Skip to main content

എന്റെ കേരളം പ്രദര്‍ശന വിപണന മേളയ്ക്ക് ഇന്ന് തുടക്കം

# മന്ത്രി വി.ശിവന്‍കുട്ടി ഉദ്ഘാടനം ചെയ്യും #
# പ്രവേശനം സൗജന്യം #
# ദിവസവും പ്രശസ്തര്‍ പങ്കെടുക്കുന്ന കലാപരിപാടികള്‍ #

സംസ്ഥാന സര്‍ക്കാരിന്റെ നാലാം വാര്‍ഷികത്തിന്റെ ഭാഗമായി എന്റെ കേരളം പ്രദര്‍ശന വിപണന മേള ഇന്ന് (മെയ് 17) മുതല്‍ 23 വരെ കനകക്കുന്ന് പാലസില്‍ സംഘടിപ്പിക്കും. മേളയുടെ ജില്ലാതല ഉദ്ഘാടനം വൈകിട്ട് അഞ്ചിന്  പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി നിര്‍വഹിക്കും. ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി ജി.ആര്‍. അനില്‍ അധ്യക്ഷത വഹിക്കും. സംഘാടക സമിതി കണ്‍വീനറും ജില്ലാ കളക്ടറുമായ അനുകുമാരി സ്വാഗതം പറയും. ജില്ലയില്‍ നിന്നുള്ള എം.പിമാര്‍, എംഎല്‍എമാര്‍, മേയര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, സബ് കളക്ടര്‍ തുടങ്ങിയവര്‍ സംസാരിക്കും.

എല്ലാ ദിവസവും രാവിലെ 10 മുതല്‍ രാത്രി ഒന്‍പത് മണി വരെയാണ് പ്രദര്‍ശന-വിപണന മേള. സര്‍ക്കാരിന്റെ വികസന ക്ഷേമ പ്രവര്‍ത്തനങ്ങളും  വിവിധ പദ്ധതികളും അവതരിപ്പിക്കുന്ന മേളയില്‍ പൊതുജനങ്ങള്‍ക്ക് വിവിധ വകുപ്പുകളുടെ സേവനങ്ങളും ലഭ്യമാകും.

കേരളത്തിന്റെ നേട്ടങ്ങള്‍ അവതരിപ്പിക്കുന്ന ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ പ്രദര്‍ശനം, ഭക്ഷ്യമേള, പുസ്തകമേള, സ്പോര്‍ട്സ് പ്രദര്‍ശനം, മിനി തിയറ്റര്‍ ഷോ, കാര്‍ഷിക പ്രദര്‍ശന-വിപണനമേള, സ്‌കൂള്‍ മാര്‍ക്കറ്റ് തുടങ്ങിയവ മേളയുടെ പ്രധാന ആകര്‍ഷണങ്ങളാണ്. ഭിന്നശേഷിക്കാരായ സന്ദര്‍ശകര്‍ക്ക് സുഗമമായി സഞ്ചരിക്കുന്നതിന് പ്രത്യേക റാമ്പും ലഭ്യമാക്കിയിട്ടുണ്ട്.  

മേളയില്‍ എത്തുന്നവര്‍ക്ക് രുചികരമായ ഭക്ഷണം ഒരുക്കാന്‍ 8000 ചതുരശ്ര അടിയില്‍ കുടുംബശ്രീ അടക്കമുള്ള ഫുഡ് കോര്‍ട്ടുകളും ഒരുക്കിയിട്ടുണ്ട്. ഫുഡ് കോര്‍ട്ടില്‍ ഒരേസമയം 250 പേര്‍ക്ക് ഇരുന്ന് ഭക്ഷണം കഴിക്കാന്‍ കഴിയും. മേളയോടനുബന്ധിച്ച് പ്രശസ്ത കലാകാരന്മാര്‍ അണിനിരക്കുന്ന കലാപരിപാടികളും ഏഴു ദിവസങ്ങളിലായി ഒരുക്കിയിട്ടുണ്ട്. മെയ് 23ന് പുത്തരിക്കണ്ടം മൈതാനത്ത് നടക്കുന്ന സംസ്ഥാനതല സമാപന സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും.

 

ദിവസവും അരങ്ങേറുന്നത് വൈവിധ്യമാര്‍ന്ന കലാപരിപാടികള്‍

 

ഡാന്‍സ്, മ്യൂസിക്, മെഗാ ഷോ, നാടന്‍പാട്ട് തുടങ്ങിയ വൈവിധ്യമാര്‍ന്ന പരിപാടികളാണ് എന്റെ കേരളം പ്രദര്‍ശന വിപണനമേളയോടനുബന്ധിച്ച് സംഘടിപ്പിക്കുന്നത്. 17ന് വൈകീട്ട് 6 മുതല്‍  പ്രശസ്ത സംഗീതജ്ഞന്‍ ഇഷാന്‍ ദേവിന്റെ നേതൃത്വത്തില്‍ മ്യൂസിക്കല്‍ നൈറ്റ് അരങ്ങേറും. 18ന് ഡാന്‍സ്മെഗാഷോയും രവിശങ്കര്‍ ശ്രീറാം, സാംസണ്‍ എന്നിവര്‍ അവതരിപ്പിക്കുന്ന സംഗീതപരിപാടികളും ഉണ്ടാകും.

19ന് വൈകീട്ട് 5ന് ട്രാന്‍സ്‌ജെന്‍ഡര്‍ കലാകാരന്മാര്‍ അവതരിപ്പിക്കുന്ന അനന്യം നൃത്തശില്പം മേളയില്‍ വേറിട്ട അനുഭവം സമ്മാനിക്കും. രാത്രി 7 മുതല്‍ 10വരെ പ്രസീത ചാലക്കുടി നാടന്‍പാട്ട് അവതരിപ്പിക്കും. 20ന് ശൈലജ പി അമ്പു അവതരിപ്പിക്കുന്ന കലാപരിപാടികളും അതുല്‍ നറുകരയുടെ ഫോക്ഗ്രാഫര്‍ ഷോയും ഉണ്ടാകും. 21ന് ശ്രീലക്ഷ്മി തൃശ്ശൂര്‍ അവതരിപ്പിക്കുന്ന മ്യൂസിക്കല്‍ പ്രോഗ്രാമും ജീവന്‍ ശ്രുതിലയ സന്ധ്യയും വേദി കീഴടക്കും. 22ന് വൈകീട്ട് 4.30 മുതല്‍ 6.30 വരെ ഉണര്‍വ്വ് കലാസന്ധ്യ അരങ്ങേറും. രാത്രി 7 മുതല്‍ 10വരെ കൈരളി മെഗാ ഇവന്റും ഉണ്ടാകും.

date