ക്ലാസ്സിക്കുകളുടെ കാലിഡോസ്‌കോപ്പുമായി 'എന്റെ കേരള'ത്തില്‍ മിനി തിയേറ്റര്‍
രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ നാലാം വാര്‍ഷികത്തിന്റെ ഭാഗമായി കണ്ണൂര്‍ പോലീസ് മൈതാനിയില്‍ നടക്കുന്ന എന്റെ കേരളം പ്രദര്‍ശന വിപണന മേളയില്‍ കേരള സംസ്ഥാന ചലച്ചിത്ര വികസന കോര്‍പറേഷന്റെ നേതൃത്വത്തില്‍ മലയാള ക്ലാസ്സിക് സിനിമകള്‍ പ്രദര്‍ശിപ്പിക്കുന്നതിനുള്ള മിനി തിയേറ്ററും സജ്ജമാണ്. എച്ച്ഡി എല്‍ഇഡി വാളിലാണ് സിനിമാ പ്രദര്‍ശനം. സ്റ്റീരിയോ സൗണ്ട് സിസ്റ്റത്തിലുള്ള തിയേറ്ററില്‍ ഒരേ സമയം നൂറ് പേര്‍ക്ക് സിനിമ കാണാനുള്ള സൗകര്യമുണ്ട്. ഒരു ദിവസം നാല് ഷോ വീതം ആറ് ദിവസത്തേക്കാണ് സിനിമാ പ്രദര്‍ശനം.
യൂട്യൂബിലും ഒടിടി പ്ലാറ്റ്ഫോമുകളിലും ലഭിക്കാത്ത മലയാളത്തിലെ എക്കാലത്തെയും ക്ലാസ്സിക് ചിത്രങ്ങളായ കൊടിയേറ്റം, ചെമ്മീന്‍, നിര്‍മാല്യം, നഖക്ഷതങ്ങള്‍, പെരുന്തച്ചന്‍, വൈശാലി, സ്വപ്നാടനം, രുക്മിണി, ഒഴിമുറി, പ്രാഞ്ചിയേട്ടന്‍ ആന്റ് ദി സെയിന്റ്, ചായില്യം, എലിപ്പത്തായം, ചെറിയാച്ചന്റെ ക്രൂരതകള്‍, അനുഭവങ്ങള്‍ പാളിച്ചകള്‍, മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം, ആലീസിന്റെ അന്വേഷണങ്ങള്‍ തുടങ്ങിയ സിനിമകള്‍ ഇവിടെ പ്രദര്‍ശിപ്പിക്കും.
- Log in to post comments