സാങ്കേതികവിദ്യയില്‍ മികവുണര്‍ത്തി 'എന്റെ കേരള'ത്തില്‍ ഗവ. ഐടിഐകള്‍
സാങ്കേതിക വിദ്യകളുടെയും പുതു കണ്ടുപിടുത്തങ്ങളുടെയും നീണ്ട നിരയുമായി കണ്ണൂര്‍ ഗവ ഐടിഐ. സംസ്ഥാന സര്‍ക്കാരിന്റെ നാലാം വാര്‍ഷികത്തിന്റെ ഭാഗമായി എന്റെ കേരളം പ്രദര്‍ശന വിപണന മേളയില്‍ കണ്ണൂര്‍ ഗവ. ഐടിഐ ഒരുക്കിയ സ്റ്റാള്‍ കുട്ടികളിലും മുതിര്‍ന്നവരിലും കൗതുകമുണര്‍ത്തി. കണ്ണൂര്‍ ഗവ. ഐടിഐ, കൂത്തുപറമ്പ് ഗവ. ഐടിഐ, കണ്ണൂര്‍ ഗവ. വനിതാ ഐടിഐ ക്യാമ്പസുകളിലെ വിദ്യാര്‍ഥികള്‍ തയ്യാറാക്കിയ ഉപകരണങ്ങളുടെയും കണ്ടുപിടുത്തങ്ങളുടെയും മാതൃകകളാണ് സ്റ്റാളില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്നത്.
ബള്‍ബ്, സ്പീക്കര്‍, പാമ്പന്‍ പാലത്തിന്റെ മിനിയേച്ചര്‍ രൂപം, മഷി നിറച്ച് ഉപയോഗിക്കാവുന്ന മെറ്റല്‍ പേന, ഇന്‍ഫിനിറ്റി ക്യൂബോയ്ഡ്, 20 കിലോ ഭാരമുള്ള പൂര്‍ണമായും ബ്രാസില്‍ നിര്‍മിച്ചെടുത്ത ജി എസ് എല്‍ വി എം കെ മൂന്നിന്റെ മാതൃക, വയര്‍ലെസ്സായി കറണ്ട് പാസ്സ് ചെയ്യിക്കാവുന്ന ടെസ്ല കോയില്‍, കെഎസ്ആര്‍ടിസി ബസ്സിന്റെ മിനിയേച്ചര്‍, പസില്‍ ഗെയിംസ്, വാട്ടര്‍ ഫൗണ്ടേന്‍, അപ്പ് ആന്‍ഡ് ഡൗണ്‍ ബ്രിഡ്ജ് എന്നിവയുടെ മിനിയേച്ചര്‍ മാതൃകയും തോട്ടട ഗവ. വുമണ്‍സ് ഐടിഐ യിലെ ഫാഷന്‍ ഡിസൈനിങ് വിദ്യാര്‍ഥികള്‍ തയ്യാറാക്കിയ വിവിധ തരം തുണിത്തരങ്ങളും മേളയില്‍ ശ്രദ്ധേയമായി.
'എസ്ര'യാണ് താരം
കണ്ണൂര്‍ ഗവ. ഐടിഐയിലെ മെക്കാനിക്കല്‍ ആന്റ് ഇലക്ട്രോണിക്‌സ് വിദ്യാര്‍ഥികള്‍ തയ്യാറാക്കിയ 'എസ്ര' എന്ന റോബോട്ട് കുട്ടികളിലും മുതിര്‍ന്നവരിലും കൗതുകമുണര്‍ത്തി. കുട്ടി ഉടുപ്പുമിട്ട് കയ്യില്‍ ഒരു ട്രേയുമായി ആളുകളുടെ ഇടയില്‍ നില്‍ക്കുന്ന 'എസ്ര' യെ ഐഒടി ടെക്നോളജിയിലാണ് നിര്‍മിച്ചത്. വൈഫൈ കണ്ട്രോള്‍ വഴി ലോകത്തിന്റെ ഏത് കോണില്‍ നിന്നും ഇതിനെ പ്രവര്‍ത്തിപ്പിക്കാന്‍ സാധിക്കും. കോവിഡ് കാലത്ത് മനുഷ്യ ഇടപെടലുകളില്ലാതെ രോഗികള്‍ക്ക് മരുന്നുകളും മറ്റും നല്‍കുവാന്‍ പാകത്തിലാണ് ഇത്തരം റോബോട്ടുകളെ തയ്യാറാക്കിയത്. അപ്‌ഡേഷന്‍സ് നല്‍കുന്നതിനനുസരിച്ച് ഇതിന്റെ പ്രവര്‍ത്തന ഉപയോഗവും മാറ്റാന്‍ സാധിക്കും.
- Log in to post comments