പച്ചപ്പ് പടര്‍ത്താം, തരിശിന് തടയിടാം; പച്ചത്തുരുത്തുമായി ഹരിത കേരള മിഷന്
ഭൂമിയും ജലവും മണ്ണും മലിനമാക്കാത്തതാണ് യഥാര്‍ഥ വികസനമെന്ന തിരിച്ചറിവാണ് പച്ചപ്പ് തിരിച്ചുപിടിക്കാനുള്ള പോരാട്ടത്തില്‍ നിര്‍ണായകം. മനുഷ്യന്റെ ജീവന്റെയും നിലനില്‍പ്പിന്റെയും ആധാരമാണത്. പ്രകൃതി സന്തുലനത്തിന്റെ പറുദീസയായിരുന്ന കേരളത്തിന്റെ നഷ്ടപ്പെട്ട ഹരിത ചാരുത തിരിച്ചുപിടിക്കാനുള്ള ശ്രമത്തിലാണ് ഹരിത കേരള മിഷൻ. സര്‍ക്കാരിന്റെ നാലാം വാര്‍ഷികത്തോടനുബന്ധിച്ച് മെയ് 14 വരെ കണ്ണൂര്‍ പോലീസ് മൈതാനിയില്‍ നടക്കുന്ന എന്റെ കേരളം പ്രദര്‍ശന വിപണന മേളയിലെ ഹരിത കേരളം സ്റ്റാളിലെത്തുന്നവര്‍ക്ക് സ്വന്തം പറമ്പില്‍ സൗജന്യമായാണ് ഹരിതകേരളം പച്ചത്തുരുത്തുകള്‍ നിര്‍മിച്ച് നല്‍കുന്നത്.
തരിശായി ഒരു തരി ഭൂമിപോലും നമ്മുടെ നാട്ടില്‍ വെറുതെ കിടക്കരുത് എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. തരിശായി കിടക്കുന്ന ഭൂമി ഹരിതാഭമാക്കാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ നിങ്ങള്‍ക്കും സ്റ്റാളിലെത്തി രജിസ്റ്റര്‍ ചെയ്യാം. രജിസ്റ്റര്‍ ചെയ്തവരുടെ ഭൂമി ഉദ്യോഗസ്ഥര്‍ നേരിട്ടെത്തി പരിശോധിക്കുന്നതാണ് ആദ്യ ഘട്ടം. ഭൂപ്രകൃതിക്ക് അനുയോജ്യമായ മരങ്ങളും തൈകളും കണ്ടെത്തി തൊഴിലുറപ്പ് തൊഴിലാളികളുടെയും എന്‍എസ്എസ് വളണ്ടിയര്‍മാരുടെയും നേതൃത്വത്തില്‍ വൃത്തിയാക്കി വൃക്ഷത്തെകള്‍ നട്ടുപിടിപ്പിക്കുന്നു. ഇതിന് ശേഷമുള്ള ചെടികളുടെ സംരക്ഷണം ഭൂ ഉടമസ്ഥരുടെ ഉത്തരവാദിത്തമാണ്. ഇത്തരത്തില്‍ വളര്‍ത്തുന്ന തൈകള്‍ക്ക് അഞ്ച് വര്‍ഷം വരെ കൃത്യമായ പരിപാലനം നല്‍കണം. ഇവ മുറിച്ചുമാറ്റല്‍ അനുവദനീയമല്ല. ജില്ലയിലെ തന്നെ വിവിധ നഴ്സറികളില്‍ നിന്നാണ് പച്ചത്തുരുത്ത് നിര്‍മാണത്തിനുള്ള മരങ്ങള്‍ ശേഖരിക്കുന്നത്. ഇതില്‍ വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന തൈകളും ഉള്‍പ്പെടും. ഹരിത സ്റ്റാളില്‍ മരവുമായി ബന്ധപ്പെട്ട പ്രശ്നോത്തരിയും നടക്കുന്നുണ്ട്. ക്യൂ ആര് കോഡ് സ്കാന്‍ ചെയ്തുകൊണ്ട് സ്റ്റാളിലെത്തുന്നവര്‍ക്ക് ഇതില്‍ പങ്കാളികളാവാം. ഒരേയൊരു ചോദ്യത്തിന് ശരിയുത്തരം നല്കിയാല് ഒരു മരം സമ്മാനമായി ലഭിക്കും.
- Log in to post comments