യുദ്ധാനന്തര മുഖവുമായി 'ഒരു പലസ്തീൻ കോമാളി'; നാടകം അരങ്ങേറി
യുദ്ധത്തിന് എല്ലായിടത്തും ഒരേ മുഖമാണ്. അനാഥത്വത്തിന്റെ, വിശപ്പിന്റെ, അസ്തിത്വഇല്ലായ്മയുടെ, പലായനത്തിന്റെ.സ്ത്രീകൾ ശരീരം മാത്രമായി മാറുന്നതിന്റെ..ഒരേ നിറമാണ് പരന്നൊഴുകുന്ന ചുവന്ന ചോരയുടെ.. അത്തരമൊരു കാഴ്ചയുടെ അരങ്ങായിരുന്നു പലസ്തീൻ കോമാളി.
പലസ്‌തീൻ യുദ്ധ മുഖത്തിന്റെ ഭീകരതയും അതിന്റെ അനന്തര ഫലങ്ങളുടെ നേർകാഴ്ചകളിലും കമാത്തിപുരയിലെ ചൂഷണങ്ങളിലും മാറിമാറി സഞ്ചരിച്ച നാടകം പ്രതിസന്ധികൾ ചിരികൊണ്ട് നേരിടണമെന്ന് കാട്ടി.
എന്റെ കേരളം വേദിയിൽ അരങ്ങേറിയ "ഒരു പാലസ്തീൻ കോമാളി" അമച്വർ നാടകത്തിന്റെ അതികായരായ മാഹി നാടകപുരയുടെ സമകാലീന പ്രാധാന്യമുള്ള നാടകം പ്രേക്ഷക ഹൃദയങ്ങളുടെ ആഴങ്ങളിലെത്തി.
ഗിരിഷ് ഗ്രാമികയുടെ രചനയിൽ അരുൺ പ്രിയദർശൻ സംവിധാനം ചെയ്ത പലസ്‌തീൻ കോമാളി, മാഹി നാടകപുരയുടെ ഏറ്റവും പുതിയ നാടകങ്ങളിൽ ഒന്നാണ്.
32 വർഷങ്ങളായി നാടക രംഗത്ത് സജീവമായി നിൽക്കുന്ന മാഹി നാടകപുര12 തവണ ദേശീയ നാടക മത്സരങ്ങളിൽ പങ്കെടുക്കുകയും നാല് തവണ ഒന്നാം സ്ഥാനം ഉൾപ്പെടെ നിരവധി പുരസ്‌കാരങ്ങളും നേടിയിട്ടുണ്ട്.
മാഹി നാടകപുരയുടെ ഖലൻ, ദ്രൗണി, സൂത പുത്രൻ, പൂർവ്വ പക്ഷത്തിലെ ശിലാഗോപുരങ്ങൾ, ഒറ്റപ്പാലം, വിവേകാനന്ദൻ, സൈഡ് വിംഗ്സ്, ധൃതരാഷ്ട്രർ, പത്തായപുര, ബായേൻ, രമണം, ആനന്ദി തുടങ്ങിയ നാടകങ്ങൾ ഏറെ ജനശ്രദ്ധ ആകർഷിച്ചതാണ്.
സിനിമതാരം നിഹാരിക എസ് മോഹൻ ,ഗീത സുരേഷ്, ഷിജില , രേഷ്മ അനിൽ, മേധ അനിൽ , ഗീതിക സുരേഷ് , നിധിയ സുധീഷ്, സുരേഷ് ചെണ്ടയാട് , പ്രകാശൻ കടമ്പൂര്, ബാലകൃഷ്ണൻ കതിരൂർ, എം.സി അശോകൻ , സിഎച്ച് പ്രദീപൻ , എൻ.കെ. പ്രദിപൻ, സാജു പത്മനാഭൻ ,ഷിജു അണിയാരം, സുരേഷ് ബാബു , , സുധിഷ് എൻ, ഇബ്നു , അഹൽ ഹഷ്മി, അത്രയ് ഹാഷ്മി എന്നിവരാണ് അഭിനേതാക്കൾ.
സവ്യസാചി ,വിശ്വൻ അഴിയൂർ, രാജേഷ് എന്നിവർ പിന്നണിയിൽ പ്രവർത്തിച്ചു. മിദുൻ മലയാളം സംഗീതം നൽകി. ആദർശ് ബി, എസ് ദീപ, അനൂപ് പൂന എന്നിവർ സംഗീതം നിയന്ത്രണം നടത്തി.
- Log in to post comments