Skip to main content
ലൈഫ് ഭവന പദ്ധതി സമ്പൂർണ്ണ ഭവന നിർമ്മാണ പ്രഖ്യാപനം തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ് നിർവ്വഹിക്കുന്നു.

ലൈഫ് പദ്ധതിയിൽ 2026 ഓടെ ആറര ലക്ഷം വീടുകൾ *പൂർത്തിയാക്കും: മന്ത്രി എം.ബി രാജേഷ്

ലൈഫ് ഭവന പദ്ധതിയിൽ 2026 ഓടെ സംസ്ഥാനത്തൊട്ടാകെ 6.5 ലക്ഷം വീടുകൾ പൂർത്തിയാക്കുമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി. രാജേഷ് പറഞ്ഞു. ലൈഫ് ഭവനപദ്ധതിയിൽ ഉൾപ്പെട്ട എല്ലാവർക്കും വീട് നൽകിയ ജില്ലയിലെ 62 തദ്ദേശ സ്ഥാപനങ്ങളെ ആദരിക്കുന്ന പരിപാടി കണ്ണൂർ പോലീസ് മൈതാനിയിലെ 'എന്റെ കേരളം' വേദിയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. സംസ്ഥാനത്തൊട്ടാകെ ഇതുവരെ 4,51,000 വീടുകളാണ് പദ്ധതി വഴി പൂർത്തിയായത്. ആകെ 5,47,000 പേർക്ക് ലൈഫ് പദ്ധതിയിൽ തുക അനുവദിച്ചു. ശേഷിക്കുന്ന വീടുകളുടെ നിർമ്മാണം അന്തിമ ഘട്ടത്തിലാണ്. 18,080 കോടി രൂപയാണ് ഇതിനായി സർക്കാർ ചെലവിട്ടത്. ജില്ലയിൽ 62 തദ്ദേശ സ്ഥാപനങ്ങൾ അർഹരായ മുഴുവൻ പേർക്കും വീട് നൽകി എന്നത് സംസ്ഥാനത്തിനാകെ മാതൃകയാണ്. ശേഷിക്കുന്ന സ്ഥാപനങ്ങൾ കൂടി ഇതേ മാതൃക പിന്തുടരണമെന്നും മന്ത്രി പറഞ്ഞു. 
മനസ്സോടിത്തിരി മണ്ണ് പദ്ധതിയിൽ ഭൂമി നൽകാൻ തയ്യാറായവരെ മന്ത്രി ആദരിച്ചു. ജില്ലയിലെ 62 തദ്ദേശസ്ഥാപന അധ്യക്ഷമാർ മന്ത്രിയിൽ നിന്ന് അനുമോദനം ഏറ്റുവാങ്ങി.
രജിസ്‌ട്രേഷൻ മ്യൂസിയം പുരാവസ്തു പുരാരേഖ വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി അധ്യക്ഷനായി. പാർപ്പിട പദ്ധതി പട്ടികയിലെ ഭൂമിയുള്ള മുഴുവൻ ഭവനരഹിതർക്കും ആനുകൂല്യം നൽകാനായത് ജില്ലയെ സംബന്ധിച്ചിടത്തോളം അഭിനർഹമാണെന്ന് മന്ത്രി പറഞ്ഞു. പദ്ധതി നടത്തിപ്പിൽ ക്രിയത്മക ഇടപെടൽ നടത്തിയ തദ്ദേശ സ്ഥാപനങ്ങളെ മന്ത്രി അഭിനന്ദിച്ചു. 
ലൈഫിൽ അർഹരായ മുഴുവൻ പേർക്കും വീട് നൽകിയ തദ്ദേശ സ്ഥാപനങ്ങൾ
പഞ്ചായത്തുകളായ കുഞ്ഞിമംഗലം, കരിവെള്ളൂർ-പെരളം, കാങ്കോൽ-ആലപ്പടമ്പ, എരമം-കുറ്റൂർ, ചെറുപുഴ, ചെറുതാഴം, ഏഴോം, ചെറുകുന്ന്, കല്യാശ്ശേരി, കണ്ണപുരം, നാറാത്ത്, പട്ടുവം, കുറുമാത്തൂർ, പരിയാരം, ഉദയഗിരി, കടന്നപ്പള്ളി പാണപ്പുഴ, ഇരിക്കൂർ, മലപ്പട്ടം, പയ്യാവൂർ, കുറ്റിയാറ്റൂർ, മയ്യിൽ, പാപ്പിനിശ്ശേരി, ചിറക്കൽ, അഴീക്കോട്, വളപട്ടണം, കടമ്പൂർ, മുണ്ടേരി, പെരളശ്ശേരി, കൊളച്ചേരി, ചെമ്പിലോഡ്, ധർമ്മടം, എരഞ്ഞോളി, പിണറായി, ന്യൂ മാഹി, മുഴപ്പിലങ്ങാട്, അഞ്ചരക്കണ്ടി, വേങ്ങാട്, കോട്ടയം, തൃപ്പങ്ങോട്ടൂർ, ചിറ്റാരിപ്പറമ്പ്, കുന്നോത്തുപറമ്പ്, മാങ്ങാട്ടിടം, കതിരൂർ, ചൊക്ലി, മൊകേരി, പന്യന്നൂർ, കീഴല്ലൂർ, തില്ലങ്കേരി, കൂടാളി, കണിച്ചാർ, കൊട്ടിയൂർ, കോളയാട്, കണ്ണൂർ കോർപറേഷൻ, നഗരസഭകളായ ആന്തൂർ, ഇരിട്ടി, കൂത്തുപറമ്പ്, മട്ടന്നൂർ, പാനൂർ, പയ്യന്നൂർ, ശ്രീകണ്ഠപുരം, തലശ്ശേരി, തളിപ്പറമ്പ് എന്നിവയാണ്  ലൈഫ് പദ്ധതിയിൽ അപേക്ഷിച്ച എല്ലാവർക്കും വീട് നൽകിയത്.

കെ.വി സുമേഷ് എംഎൽഎ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ.കെ രത്‌നകുമാരി, വൈസ് പ്രസിഡന്റ് ബിനോയ് കുര്യൻ, കേരള ബ്ലോക്ക് പഞ്ചായത്ത് അസോസിയേഷൻ ജനറൽ സെക്രട്ടറി സി.എം കൃഷ്ണൻ, കേരള  ചേമ്പർ ഓഫ് മുൻസിപ്പൽ ചെയർമാൻ പി മുകുന്ദൻ, കേരള ഗ്രാമപഞ്ചായത്ത് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് എം ശ്രീധരൻ, തദ്ദേശസ്വയംഭരണ വകുപ്പ് ജില്ലാ ജോയിന്റ് ഡയറക്ടർ ടി ജെ അരുൺ, ലൈഫ് മിഷൻ ജില്ലാ കോ ഓർഡിനേറ്റർ എം.പി വിനോദ് കുമാർ, നവകേരള മിഷൻ ജില്ലാ കോ ഓർഡിനേറ്റർ ഇ.കെ സോമശേഖരൻ എന്നിവർ പങ്കെടുത്തു.

date