Skip to main content

കരുതലിന്റെ കൈത്താങ്ങായി പബ്ലിക് സ്‌ക്വയര്‍: ഹംസക്ക് അടുത്ത അദാലത്തില്‍ പട്ടയം നല്‍കും

സാങ്കേതിക പ്രശ്‌നങ്ങളെ തുടര്‍ന്ന് പട്ടയം ലഭിക്കാന്‍ വൈകിയ കുടുംബങ്ങള്‍ക്ക് സഹായ ഹസ്തമേകി വ്യവസായ വകുപ്പ് മന്ത്രി പി. രാജീവിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച പബ്ലിക് സ്‌ക്വയര്‍ പരാതി പരിഹാര അദാലത്ത്. 

 

കളമശേരി നഗരസഭയിലെ വട്ടേക്കുന്ന് സ്‌കൂള്‍ പറമ്പ് കോളനിയിലെ എ.എച്ച് ഹംസ ഉള്‍പ്പെടെയുള്ള എട്ട് കുടുംബങ്ങള്‍ക്കാണ് പട്ടയത്തിന് വഴിയൊരുങ്ങിയത്.

 

തൃക്കാക്കര ടൗണ്‍ ഹാളില്‍ നടന്ന പട്ടയമേളയില്‍ സ്‌കൂള്‍ പറമ്പ് കോളനിയിലെ 46 കുടുംബങ്ങളില്‍ 38 പേര്‍ക്കും നേരത്തെ പട്ടയം ലഭിച്ചിരുന്നു. എന്നാല്‍ ഹംസ ഉള്‍പ്പെടെ ചിലര്‍ക്ക് പട്ടയം ലഭിക്കാത്ത സ്ഥിതിയായിരുന്നു. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് അദ്ദേഹം പബ്ലിക് സ്‌ക്വയര്‍ അദാലത്തില്‍ പരാതി കൊടുത്തത്.

 

തുടര്‍ന്ന് മന്ത്രി പി. രാജീവിനോട് ഇക്കാര്യം വ്യക്തമാക്കിയപ്പോള്‍ സാങ്കേതിക പ്രശ്‌നങ്ങള്‍ പരിഹരിച്ച് ഉടനടി നടപടി സ്വീകരിക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് മന്ത്രി നിര്‍ദ്ദേശം നല്‍കുകയായിരുന്നു. അടുത്ത പട്ടയമേളയില്‍ തന്നെ പട്ടയം അനുവദിക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് മന്ത്രി ഉറപ്പു നല്‍കി. 

 

ഹംസയെ പോലെ നിരവധി പേര്‍ക്ക് കരുതലിന്റെ കൈത്താങ്ങായിട്ടുണ്ട് പബ്ലിക് സ്‌ക്വയര്‍ പരാതി പരിഹാര അദാലത്ത്

 

*ഭൂമി തരംമാറ്റം: സാങ്കേതിക നൂലാമാലകളില്‍ വലയുന്ന രാജീവിന് നിയമസഹായം ഉറപ്പാക്കുമെന്ന് മന്ത്രി പി.രാജീവ്*

 

ഭൂമി തരംമാറ്റം നടത്താന്‍ കഴിയാതെ ബുദ്ധിമുട്ടുന്ന അവസ്ഥയിലായിരുന്നു കങ്ങരപ്പടി സ്വദേശി സി.പി രാജീവ് പബ്ലിക് സ്‌ക്വയര്‍ പരാതി പരിഹാര അദാലത്തിലേക്ക് എത്തിയത്. കാന്‍സര്‍ രോഗിയായ ഭാര്യയുടെ ചികിത്സയും സഹകരണ ബാങ്കില്‍ നിന്നെടുത്ത ലോണിന്റെ തിരിച്ചടവ് മുടങ്ങിയതും കാഴ്ച പരിമിതനായ രാജീവിനെ കടുത്ത സാമ്പത്തിക ബാധ്യതയിലേക്കായിരുന്നു എത്തിച്ചിരുന്നത്. 

 

കുടുംബ സ്വത്തായി ലഭിച്ച 20 സെന്റ് സ്ഥലം വില്‍ക്കുകയല്ലാതെ മറ്റ് മാര്‍ഗങ്ങളൊന്നുമില്ലാതിരുന്ന അവസ്ഥയായിരുന്നു കുടുംബത്തിന്. നിലമായി കിടന്നിരുന്ന ഭൂമി തരം മാറ്റാന്‍ ശ്രമിക്കുമ്പോഴായിരുന്നു കൃഷി ഭൂമിയാണ് എന്ന കൃഷി ഓഫീസറുടെ റിപ്പോര്‍ട്ട് മൂലം തരം മാറ്റം പൂര്‍ത്തിയാക്കാന്‍ കഴിയാതെ പോയത്. അതേസമയം തൊട്ടടുത്തുള്ള ഭൂമിയെല്ലാം തരം മാറ്റാനും കഴിഞ്ഞു. ഒരിക്കല്‍ റിപ്പോര്‍ട്ട് നല്‍കിയതിനാല്‍ കോടതി വഴി മാത്രമേ തുടര്‍ നടപടികള്‍ സാധ്യമാകൂ.

 

ഇതോടെ ബുദ്ധിമുട്ടിലായ രാജീവും കുടുംബവും സാങ്കേതികമായ നൂലാമാലകളില്‍ വഴിമുട്ടുന്നതിനിടെയാണ് പബ്ലിക് സ്‌ക്വയര്‍ പരാതി പരിഹാര അദാലത്തിലേക്ക് എത്തിയത്. രാജീവിന്റെ അവസ്ഥ മനസിലാക്കിയ നിയമ വിദഗ്ധന്‍ കൂടിയായ നിയമ മന്ത്രി കോടതി മുഖേന നീങ്ങേണ്ടതിന്റെ ആവശ്യകത വ്യക്തമാക്കി. മന്ത്രിയുടെ ഓഫീസ് മുഖേന അതിന് വേണ്ട എല്ലാ സഹായങ്ങളും ഉറപ്പു നല്‍കുകയും ചെയ്തു. ഇതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ ഉടനടി ആരംഭിക്കുമെന്നും മന്ത്രി വ്യക്തമാക്കി

 

date