നീലക്കുറിഞ്ഞി ജൈവവൈവിധ്യ പഠനോത്സവത്തിന് ഇന്ന് തുടക്കം (മേയ് 16)
ഹരിതകേരളം മിഷന്റെ ആഭിമുഖ്യത്തിൽ അടിമാലിയിലെ നീലക്കുറിഞ്ഞി ജൈവവൈവിധ്യ വിജ്ഞാന പഠന കേന്ദ്രത്തിൽ സംഘടിപ്പിക്കുന്ന ത്രിദിന ജൈവവൈവിധ്യ പഠനോത്സവത്തിന് ഇന്ന് (മേയ് 16) രാവിലെ കുട്ടികളുടെ പ്രകൃതി സൗഹൃദ ചിത്ര രചനയോടെ തുടക്കമാകും. കുട്ടികളിൽ ജൈവവൈവിധ്യ അവബോധവും പരിസ്ഥിതി സംരക്ഷണ ശ്രമങ്ങളും പ്രോത്സാഹിപ്പിക്കാൻ ലക്ഷ്യമിട്ടാണ് ലോക ജൈവവൈവിധ്യ ദിനാചരണത്തോട് അനുബന്ധിച്ച് പഠനോത്സവം സംഘടിപ്പിച്ചിരിക്കുന്നത്. ഇടുക്കി അടിമാലിയിൽ യുഎൻഡിപി പദ്ധതിയിൽ ഉൾപ്പെടുത്തി ഹരിതകേരളം മിഷൻ സ്ഥാപിച്ച നീലക്കുറിഞ്ഞി ജൈവവൈവിധ്യ വിജ്ഞാന പഠനകേന്ദ്രത്തിന്റെ കമ്മ്യൂണിറ്റി തല പരിപാടികളുടെ ഭാഗമാണിത്. ഈ അധ്യയന വർഷം 7,8,9 ക്ലാസ്സുകളിലേക്ക് എത്തുന്ന വിദ്യാർഥികളാണ് പഠനോത്സവത്തിൽ പങ്കെടുക്കുക. വിനോദവും വിജ്ഞാനവും കോർത്തിണക്കിയുള്ള ശില്പശാലകൾ, കുട്ടികൾ നടത്തിയ വിവിധ പഠനങ്ങളുടെ അവതരണം, ഫീൽഡ് പ്രവർത്തനങ്ങൾ, കലാപരിപാടികൾ എന്നിവ ഉൾപ്പെടുത്തിയാണ് മൂന്നുദിവസത്തെ പഠനോത്സവം.
'നീലക്കുറിഞ്ഞി' ജൈവവൈവിധ്യ വിജ്ഞാനകേന്ദ്രവും അതിനോട് ചേർന്നുള്ള പച്ചത്തുരുത്ത് സന്ദർശനവും, മൂന്നാറിലേക്കുള്ള യാത്ര, പക്ഷി നിരീക്ഷണം, ശലഭ നിരീക്ഷണം, പശ്ചിമഘട്ട ആവാസവ്യവസ്ഥയുടെ നിരീക്ഷണത്തിനും കൂടുതൽ അറിവുകൾ സമ്പാദിക്കുന്നതിനുമായി ഇരവികുളം നാഷണൽ പാർക്ക് സന്ദർശനം, മാട്ടുപ്പെട്ടി ഇൻഡോ- സ്വിസ് & ബൊട്ടാണിക്കൽ ഗാർഡൻ സന്ദർശനം, പരിസ്ഥിതി വിദഗ്ധരുടെ നേതൃത്വത്തിൽ ക്ലാസുകൾ തുടങ്ങിയവയാണ് പഠനോത്സവത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഹരിതകേരളം മിഷന്റെ നേതൃത്വത്തിൽ സ്‌കൂൾ വിദ്യാർഥികൾക്കായി സംഘടിപ്പിച്ച ബ്ലോക്ക് ജില്ലാതല മെഗാ ക്വിസും ഓപ്പൺ ആക്ടിവിറ്റിയിൽ നിന്നും മത്സരങ്ങളിൽ വിജയികളായവരാണ് സംസ്ഥാന പഠനോത്സവത്തിൽ പങ്കെടുക്കുന്നത്. പരിസ്ഥിതി, ജൈവവൈവിധ്യം എന്നീ വിഷയങ്ങളെ അധികരിച്ചായിരുന്നു ബ്ലോക്ക്, ജില്ലാതല ക്വിസ് മത്സരം സംഘടിപ്പിച്ചത്. തദ്ദേശസ്ഥാപന തലത്തിൽ പങ്കെടുത്ത 4,318 പേരിൽ നിന്നും മത്സര വിജയികളായ 608 കുട്ടികളെ പങ്കെടുപ്പിച്ചാണ് ജില്ലാതല ക്വിസ് മത്സരം ജില്ലാകേന്ദ്രങ്ങളിൽ സംഘടിപ്പിച്ചത്. ഇതിൽ നിന്ന് വിജയികളായ 60 വിദ്യാർഥികളാണ് സംസ്ഥാന പഠനോത്സവത്തിൽ പങ്കെടുക്കും. അടിമാലിയിലെ നീലക്കുറിഞ്ഞി ജൈവവൈവിധ്യ വിജ്ഞാന കേന്ദ്രത്തിനോട് ചേർന്ന് സ്ഥിതി ചെയ്യുന്ന പച്ചത്തുരുത്തുകളും അതിലെ ജൈവവൈവിധ്യവും ക്യാമ്പിന്റെ പ്രധാന ഘടകമായിരിക്കും.
പി.എൻ.എക്സ് 2056/2025
- Log in to post comments