Skip to main content
കുണിയൻ പറമ്പത്ത് പൂരക്കളി സംഘം അവതരിപ്പിക്കുന്ന പൂരക്കളി

പൂരക്കളി പെരുമയില്‍ 'എന്റെ കേരളം' 

ഒരേ ശബ്ദത്താല്‍, ഒരുമയുള്ള ചുവടുകളാല്‍ അവര്‍ ആടിത്തിമിര്‍ത്തപ്പോള്‍ കണ്ടുനിന്ന ആസ്വാദകര്‍ ആവേശക്കൊടുമുടിയിലായി. വടക്കേ മലബാറിന്റെ സ്വന്തം പൂരക്കളി വേദിയില്‍ ആയോധനമുറയുടെ ചുവടുകളും പുരാവൃത്തങ്ങളുടെ വായ്ത്താരിയും സംഗമിച്ചപ്പോള്‍ കാഴ്ചക്കാരില്‍ അത്ഭുതം. 
സംസ്ഥാന സര്‍ക്കാറിന്റെ നാലാം വാര്‍ഷികത്തോടനുബന്ധിച്ച് സംഘടിപ്പിച്ച എന്റെ കേരളം പ്രദര്‍ശന വിപണനമേളയുടെ ഭാഗമായാണ് പൂരക്കളി അരങ്ങേറിയത്. പ്രശസ്ത കലാകാരന്മാരുടെയും നാട്ടുകാരുടെയും പങ്കാളിത്തത്തോടെയാണ് പൂരക്കളി സംഘടിപ്പിച്ചത്. കരിവെള്ളൂര്‍ കുണിയന്‍ ശ്രീപറമ്പത്ത് ഭഗവതി ക്ഷേത്രം പൂരക്കളി സംഘമാണ് പൂരക്കളി അവതരിപ്പിച്ചത്. 18 പേര്‍ അടങ്ങുന്ന സംഘമാണ് പൂരക്കളിയുടെ ഭാഗമായത്. 50 വര്‍ഷത്തോളമായി ഇവര്‍ പൂരക്കളി പരിശീലിക്കുകയും അവതരിപ്പിക്കുകയും ചെയ്യുന്നു. നിരവധി വേദികളില്‍ പൂരക്കളിയില്‍ ഒന്നാം സ്ഥാനവും കരസ്ഥമാക്കിയിട്ടുണ്ട്. തിരുവനന്തപുരത്ത് നടന്ന നവകേരളം പരിപാടിയുടെ വേദിയില്‍ സംഘം പൂരക്കളി അവതരിപ്പിച്ചിട്ടുണ്ട്. കേരളത്തിന്റെ സംസ്‌കാരവൈവിധ്യത്തെ ഉയര്‍ത്തിപ്പിടിച്ചുള്ള പരമ്പരാഗത താളങ്ങളെയും ചുവടുകളെയും ഉള്‍പ്പെടുത്തിയ കലാപ്രകടനമായിരുന്നു അരങ്ങേറിയത്.

date