Skip to main content

എന്റെ കേരളം പ്രദര്‍ശന മേളയില്‍ ജനശ്രദ്ധ ആകര്‍ഷിച്ച് കൃഷിവകുപ്പ് സ്റ്റാളുകള്‍

സംസ്ഥാന സര്‍ക്കാറിന്റെ നാലാം വാര്‍ഷികാഘോഷങ്ങളോട് അനുബന്ധിച്ച് മലപ്പുറം കോട്ടക്കുന്നില്‍ ആരംഭിച്ച 'എന്റെ കേരളം' പ്രദര്‍ശന വിപണന മേളയില്‍ ഒരുക്കിയ കൃഷിവകുപ്പിന്റെ സ്റ്റാളുകള്‍ ശ്രദ്ധേയമായി. തീം പവലിയനില്‍ ഒരുക്കിയിരിക്കുന്ന കൃഷി വകുപ്പ് സ്റ്റാളില്‍ ഡിജിറ്റല്‍ അഗ്രികള്‍ച്ചര്‍ മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ പൊതുജനങ്ങള്‍ക്ക് അനുഭവഭേദ്യമാകുന്ന തരത്തിലാണ് സജ്ജീകരിച്ചിരിക്കുന്നത്. ഡ്രോണ്‍ സംവിധാനത്തിന്റെ കൃഷിയിടത്തിലെ സാധ്യതകളെക്കുറിച്ച് കര്‍ഷകര്‍ക്കും പൊതുജനത്തിനും അവബോധം സൃഷ്ടിക്കുന്നതിനും ഡ്രോണ്‍ പ്രവര്‍ത്തനം അടുത്തറിയുന്നതിനും ലൈവ് ഡെമോണ്‍സ്ട്രഷനും സ്റ്റാളില്‍ സജ്ജീകരിച്ചിട്ടുണ്ട്.

കൃഷി വകുപ്പിന്റെ സ്വന്തം ബ്രാന്‍ഡായ കേരളഗ്രോ ഉല്‍പ്പന്നങ്ങളുടെയും മില്ലറ്റ് ഉല്‍പ്പന്നങ്ങളുടെയും പ്രദര്‍ശനവും ഒരുക്കിയിട്ടുണ്ട്. കാര്‍ഷിക സേവനങ്ങള്‍ ഒരു കുടക്കീഴിലാക്കി നിലവില്‍ വന്ന 'കതിര്‍' ആപ്പ് രജിസ്ട്രേഷന്‍ ഹെല്‍പ് ഡെസ്‌ക്കും കൃഷി വകുപ്പ് നടപ്പാക്കുന്ന വിവിധ ഫ്ളാഗ്ഷിപ്പ് പദ്ധതികളെ സംബന്ധിച്ച വിവരങ്ങള്‍ ലഭ്യമാക്കുന്ന ഹെല്‍പ്പ് ഡസ്‌കുകളും തീം പവലിയനില്‍ ഒരുക്കിയിരിക്കുന്നത് സന്ദര്‍ശകര്‍ക്ക് ഏറെ ഗുണപ്രദമായി. വിളകളിലെ രോഗ കീട നിയന്ത്രണം സംബന്ധിച്ച് സമഗ്രമായ വിവരങ്ങള്‍ ലഭ്യമാക്കുന്ന ക്രോപ്പ് ഹെല്‍ത്ത് ക്ലിനിക്കും പ്ലാന്റ് ഡോക്ടര്‍ സേവനവും സ്റ്റാളില്‍ സജ്ജീകരിച്ചിട്ടുണ്ട്. ഇതിന് പുറമെ 1500 സ്‌ക്വയര്‍ ഫീറ്റില്‍  കൃഷി വകുപ്പ് മലപ്പുറം ജില്ല ഒരുക്കിയിരിക്കുന്ന നടീല്‍ വസ്തുക്കളുടെയും കാര്‍ഷിക മൂല്യ വര്‍ദ്ധിത ഉത്പന്നങ്ങളുടെയും പ്രദര്‍ശന വിപണന മേളയും പൊതുജന പങ്കാളിത്തം കൊണ്ട് ഉദ്ഘാടന ദിവസം തന്നെ സജീവമായി. കൂടാതെ കേരളഗ്രോ ബ്രാന്‍ഡ്  ഉല്‍പ്പന്നങ്ങളുടെയും മില്ലറ്റുകളുടെയും വിപണന സ്റ്റാളുകള്‍ ഇവിടെ ഉണ്ട്. ഹൈഡ്രോ പോണിക്സ് കൃഷിരീതി അതിസാന്ദ്രത കൃഷിരീതി, ആര്‍. കെ.വി.വൈ പദ്ധതി പ്രകാരം കയറ്റുമതി ലക്ഷ്യമാക്കിയുള്ള വാഴകൃഷി,  വെറ്റിലയില്‍ നിന്നുള്ള വൈന്‍, സോപ് അഗര്‍ബത്തി ഉള്‍പ്പെടെയുള്ള മൂല്യ വര്‍ധിത ഉത്പന്നങ്ങള്‍, മുണ്ടേരി ഫാമില്‍ നിന്നുള്ള വിവിധയിനത്തില്‍ പെട്ട മാങ്ങകള്‍ എന്നിവയുടെ പ്രദര്‍ശനം വിപണനം എന്നിവ കൊണ്ട് സ്റ്റാളുകള്‍ എല്ലാം തന്നെ സജീവമായി.  വിവിധ കാര്‍ഷിക ഉത്പന്നങ്ങള്‍ വാങ്ങുന്നതിനുള്ള സൗകര്യവും ഇവിടെ സജ്ജീകരിച്ചിട്ടുണ്ട്.

കൃഷിവകുപ്പ്- ആത്മയുടെ നേതൃത്വത്തില്‍ വിവിധ ഫാര്‍മേഴ്സ് പ്രൊഡ്യൂസര്‍ കമ്പനികളും ഫാര്‍മര്‍ പ്രൊഡ്യൂസര്‍ ഓര്‍ഗനൈസേഷനുകളും ഒരുക്കിയ  പ്രദര്‍ശന സ്റ്റാളുകള്‍ മേളയില്‍ ഏറെ ആകര്‍ഷണമായി. മില്ലറ്റില്‍ നിന്ന് ഉടന്‍ ഉപയോഗിക്കാവുന്ന രീതിയില്‍ ദോശ, കട്ലറ്റ്, കൂണ്‍ വിഭവങ്ങള്‍ എന്നിവ മില്ലറ്റ് കഫെ,  എഫ്.പി.ഒകള്‍ വിപണനത്തിനായി ഒരുക്കിയത് സന്ദര്‍ശകരെ ഏറെ ആകര്‍ഷിച്ചു കൂടാതെ കാര്‍ഷിക യന്ത്രങ്ങളുടെയും ഉപകരണങ്ങളുടെയും പ്രദര്‍ശനവുമായി കാര്‍ഷിക എന്‍ജിനീയറിങ് വിഭാഗം ഒരുക്കിയ സ്റ്റാള്‍ ഏറെ ജനശ്രദ്ധ ആകര്‍ഷിച്ചു.

date