എന്റെ കേരളം പ്രദര്‍ശന മേളയില്‍ താരങ്ങളായി പാവക്കൂട്ടങ്ങള്‍
സംസ്ഥാന സര്‍ക്കാരിന്റെ നാലാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി മലപ്പുറം കോട്ടക്കുന്നില്‍ നടക്കുന്ന എന്റെ കേരളം പ്രദര്‍ശന വിപണനമേളയില്‍ താരങ്ങളായി പാവക്കൂട്ടങ്ങള്‍. ചേലമ്പ്ര നാരായണന്‍ നായര്‍ മെമ്മോറിയല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ എന്‍.എസ്.എസ് യൂണിറ്റിന്റെ നേതൃത്വത്തിലാണ് പാവനാടകങ്ങള്‍ അരങ്ങേറിയത്. പ്രദര്‍ശനത്തിനെത്തിയവര്‍ക്ക് പാവനാടക കഥാപാത്രം 'ഉണ്ടാപ്പി' ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. മാലിന്യമുക്ത നവകേരളം എന്ന ആശയത്തെ മുന്‍നിര്‍ത്തിയും ലഹരി വിരുദ്ധ സന്ദേശങ്ങള്‍ ഉള്‍ക്കൊള്ളുകയും ചെയ്യുന്ന പാവനാടകമാണ് ചേലേമ്പ്ര ഗ്രാമപഞ്ചായത്തിന്റെ സഹകരണത്തോടെ എന്‍.എസ്.എസ് യൂണിറ്റ് തയ്യാറാക്കുന്നത്. 12 വിദ്യാര്‍ത്ഥികളാണ് അവതരണത്തിനായി പരിശീലനം നേടിയത്. പ്രശസ്ത പാവ നാടക പരിശീലകന്‍ എ.കെ കൃഷ്ണകുമാറാണ് വിദ്യാര്‍ത്ഥികള്‍ക്ക് പരിശീലനം നല്‍കിയത്. വിദ്യാര്‍ത്ഥികളായ അനേഘ, വിദ്യശ്രീ, ഹിബ നഫ്‌ലത്ത്, മുബശ്ശിറ എന്നിവരാണ് മേളയില്‍ പങ്കെടുത്തത്. എന്‍.എസ്.എസ്. പ്രോഗ്രാം ഓഫീസര്‍മാരായ ഇ. ബൈജീവ്, ടി. സുഷ എന്നിവര്‍ നേതൃത്വം നല്‍കി. പാവനാടക തിയേറ്ററിന്റെ ഉദ്ഘാടന അവതരണം മെയ് 12 ന് വൈകുന്നേരം അഞ്ചിന് സ്‌കൂളിലെ ഓപ്പണ്‍ ഓഡിറ്റോറിയത്തില്‍ നടക്കും.
- Log in to post comments