എന്റെ കേരളം പ്രദര്‍ശനവിപണനമേള: ശരിക്കും നിങ്ങള്‍ക്കെത്ര വയസ്സുണ്ട്? ജനനസര്‍ട്ടിഫിക്കറ്റിലെ പ്രായമല്ല, ശരീരത്തിന്റെ പ്രായം
ശരിക്കും നിങ്ങള്‍ക്കെത്ര വയസ്സുണ്ടെന്ന് വല്ലപ്പോഴും ആലോചിച്ചിട്ടുണ്ടോ? ജനന സര്‍ട്ടിഫിക്കറ്റിലെ പ്രായമല്ല, ശരീരത്തിന്റെ യഥാര്‍ത്ഥ വയസ്സ്. അതറിയണമെങ്കില്‍ ആലപ്പുഴ ബീച്ചില്‍ നടക്കുന്ന എന്റെ കേരളം പ്രദര്‍ശന വിപണന മേളയിലെ ആരോഗ്യവകുപ്പിന്റെ സ്റ്റാളിലേക്ക് വന്നാല്‍ മതി. ആരോഗ്യവകുപ്പിന്റെ സ്റ്റാളില്‍ സജ്ജീകരിച്ചിരിക്കുന്ന 'ബോഡി ഫാറ്റ് അനലൈസര്‍' എന്ന ഉപകരണമാണ് ശരീരത്തിന്റെ യഥാര്‍ഥ പ്രായമളന്ന് ഭാവികാലത്തേക്കുള്ള സൂചനകള്‍ തരുന്നത്.
പ്രായം കുറവായിട്ടും അനാരോഗ്യകരമായ ജീവിതം നയിച്ചതുമൂലം ശരീരത്തിന് പ്രായമേറിയവര്‍ക്ക് അത് തിരിച്ചറിയാനുള്ള അപൂര്‍വ അവസരമാണ് സൗജന്യമായി സ്റ്റാളില്‍ നിന്ന് ലഭിക്കുന്നത്.
ബോഡി ഫാറ്റ് അനലൈസറില്‍ കയറി നില്‍ക്കുന്നവരുടെ ശരീരത്തിലെ കൊഴുപ്പിന്റെ അളവ്, ജലത്തിന്റെ അളവ്, ബോഡിമാസ് ഇന്‍ഡക്‌സ്, ബോണ്‍മാസ്സ്, മസില്‍ മാസ്സ്, വയറ്റിലെ ഫാറ്റ് തുടങ്ങിയവ പരിശോധനയ്ക്ക് വിധേയമാക്കുകയും അവ വിശകലനം ചെയ്ത് ശരീരത്തിന്റെ യഥാര്‍ത്ഥ പ്രായം (മെറ്റബോളിക് എയജ്) കണ്ടെത്തിത്തരുകയുമാണ് ചെയ്യുന്നത്. ഇതിലൂടെ ഭാവി ജീവിതം ചിട്ടപ്പെടുത്താനും രോഗസങ്കീര്‍ണതകളില്‍ നിന്ന് രക്ഷപ്പെടാനും സാധിക്കും. പരിശോധനയ്ക്ക് വിധേയരാകുന്നതില്‍ വലിയൊരു വിഭാഗത്തിന് ചിട്ടയില്ലാത്ത ജീവിതശൈലി കാരണം യഥാര്‍ത്ഥ പ്രായത്തില്‍ നിന്ന് ഇരട്ടിയിലധികം പ്രായമാണ് മെറ്റബോളിക് എയജായി കണ്ടെത്തുന്നതെന്ന് ആരോഗ്യപ്രവര്‍ത്തകര്‍ ചൂണ്ടിക്കാണിച്ചു.
ബോഡി ഫാറ്റ് അനലൈസറില്‍ പരിശോധനകള്‍ നടത്താന്‍ രണ്ട് ഡയറ്റീഷ്യന്മാാരുടെ സേവനവും സ്റ്റാളില്‍ ഉണ്ട്. ഇവര്‍ പരിശോധനാ ഫലം വിശകലനം ചെയ്ത് ആവശ്യമുള്ളവര്‍ക്ക് ആരോഗ്യകരമായ ശരീരത്തിനായി പാലിക്കേണ്ട ഭക്ഷണക്രമവും വ്യായാമവും തുടര്‍ ചികിത്സ ആവശ്യമെങ്കില്‍ അതിനുള്ള നിര്‍ദ്ദേശങ്ങളും നല്‍കുന്നുണ്ട്.
- Log in to post comments