Skip to main content

വി.ടി. ഭട്ടതിരിപ്പാട് സാംസ്‌കാരിക സമുച്ചയം 18 ന് മുഖ്യമന്ത്രി നാടിന് സമര്‍പ്പിക്കും

 

പാലക്കാട് മെഡിക്കല്‍ കോളേജിന് സമീപം യാക്കര വില്ലേജിലെ അഞ്ച് ഏക്കറില്‍ നിര്‍മിച്ച വി.ടി.ഭട്ടതിരിപ്പാട് സാംസ്‌കാരിക സമുച്ചയം ഉദ്ഘാടനത്തിനായി ഒരുങ്ങി.  68 കോടി ചിലവില്‍ അത്യാധുനിക സംവിധാനങ്ങള്‍ ഉള്‍പ്പെടുത്തിയാണ് സാംസ്‌കാരിക സമുച്ചയം നിര്‍മ്മിച്ചിട്ടുള്ളത്.

ഏകദേശം ഒരു ലക്ഷം ചതുരശ്ര അടി വിസ്തീര്‍ണ്ണമുളള സമുച്ചയത്തില്‍ ആധുനിക ലൈറ്റിങ്, സൗണ്ട്, പ്രൊജക്ഷന്‍ സംവിധാനങ്ങള്‍ അടങ്ങിയ എ.വി. തിയേറ്റര്‍, ബ്ലാക്ക് ബോക്‌സ് തിയേറ്റര്‍, ശില്‍പശാലകള്‍ക്കുളള വേദി, ക്രാഫ്റ്റ് മ്യൂസിയം എന്നിവയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. മനോഹരമായ ഉദ്യാനവും, വിശാലമായ പാര്‍ക്കിങ്, കഫ്റ്റീരിയ സൗകര്യങ്ങളും ചേര്‍ന്നതാണ് സാംസ്‌കാരിക സമുച്ചയം.

എ.കെ ബാലന്‍ സാംസ്‌കാരിക മന്ത്രിയായിരിക്കെയാണ് എല്ലാ ജില്ലകളിലും സാംസ്‌കാരിക നായകന്‍മാരുടെ പേരില്‍ സാംസ്‌കാരിക കേന്ദ്രം അനുവദിച്ചത്.  2019 ഫെബ്രുവരി 24ന് സമുച്ചയത്തിന്റെ ശിലാസ്ഥാപനം നിര്‍വഹിച്ചു. കലയെ സ്‌നേഹിക്കുന്ന പാലക്കാടന്‍ ജനതയ്ക്ക് വി.ടി ഭട്ടതിരിപ്പാട് സാംസ്‌കാരിക സമുച്ചയം വലിയൊരു മുതല്‍കൂട്ടാകും.

മുഖ്യമന്ത്രി പിണറായി വിജയന്‍  മെയ് 18 ന് വൈകുന്നേരം നാല് മണിക്ക് വിടി ഭട്ടതിരിപ്പാട് സാം സ്‌കാരിക സമുച്ചയം നാടിന് സമര്‍പ്പിക്കും. മത്സ്യബന്ധന, സാംസ്‌കാരിക യുവജന കാര്യ വകുപ്പ് മന്ത്രി സജി ചെറിയാന്‍ അധ്യക്ഷനാവും. മന്ത്രിമാരായ കെ കൃഷ്ണന്‍ കുട്ടി, എം.ബി രാജേഷ്,വി കെ ശ്രീകണ്ഠന്‍ എം.പി, രാഹുല്‍ മാങ്കൂട്ടത്തില്‍ എം.എല്‍.എ, മുന്‍ സാംസ്‌കാരിക വകുപ്പ് മന്ത്രി എ.കെ ബാലന്‍, വി.ടി ഭട്ടതിരിപ്പാടിന്റെ  മകന്‍ വി.ടി വാസുദേവന്‍, രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക  മേഖലയിലെ പ്രമുഖര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

 

date