പീരുമേട് മണ്ഡലത്തിൽ എല്ലാ വീടുകളിലും കുടിവെള്ളം എത്തിക്കും: വാഴൂർ സോമൻ എം.എൽ.എ
വള്ളക്കടവ് - വഞ്ചിവയൽ റോഡ് നിർമ്മാണോദ്ഘാടനം നടത്തി
പീരുമേട് നിയമസഭാ മണ്ഡലത്തിൽ എല്ലാ വീടുകളിലും കുടിവെള്ളം എത്തിക്കുമെന്നും ഇതിനായി സംസ്ഥാന സർക്കാർ 458 കോടി രൂപ അനുവദിച്ചിട്ടുണ്ടെന്നും വാഴൂർ സോമൻ എം.എൽ.എ പറഞ്ഞു.
വള്ളക്കടവ് - വഞ്ചിവയൽ റോഡ് നിർമ്മാണോദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഒൻപത് പഞ്ചായത്തുകളുള്ള മണ്ഡലത്തിൽ ഏറ്റവും കൂടുതൽ ഫണ്ട് അനുവദിച്ചിരിക്കുന്നത് വണ്ടിപ്പെരിയാറിനാണ്. എല്ലാ വീടുകളിലും കുടിവെള്ള വിതരണം എത്തിക്കുന്നതിനാണ് ജില്ലയിൽ നിന്നുമുള്ള ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ്റെ നേതൃത്വത്തിൽ ശ്രമിച്ചു കൊണ്ടിരിക്കുന്നത് എന്ന് എം.എൽ.എ കൂട്ടിച്ചേർത്തു.
പീരുമേട് മണ്ഡലം വികസനത്തിൻ്റെ പാതയിലാണ്. മണ്ഡലത്തിലെ കുടിവെള്ള പദ്ധതികളുടെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് ടെണ്ടറായി കഴിഞ്ഞുവെന്നും എം.എൽ.എ പറഞ്ഞു.
എലാവർക്കും വീട് നൽകാൻ സംസ്ഥാന സർക്കാർ പ്രതിബദ്ധമാണെന്നും വഞ്ചിവയൽ ഉന്നതിയിലെ അർഹരായവരുടെ അപേക്ഷ ഉടൻ സമർപ്പിക്കാൻ ഊരു മൂപ്പനോട് എം എൽ.എ നിർദേശിച്ചു.
മേഖലയിൽ വൈദ്യുതി എത്തി, റോഡ് യാഥാർത്ഥ്യമാകുന്നു. മുൻ മന്ത്രി കെ.രാധാകൃഷ്ണൻ്റെ ഇടപെടലാണ് ഇത്രയും വേഗം റോഡ് നിർമ്മാണത്തിന് വഴിയൊരിക്കിയതെന്നും എം.എൽ.എ കൂട്ടിച്ചേർത്തു.
രണ്ട് മാസം കൊണ്ട് റോഡ് നിർമ്മാണം പൂർത്തികരിക്കാനാണ് ലക്ഷ്യം. ഇനി വേണ്ടത് ആശുപത്രിയാണ്. അതിനുള്ള ശ്രമം തുടരുമെന്ന് എം.എൽ.എ പറഞ്ഞു
പട്ടിക വർഗ്ഗ വികസന വകുപ്പ് കോർപ്പസ് ഫണ്ട് പദ്ധതി പ്രകാരം 3.26 കോടി രൂപയുടെ റോഡ് വികസന പദ്ധതികളാണ് വണ്ടിപ്പെരിയാർ ഗ്രാമ പഞ്ചായത്തിലെ വഞ്ചിവയൽ നഗറിൽ നടപ്പാക്കുന്നത്. വണ്ടിപ്പെരിയാര്‍ പഞ്ചായത്തിലെ വഞ്ചിവയല്‍ പട്ടികവര്‍ഗ ഉന്നതിയിലെ 87 പട്ടികവര്‍ഗ കുടുംബങ്ങളുടെ ദീർഘകാല ആവശ്യമായിരുന്നു വള്ളക്കടവ് ഫോറസ്റ്റ് ഓഫീസ് മുതല്‍ വഞ്ചി വയല്‍ വരെ നീളുന്ന റോഡ് നിര്‍മ്മാണം. വള്ളക്കടവ് മുതല്‍ വഞ്ചിവയല്‍ വരെ 4 കിലോമീറ്റര്‍ റോഡ് നിര്‍മ്മാണത്തിനാണ് 3,26,41,061(മൂന്ന് കോടി ഇരുപത്തി ആറ് ലക്ഷത്തി നാല്‍പത്തി ഒന്നായിരത്തി അറുപത്തിയൊന്ന് ) രൂപയാണ് സര്‍ക്കാര്‍ അനുവദിച്ചിട്ടുള്ളത്. റോഡിൻ്റെ നിർമ്മാണ ചുമതല പിഡബ്ലുഡി റോഡ്സ് വിഭാഗത്തിനാണ്.
വഞ്ചിവയൽ അംഗനവാടിയിൽ നടന്ന യോഗത്തിൽ വണ്ടിപ്പെരിയാർ ഗ്രാമപഞ്ചായത്ത് വൈസ്പ്രസിഡന്റ് എം. ശ്രീരാമൻ അധ്യക്ഷനായി. അഴുത ബ്ലോക്ക് പഞ്ചായത്ത് വൈസ്പ്രസിഡൻ്റ് ശെൽവത്തായി, അഴുത ബ്ലോക്ക് പഞ്ചായത്തംഗം പി.എം നൗഷാദ്, ഗ്രാമ പഞ്ചായത്തംഗങ്ങളായ ഷീല കുളത്തിങ്കൽ, മുനിയലക്ഷമി, വഞ്ചിവയൽ ഊരുമൂപ്പൻ റ്റി.അജയൻ, എസ് റ്റി പ്രമോട്ടർ എസ്.ബാലചന്ദ്രൻ, പിഡബ്ലിയുഡി അസിസ്റ്റൻ്റ് എഞ്ചിനിയർ ഹേമന്ത്, ട്രൈബൽ എക്സറ്റൻഷൻ ഓഫീസർ ആർ. ഹരിനാഥ് എന്നിവർ സംസാരിച്ചു.
ഫോട്ടോ: വള്ളക്കടവ് - വഞ്ചിവയൽ റോഡിൻ്റെ നിർമ്മാണോദ്ഘാടനം വാഴൂർ സോമൻ എം.എൽ.എ നിർവഹിക്കുന്നു.
- Log in to post comments