ്ച് സോണില്‍ പുഷ് അപ്പ്, സിറ്റ് അപ്പ്, ആര്‍ച്ചറി, ഡേര്‍ട്ട് ത്രോ, സ്‌കിപ്പിംഗ് റോപ്പ് തുടങ്ങിയ വിവിധ ആക്ടിവിറ്റികളും ഫണ്‍ സോണില്‍ ഹൂല ഹൂപ്‌സ്, സ്വിസ് ബോള്‍ എക്‌സസൈസ് എന്നിങ്ങനെ നിരവധി പ്രവര്‍ത്തനങ്ങളുണ്ട്. മാനസിക പിരിമുറുക്കം കുറക്കാന്‍ ബോഡി മസാജും സ്റ്റാളില്‍ ഒരുക്കിയിട്ടുണ്ട്. 

മെയ് എട്ടുമുതല്‍ 14 വരെ കണ്ണൂര്‍ പോലീസ് മൈതാനിയില്‍ നടക്കുന്ന എന്റെ കേരളം പ്രദര്‍ശന വിപണന മേളയില്‍ സര്‍ക്കാരിന്റെ വിവിധ വകുപ്പുകളുടെ പ്രവര്‍ത്തനങ്ങളും നേട്ടങ്ങളും പ്രദര്‍ശിപ്പിക്കുന്ന 251 സ്റ്റാളുകളാണുള്ളത്.

date