എന്റെ കേരളം: മത്സ്യകൃഷിയിലെ നൂതന സാങ്കേതിക വിദ്യകളും ഗുണമേന്മയാര്‍ന്ന മത്സ്യവിഭവങ്ങളുമായി മത്സ്യവകുപ്പ് സ്റ്റാൾ
സംസ്ഥാന സര്‍ക്കാരിന്റെ നാലാം
വാര്‍ഷികത്തോടനുബന്ധിച്ച് ആലപ്പുഴ ബീച്ചില്‍ സംഘടിപ്പിക്കുന്ന എന്റെ കേരളം പ്രദര്‍ശന വിപണന മേളയില്‍ ജനപ്രീതി നേടി ഫിഷറീസ് വകുപ്പിന്റെ സ്റ്റാളുകള്‍. മത്സ്യകൃഷിയിലെ നൂതന സാങ്കേതിക വിദ്യകള്‍ ലളിതമായി അവതരിപ്പിച്ചും, വകുപ്പിന്റെ വിവിധ പ്രവര്‍ത്തനങ്ങള്‍ പരിചയപ്പെടുത്തിയും, മത്സ്യത്തൊഴിലാളി വനിതകള്‍ തയ്യാറാക്കുന്ന ഗുണമേന്മയാര്‍ന്ന വിവിധ
മത്സ്യവിഭവങ്ങള്‍ കുറഞ്ഞ നിരക്കില്‍ ലഭ്യമാക്കിയും ഇതിനോടകം തന്നെ സ്റ്റാളുകള്‍ സന്ദർശകരുടെ പ്രശംസ ഏറ്റുവാങ്ങി.
അക്വാപോണിക്‌സ്, കുളങ്ങളിലെ ബയോഫ്‌ലോക് വനാമി കൃഷി എന്നീ നൂതന മത്സ്യകൃഷി രീതികളുടെ പ്രവര്‍ത്തനമാതൃകകള്‍ ഈ കൃഷി രീതിയെക്കുറിച്ച്
മനസിലാക്കുന്നതിന് സഹായകമാണെന്ന് സ്റ്റാള്‍
സന്ദര്‍ശിച്ചവര്‍ അഭിപ്രായപ്പെട്ടു.
കൂടാതെ, ഫിഷറീസ് വകുപ്പിന്റെ വിവിധ പദ്ധതികള്‍ കടല്‍ സുരക്ഷാ മാര്‍ഗ്ഗങ്ങളെക്കുറിച്ചുള്ള വ്യക്തമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ എന്നിവയും പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.
വകുപ്പിന്റെ വാണിജ്യ സ്റ്റാളില്‍ സാഫ് (സൊസൈറ്റി ഫോര്‍ അസ്സിസ്റ്റന്‍സ് ടു ഫിഷര്‍വുമണ്‍) യൂണിറ്റുകളുടെ വൈവിധ്യമാര്‍ന്ന മത്സ്യ ഉല്പ്പന്നങ്ങള്‍ വിപണനത്തിന്നായി
എത്തിച്ചിട്ടുണ്ട്.
മത്സ്യത്തൊഴിലാളികളില്‍ നിന്ന് നേരിട്ട് സംഭരിച്ച് ഉണ്ടാക്കുന്ന ഗുണമേന്മയിലും സ്വാദിലും മുന്നിട്ട് നില്‍ക്കുന്ന ഈ വിഭവങ്ങള്‍ വാങ്ങാന്‍ വന്‍ ജനത്തിരക്കാണ് അനുഭവപ്പെടുന്നത്.
ഫിഷറീസ് വകുപ്പിന്റെ ആഭിമുഖ്യത്തില്‍ മേയ് 11ന് രാവിലെ 10 മണി മുതല്‍ മത്സ്യസമ്പത്ത് - പരിമിതികള്‍, ഭീഷണികള്‍, സാധ്യതകള്‍ എന്ന വിഷയത്തില്‍ നടത്തുന്ന സെമിനാര്‍ പി. പി. ചിത്തരഞ്ജന്‍ എം എൽ എ ഉദ്ഘാടനം ചെയ്യും. കായല്‍കൃഷി ഗവേഷണ കേന്ദ്രം ഡയറക്ടര്‍ ഡോ. കെ. ജി. പത്മകുമാര്‍, കുസാറ്റ് ഇന്‍ഡസ്ട്രിയല്‍ ഫിഷറീസ് വിഭാഗം സീനിയര്‍ പ്രൊഫസര്‍ ഡോ. എം. ഹരികൃഷ്ണന്‍, എടത്വ സെന്റ്.അലോഷ്യസ് കോളേജ് സുവോളജി വിഭാഗം അക്വാകള്‍ച്ചര്‍ അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ. എന്‍. സുജ എന്നിവര്‍ സെമിനാര്‍ നയിക്കും.
- Log in to post comments