ഒളകര ഉന്നതിയെ റവന്യൂ ഗ്രാമത്തിലുൾപ്പെടുത്തും: മുഖ്യമന്ത്രി
ഒളകര ഉന്നതിയെ റവന്യൂ ഗ്രാമത്തിലുൾപ്പെടുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാന സർക്കാരിന്റെ നാലാം വാർഷികാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ജില്ലാതല യോഗത്തിൽ ഒളകര ഉന്നതിയിലെ മൂപ്പത്തി മാധവിക്ക് മറുപടി നൽകി സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. സംസ്ഥാനത്ത് ഒളകര ഉൾപ്പെടെ ആകെ അറുന്നൂറോളം റവന്യു ഗ്രാമങ്ങളിൽ സർക്കാർ നടപടി പൂർത്തീകരിച്ചു വരികയാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. നിലവിൽ ഒളകര ഉന്നതി വനാവകാശ നിയമപ്രകാരം ലഭിച്ച ഭൂമിയാണ്. ഈ ഭൂമി റവന്യൂ ഭൂമി ആക്കുന്നതോടെ ഒരു ഗ്രാമത്തിന് വേണ്ട അടിസ്ഥാന സൗകര്യങ്ങൾ കൂടി ഇവിടെ ലഭ്യമാകും. കാടിന്റെ ഉള്ളിൽ താമസിക്കുമ്പോൾ ഉണ്ടാകുന്ന അസൗകര്യങ്ങളും പരിമിതികളും ഇതിലൂടെ മറികടക്കാം.
ഒളകര ഉന്നതിയിലെ ഭൂമിയിൽ കാട്ടുമരങ്ങള്‍ നിറഞ്ഞതിനാല്‍ കൃഷിക്ക് അനുയോജ്യമല്ലെന്നും അതിനാൽ കൃഷി നടത്താൻ പാകത്തിന് മരം മുറിച്ച് മാറ്റി തരണമെന്നും അവിടേക്ക് വെള്ളവും വെളിച്ചവും എത്തിച്ചു തരണമെന്നും ഊരുമൂപ്പത്തി മാധവി മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു. എന്നാൽ ഹൈക്കോടതി വിധി കൂടി പരിഗണിച്ചു വേണം മരം മുറിക്കലിന്റെ നടപടികൾ സ്വീകരിക്കാനെന്ന് മുഖ്യമന്ത്രി മറുപടി നൽകി. ഒളകര ഉന്നതിയിൽ 44 കുടുംബങ്ങളാണ് ഉള്ളത്. അവർക്ക് ഒന്നര ഏക്കർ ഭൂമി നൽകിയിട്ടുണ്ട്. 50 വർഷത്തോളമായി സ്വന്തമായി ഭൂമി എന്ന ആവശ്യമുന്നയിക്കുന്ന ഒളകര ഉന്നതിയിലെ നിവാസികൾക്ക് ഈ വർഷമാണ് സർക്കാർ വനാവകാശ രേഖ കൈമാറിയത്.
- Log in to post comments