Skip to main content

തളിര്‍ റിഹാബിലിറ്റേഷന്‍ സെന്ററിലെ കുട്ടികളുടെ ആഗ്രഹം നിറവേറ്റി കളക്ടര്‍

ജില്ലാ കളക്ടറുമായി സംവദിക്കുന്നതിനിടയാണ് വേലൂര്‍ തളിര്‍ റിഹാബിലിറ്റേഷന്‍ സെന്ററിലെ കുട്ടികള്‍ അവരുടെ കുഞ്ഞ് ആഗ്രഹം പറഞ്ഞത്.
മുന്‍പ് ടി.വി യില്‍ കണ്ട് മനസ്സിലാക്കിയ തൃശ്ശൂര്‍ പൂരത്തെക്കുറിച്ച് ചോദിച്ചും പൂരത്തിന്റെ പ്രത്യേകതകള്‍ അറിഞ്ഞും അവര്‍ പൂരം കാണാന്‍ ഞങ്ങളേം കൊണ്ടുപോകുമോ എന്ന് ജില്ലാ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യനോട് ചോദിച്ചു. ഇത്തവണ തൃശ്ശൂര്‍ പൂരം പൂരപ്പറമ്പില്‍ നിന്ന് അടുത്തു കാണിക്കാന്‍ അവസരം ഒരുക്കി തരാമെന്ന് കളക്ടര്‍ കുട്ടികള്‍ക്ക് ഉറപ്പു നല്‍കി. തിരക്കുകള്‍ക്കിടയിലും കുട്ടികള്‍ക്ക് നല്‍കിയ ഉറപ്പ് പാലിക്കാന്‍ കളക്ടര്‍ മറന്നില്ല. പൂരത്തിന്റെ തിരക്കിനിടയിലും അവര്‍ക്കൊപ്പം ഫോട്ടോ എടുക്കാനും വിശേഷങ്ങള്‍ ചോദിച്ചറിയാനും കളക്ടര്‍ സമയം കണ്ടെത്തി. ജീവിതത്തില്‍ ആദ്യമായി തൃശ്ശൂര്‍ പൂരം നേരിട്ട് ആസ്വദിക്കാന്‍ അവസരം ലഭിച്ചതിനും ആനകളെ തൊട്ടടുത്ത് കാണാന്‍ അവസരം ഒരുക്കി നല്‍കിയതിനും ജില്ലാ കളക്ടറോട് നന്ദി പറഞ്ഞുകൊണ്ടാണ് കുട്ടികള്‍ മടങ്ങിയത്.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ് പ്രിന്‍സ് പൂരത്തിന് കുട്ടികള്‍ക്കൊപ്പം ഉണ്ടായിരുന്നു. തളിര്‍ ബി ആര്‍ സി യിലെ വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും വേലൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.ആര്‍ ഷോബിയും, വേലൂര്‍ ഗ്രാമപഞ്ചായത്ത് ഭരണസമിതി അംഗങ്ങളും അടങ്ങുന്ന 40 പേരാണ് സംഘത്തില്‍ ഉണ്ടായിരുന്നത്.

date