വിദ്യാഭ്യാസ മുന്നേറ്റത്തിന്റെ നേര്‍സാക്ഷ്യം പകര്‍ന്ന് സെമിനാര്‍
സമഗ്ര ഗുണമേന്മ വിദ്യാഭ്യാസം എല്ലാവര്‍ക്കും വിദ്യാഭ്യാസമെന്ന അവകാശം ഉറപ്പാക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചെന്ന് 'എന്റെ കേരളം' പ്രദര്‍ശന-വിപണന മേളയുടെ ഭാഗമായി സംഘടിപ്പിച്ച സെമിനാര്‍. 'പൊതുവിദ്യാഭ്യാസം: സമഗ്ര ഗുണമേന്മയും സാമൂഹ്യനീതിയും' വിഷയത്തിലാണ് സെമിനാര്‍ സംഘടിപ്പിച്ചത്.
പ്രീ പ്രൈമറി മേഖലയിലും പ്രത്യേക പരിഗണന വിഭാഗത്തിലും ഉള്‍പ്പെട്ട വിദ്യാര്‍ഥികള്‍ക്കുള്ള സവിശേഷ ഇടപെടലുകള്‍ വിദ്യാഭ്യാസ രംഗത്തെ കേരളത്തിന്റെ ശ്രദ്ധേയ ഇടപെടലുകളാണെന്ന് സെമിനാര്‍ ഉദ്ഘാടനം ചെയ്ത സ്റ്റേറ്റ് അഡൈ്വസറി ബോര്‍ഡ് ഓഫ് എഡ്യുക്കേഷന്‍ ചെയര്‍മാന്‍ ഡോ. ജെ പ്രസാദ് പറഞ്ഞു. മികച്ച പൊതുജന പങ്കാളിത്തവും പിന്തുണയും കേരള മോഡലിനെ മികവുറ്റതാക്കുന്നു. അന്താരാഷ്ട്ര നിലവാരത്തിലുള്ള വിദ്യാഭ്യാസം എല്ലാ വിഭാഗം ജനങ്ങള്‍ക്കും ഉറപ്പാക്കുകയും പ്രാഥമിക തലങ്ങള്‍ മുതല്‍ സാധ്യമാവുകയും ചെയ്തുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കോഴിക്കോട് ഡിഡിഇ മനോജ് മണിയൂര്‍ മോഡറേറ്ററായി. ഡയറ്റ് പ്രിന്‍സിപ്പല്‍ ഡോ. യു കെ അബ്ദുല്‍ നാസര്‍, കോഴിക്കോട് സമഗ്ര ശിക്ഷ ഡിപിഒ വി ടി ഷീബ എന്നിവര്‍ വിഷയാവതരണം നടത്തി.
- Log in to post comments