Skip to main content
എ ഐ കാലത്തെ പഠനവും ജോലിയും എന്ന വിഷയത്തിൽ നടന്ന സെമിനാറിൽ നിന്നും

എ ഐ കാലത്തെ പഠനവും ജോലിയും ചര്‍ച്ച ചെയ്ത് സെമിനാര്‍ 

 

സാങ്കേതിക വിദ്യയെ ശത്രുവായി കാണുന്ന മനോഭാവം മാറ്റിവെക്കണമെന്നും സാങ്കേതിക സങ്കേതങ്ങള്‍ അറിഞ്ഞ് ഉപയോഗിക്കണമെന്നും ഉണര്‍ത്തി സെമിനാര്‍. എന്റെ കേരളം പ്രദര്‍ശന-വിപണന മേളയിലെ 'എ ഐ കാലത്തെ പഠനവും ജോലിയും' സെമിനാറാണ് സജീവ ചര്‍ച്ചകളാല്‍ സമ്പന്നമായത്. മാറ്റങ്ങളോട് പൊരുത്തപ്പെട്ട് പോയാല്‍ മാത്രമാണ് നവീകരണം സംഭവിക്കുക, അല്ലെങ്കില്‍ കാലഹരണപ്പെട്ടയാളായി മാറും. എ ഐ സാങ്കേതിക വിദ്യകള്‍ ജോലിസാധ്യതകള്‍ കുറക്കില്ലെന്നും ജോലിയുടെ സ്വഭാവങ്ങള്‍ക്ക് മാറ്റമുണ്ടാകുമെന്നും സെമിനാര്‍ അഭിപ്രായപ്പെട്ടു.
സെമിനാര്‍ കൈറ്റ് സിഇഒ കെ അന്‍വര്‍ സാദത്ത് ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ മേഖലയില്‍ എ ഐ സാങ്കേതിക വിദ്യകള്‍ അറിഞ്ഞ് ഉപയോഗിക്കുമ്പോള്‍ പഠനം കൂടുതല്‍ മെച്ചപ്പെടുമെന്ന് അദ്ദേഹം പറഞ്ഞു. ഡിജിറ്റല്‍ പഠനരീതിയെ കുട്ടികള്‍ കൂടുതല്‍ ഇഷ്ടപ്പെടുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നൈപുണികള്‍ക്കപ്പുറം കാര്യങ്ങള്‍ ഗ്രഹിക്കാനുള്ള ശേഷിയും മറ്റൊരാള്‍ക്ക് വ്യക്തമായി പറഞ്ഞ് കൊടുക്കാനുള്ള കഴിവുമുണ്ടെങ്കില്‍ ഐ ടി മേഖലകളില്‍ ജോലി ലഭിക്കാനുള്ള സാധ്യത വര്‍ധിക്കുമെന്ന് യു എല്‍ ടെക്‌നോളജീസ് സിഐഒ ആര്‍ ഹരികൃഷ്ണന്‍ പറഞ്ഞു.

ഭയം മാറ്റിവെച്ച് സാങ്കേതികവിദ്യയുമായി കൂടുതല്‍ അടുക്കാനും അത് പ്രയോജനപ്പെടുത്താനും സാധിക്കണമെന്ന് എന്‍ഐടി അസോസിയേറ്റ് പ്രൊഫസര്‍ ഡോ. പി എന്‍ പൗര്‍ണമി പറഞ്ഞു. സാങ്കേതിക വിദ്യകള്‍ക്ക് ഓരോ നിമിഷവും  മാറ്റമുണ്ടാകുന്നതിനാല്‍ അഭിരുചികള്‍ക്ക് മാറ്റങ്ങളുണ്ടാകുമെന്നും അത് മനസ്സിലാക്കി വേണം ലക്ഷ്യം തെരഞ്ഞെടുക്കാനെന്നും ഇന്റര്‍വെല്‍ സ്റ്റാര്‍ട്ടപ്പ് സ്ഥാപകന്‍ റമീസ് അലി പറഞ്ഞു. 

ചടങ്ങില്‍ എസ്എസ്‌കെ ജില്ലാ കോഓഡിനേറ്റര്‍ അബ്ദുല്‍ ഹക്കീം അധ്യക്ഷത വഹിച്ചു. കൈറ്റ് സംസ്ഥാന കോര്‍ ടീം മെമ്പര്‍ രമേശന്‍ സ്വാഗതവും കൈറ്റ് ജില്ലാ കോഓഡിനേറ്റര്‍ കെ മനോജ് കുമാര്‍ നന്ദിയും പറഞ്ഞു.

date