Skip to main content
സംസ്ഥാന സർക്കാരിന്റെ നാലാം വാർഷികത്തോടനുബന്ധിച്ച് കണ്ണൂർ പോലീസ് മൈതാനിയിലൊരുക്കിയ  എന്റെ കേരളം പ്രദർശന വിപണന മേളയിലെ മലബാർ കാൻസർ സെന്റർ പവലിയനിലെ ഡാവിഞ്ചി റോബോട്ടിക് സർജിക്കൽ സിസ്റ്റം നോക്കിക്കാണുന്നവർ

എന്റെ കേരളം ; വരൂ, ഡാവിഞ്ചി റോബോട്ടിക് സർജിക്കൽ സിസ്റ്റം കാണാം

സംസ്ഥാന സർക്കാരിന്റെ നാലാം വാർഷികത്തോടനുബന്ധിച്ച് എന്റെ കേരളം പ്രദർശന വിപണന മേളയിൽ ഡാവിഞ്ചി റോബോട്ടിക് സർജിക്കൽ സിസ്റ്റം നേരിട്ട് കണ്ടറിയാനും പരിചയപ്പെടാനുമുള്ള അവസരമൊരുക്കുകയാണ് മലബാർ കാൻസർ സെന്റർ. പേഷ്യന്റ് പാർട്ട്, വിഷ്വൽ ടവർ, സർജൻ കൺസോൾ എന്നിങ്ങനെ ഡാവിഞ്ചി റോബോട്ടിക് സർജിക്കൽ സിസ്റ്റം മൂന്നു ഭാഗങ്ങളായാണ് പ്രദർശിപ്പിച്ചിട്ടുള്ളത്. അത്യാധുനിക യന്ത്ര സംവിധാനത്തിലൂടെ ശസ്ത്രക്രിയയ്ക്ക് ഉപയോഗിക്കുന്ന യന്ത്ര ഭാഗങ്ങൾ, ത്രീ ഡി ഡെഫിനിഷൻ ദൃശ്യങ്ങൾ ഡോക്ടർക്ക് നൽകുന്ന സംവിധാനം, ഡോക്ടർക്ക് നിയന്ത്രിക്കാൻ സാധിക്കുന്ന ഭാഗം എന്നിവ സ്റ്റാളിലെത്തിയാൽ കാണാനാകും. രോഗിയുടെ ടിഷ്യൂവിൽ നിന്ന് എടുത്ത ക്യാൻസർ സെൽ മൈക്രോസ്‌കോപ്പിലൂടെ നിരീക്ഷിക്കാൻ സാധിക്കുന്നു. ശാസ്ത്രീയ സംവിധാനങ്ങളുടെ കാഴ്ച ഒരുക്കുന്നതിനു പുറമേ അർബുദത്തിനെ കുറിച്ചുള്ള മിഥ്യാധാരണകൾക്ക് എതിരെയുള്ള ബോധവത്കരണവും നടത്തുന്നുണ്ട്. സ്ത്രീകളിൽ കൂടുതലായി കണ്ടുവരുന്ന സ്തനാർബുദവും ഗർഭാശയഗള ക്യാൻസറും പ്രാരംഭത്തിൽ തന്നെ കണ്ടുപിടിക്കാനുള്ള വഴികളും പരിശോധന രീതികളും അർബുദത്തെ തടയാൻ പാലിക്കേണ്ട ഭക്ഷണക്രമങ്ങളും പ്രദർശന വേദിയിൽ ഒരുക്കിയിട്ടുണ്ട്.

എന്റെ കേരളം പ്രദർശന വിപണന മേളയുടെ ഭാഗമായി മലബാർ ക്യാൻസർ സെന്റർ ഒരുക്കിയ സ്റ്റാളിൽ അതിജീവനത്തിന്റെ നേർച്ചകാഴ്ചകൾ അവതരിപ്പിക്കുന്ന ഗ്രന്ഥങ്ങളും കാണാം. കഥാ സമാഹാരങ്ങളായ സമർപ്പണും സായൂജും. രോഗത്തിന്റെയും മരുന്നുകളുടെയും മരവിപ്പിൽ നിന്ന് ജീവിതത്തിന്റെ പച്ചത്തുരുത്തിലേക്ക് ഡോക്ടറുടെ കൈപിടിച്ചു നടന്നുകയറിയ വ്യക്തികളുടെ ജീവിതാനുഭവങ്ങൾ വിവരിക്കുന്ന ഗ്രന്ഥങ്ങൾ. എഴുത്തിന്റെ കാൽപ്പനികതയേക്കാൾ ഭംഗിയുണ്ട് ഹൃദയത്തിൽ തൊടുന്ന സഹജീവി സ്‌നേഹത്തിന്റെ ഭാഷക്കെന്ന് വ്യക്തമാക്കുന്നതാണിവ. രോഗികളുടെ ക്ഷേമനിധിയിലേക്ക് പണം സ്വരൂപിക്കാനാണ് ഈ ഗ്രന്ഥങ്ങൾ സ്റ്റാളിലൂടെ വിൽക്കുന്നത്. കണ്ണൂർ പോലീസ് മൈതാനിയിൽ മെയ് 14 വരെയാണ് മേള.

date