ഹജ്ജ് തീർത്ഥാടനം, ആദ്യ സംഘത്തിനു ക്യാമ്പിൽ സ്വീകരണം നൽകി
സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ഈ വർഷത്തെ ഹജ്ജ് തീർത്ഥാടനത്തിനു പുറപ്പെടുന്ന ആദ്യ സംഘത്തിന് വെള്ളിയാഴ്ച രാവിലെ 9 മണിക്ക് കരിപ്പൂരിൽ ഹജ്ജ് കമ്മിറ്റി ചെയർമാൻ ഡോ. ഹുസൈൻ സഖാഫി ചുള്ളിക്കോടിന്റെ നേതൃത്വത്തിൽ സ്വീകരിച്ചു. ടി.വി ഇബ്റാഹീം എം.എൽ.എ, ഹജ്ജ് കമ്മിറ്റി അംഗങ്ങളായ അഡ്വ. പി. മൊയ്തീൻ കുട്ടി, അഷ്കർ കോറാട്, കൊണ്ടോട്ടി മുൻസിപ്പാലിറ്റി ചെയർപേഴ്സൺ നിദാ സഹീർ, ഹജ്ജ് കമ്മിറ്റി അസിസ്റ്റന്റ് സെക്രട്ടറി ജാഫർ കെ. കക്കൂത്ത്, ഹജ്ജ് സെൽ സെപ്ഷ്യൽ ഓഫീസർ യു.അബ്ദുൽ കരീം ഐ.പി.എസ് (റിട്ട), സെൽ ഓഫീസർ കെ.കെ മൊയ്തീൻ കുട്ടി, യൂസുഫ് പടനിലം, തുടങ്ങിയവവരും ഹജ്ജ് ക്യാമ്പ് ഉദ്യോഗസ്ഥർ, വോളണ്ടിയർമാർ തുടങ്ങിയവരും ചടങ്ങിൽ സംബന്ധിച്ചു.
എയർപോർട്ടിൽ എയർ ഇന്ത്യ എക്സപ്രസിന്റെ കൗണ്ടറിൽ ലഗേജ് കൈമാറി ക്യാമ്പ് രജിസ്ട്രേഷൻ പൂർത്തിയാക്കിയ ശേഷം ഹജ്ജ് കമ്മിറ്റി ഒരുക്കിയ പ്രത്യേക ബസ്സിലാണ് തീർത്ഥാടകർ ക്യാമ്പിലെത്തിയത്. ഈത്തപ്പഴവും റോസ് പൂക്കളും നൽകിയാണ് തീർത്ഥാടകരെ ക്യാമ്പിലേക്ക് സ്വീകരിച്ചത്.
വിശുദ്ധ ഹജ്ജ് കർമ്മത്തിനായുള്ള വർഷങ്ങളുടെ ആഗ്രഹവും കാത്തിരിപ്പും എല്ലാവിധത്തിലും സഫലീകൃതമാവാനുളള പ്രാർത്ഥനകൾ നൽകിയാണ് തീർത്ഥാടകരെ യാത്രയാക്കാനെത്തിയ ഇഷ്ട ജനങ്ങൾ ക്യാമ്പ് വിട്ടിറങ്ങിയത്.
ആദ്യ വിമാനത്തിലേക്കുള്ള തീർത്ഥാടരുടെ പാസ്പോർട്ട്, സ്റ്റീൽ വള, ഐ.ഡി കാർഡ്, ബോർഡിങ്ങ് പാസ്, ബാഗേജുകളിൽ പതിക്കുന്നതിനുള്ള ആർ.എഫ്.ഐ.ഡി സ്റ്റിക്കർ ഉൾപ്പടെയുള്ള യാത്രാ രേഖകൾ ഉച്ചക്ക് ശേഷം വിതരണം ചെയ്തു. ഈ വർഷം പുതുതായി സംവിധാനിച്ച ആർ.എഫ്.ഐ.ഡി കാർഡിൽ തീർത്ഥാടകരുടെ പേര്, കവർ നമ്പർ, മക്കയിലേയും മദീനയിലേയും താമസ കേന്ദ്രങ്ങളുടെ വിവരങ്ങൾ ഉൾപ്പെടെയുള്ളതാണ്. തീർത്ഥാടകരുടെ ബാഗേജുകൾ കൃത്യമായി ട്രാക്ക് ചെയ്യാൻ ഇത് വഴി സാധിക്കും. ആദ്യ സംഘത്തിലെ തീർത്ഥാടകർക്കുള്ള ഔദ്യോഗിക യാത്രാ നിർദ്ദേശങ്ങൾ വൈകുന്നേരം ആറ് മണിക്ക് ഹജ്ജ് സെൽ സെപ്ഷ്യൽ ഓഫീസർ യു.അബ്ദുൽ കരീം ഐ.പി.എസ് (റിട്ട), സെൽ ഓഫീസർ കെ.കെ മൊയ്തീൻ കുട്ടി ഐ.പി. എസ് എന്നിവർ നൽകി.
- Log in to post comments