Skip to main content
നന്മണ്ട പഞ്ചായത്തിലെ കൊളത്തൂർ കുടുംബാരോഗ്യ കേന്ദ്രത്തിന്റെ പുതിയ കെട്ടിട ഉദ്ഘാടനം  മന്ത്രി എ കെ ശശീന്ദ്രൻ നിർവ്വഹിക്കുന്നു.

കൊളത്തൂര്‍ കുടുംബാരോഗ്യ കേന്ദ്രത്തിന്റെ പുതിയ കെട്ടിടം മന്ത്രി എ കെ ശശീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു

 

ആര്‍ദ്രം, ആരോഗ്യകേരളം പദ്ധതികളിലൂടെ ആരോഗ്യ മേഖലയിലെ പ്രവര്‍ത്തനങ്ങളില്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നത് കേരളമാണെന്ന് വനം, വന്യജീവി സംരക്ഷണ വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍. കൊളത്തൂര്‍ കുടുംബാരോഗ്യ കേന്ദ്രത്തിന്റെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. കേരളത്തെ നവകേരളമാക്കി മാറ്റാനുള്ള ശ്രമമാണ് സര്‍ക്കാര്‍ നടത്തുന്നത്. അതിന് എല്ലാവരുടെയും പിന്തുണ വേണമെന്നും മന്ത്രി പറഞ്ഞു. 

എ കെ ശശീന്ദ്രന്‍ എംഎല്‍എയുടെ ആസ്തിവികസന ഫണ്ടില്‍നിന്നുള്ള 95 ലക്ഷം, പഞ്ചായത്ത് ഫണ്ടില്‍നിന്നുള്ള 20.85 ലക്ഷം, ശൗചാലയ സമുച്ചയത്തിന് ബ്ലോക്ക് പഞ്ചായത്തിന്റെ 10 ലക്ഷം ഉള്‍പ്പെടെ 1.26 കോടി രൂപ വിനിയോഗിച്ചാണ് കെട്ടിടം ഒരുക്കിയത്. കെട്ടിടത്തിന്റെ ഒന്നാംനില പ്രവര്‍ത്തനക്ഷമമാക്കുന്നതിന് സംസ്ഥാന സര്‍ക്കാറിന്റെ നവകേരളസദസ്സില്‍ 50 ലക്ഷം രൂപയും അനുവദിച്ചിട്ടുണ്ട്. 

ചടങ്ങില്‍ നന്മണ്ട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കൃഷ്ണവേണി മാണിക്കോത്ത് അധ്യക്ഷത വഹിച്ചു. ചേളന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ പി സുനില്‍കുമാര്‍ മുഖ്യാതിഥിയായി. വൈസ് പ്രസിഡന്റ് സി കെ രാജന്‍ മാസ്റ്റര്‍, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ ഹരിദാസന്‍ ഈച്ചരോത്ത്, ജില്ലാ പഞ്ചായത്ത് അംഗം ടി റസിയ, ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ കുണ്ടൂര്‍ ബിജു, വിജിത കണ്ടികുന്നുമ്മല്‍, ഗ്രാമപഞ്ചായത്ത് സെക്രട്ടറി എം ഗിരീഷ്, കുടുംബശ്രീ സിഡിഎസ് ചെയര്‍പേഴ്‌സണ്‍ വി കെ സാവിത്രി,ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ എന്‍ രാജേന്ദ്രന്‍, കൊളത്തൂര്‍ കുടുംബാരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ഡോ. പി ടി രോഷ്‌നി, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ സംസാരിച്ചു.

date