ക്ഷേമ പദ്ധതി വിശദീകരണവുമായി ന്യൂനപക്ഷ ക്ഷേമ വകുപ്പ്
ന്യൂനപക്ഷ ക്ഷേമത്തിനായി നടപ്പാക്കുന്ന പദ്ധതികളുടെ ലഘു വിവരണമാണ് 'എന്റെ കേരളം' പ്രദർശന വിപണന മേളയിലെ ന്യൂനപക്ഷ ക്ഷേമ വകുപ്പിന്റെ സ്റ്റാളിൽ ഒരുക്കിയിട്ടുള്ളത്. സംസ്ഥാനത്തെ ന്യൂനപക്ഷ ജനവിഭാഗങ്ങളുടെ സാമൂഹിക-സാമ്പത്തിക - വിദ്യാഭ്യാസ പിന്നോക്കാവസ്ഥ പരിഹരിക്കുന്നതിന് ആവശ്യമായ പരിപാടികളും പദ്ധതികളും ആവിഷ്‌കരിച്ച് നടപ്പിലാക്കുകയും അതുവഴി ഈ വിഭാഗങ്ങളുടെ സമഗ്രമായ സാമൂഹിക ഉന്നമനം സാധ്യമാക്കുകയുമാണ് ഈ വകുപ്പിന്റെ ലക്ഷ്യം. മുസ്ലിം, ക്രിസ്ത്യൻ, ബുദ്ധ, സിഖ്, ജൈന, പാഴ്‌സി എന്നിങ്ങനെ ന്യൂനപക്ഷ വിഭാഗത്തിൽപെട്ട അഭ്യസ്തവിദ്യരായ യുവതി യുവാക്കൾക്ക് ആറുമാസം ദൈർഘ്യമുള്ള സൗജന്യ പി.എസ്.സി പരീക്ഷ പരിശീലനമുൾപ്പെടെ പ്രീമെട്രിക് സ്‌കോളർഷിപ്പ്, സ്വയം തൊഴിൽ വായ്പ പദ്ധതികൾ എന്നിവയുടെ വിശദാംശങ്ങളും സ്റ്റാളിൽ ലഭ്യമാണ്. കേരള സംസ്ഥാന ന്യൂനപക്ഷ വികസന ധനകാര്യ കോർപ്പറേഷന്റെ നേതൃത്വത്തിൽ ന്യൂനപക്ഷ വിഭാഗത്തിന് വളരെ കുറഞ്ഞ പലിശ നിരക്കിൽ വിദ്യാഭ്യാസ, പ്രവാസി, ഭവന, ചികിത്സ വായ്പകളും നൽകിവരുന്നു. നിലവിലുള്ള വായ്പ പദ്ധതികളുടെ വരുമാനപരിധിയിലും പലിശ നിരക്കിലും വന്ന മാറ്റങ്ങളുടെ വിശദീകരണവും സന്ദർശകരെ സ്റ്റാളിലേക്ക് ആകർഷിക്കുന്നുണ്ട്.
- Log in to post comments