നിങ്ങൾക്കും ആകാം മാഗസിൻ മുഖചിത്രം: ഒപ്പം 360 ഡിഗ്രിയില്‍ വീഡിയോയും
നിങ്ങളുടെ മുഖവും മാഗസിൻ ചിത്രമാക്കിയാലോ? ഇഷ്ടപോസില്‍ നിന്ന് പടമെടുത്ത് ‘എന്റെ കേരളം’ കവര്‍ ചിത്രമാക്കാൻ പൊന്നോളൂ എന്റെ കേരളം പ്രദര്‍ശനവിപണന മേളയിലേക്ക്...
ശബരിമല ഇടത്താവളത്തിൽ നടക്കുന്ന മേളയിൽ വിവര പൊതുജന സമ്പർക്ക വകുപ്പ് ഒരുക്കിയ പവലിയനിലാണ് സെല്‍ഫിക്കാലത്തെ പുതുരസങ്ങളായ മാഗസിന്‍ മുഖചിത്ര ഫ്രെയിമും 360° സെൽഫി വീഡിയോ സംവിധാനവുമുളളത്.
പ്രദര്‍ശനനഗരിയുടെ കവാടത്തോട് ചേര്‍ന്നുള്ള പി ആര്‍ ഡി യുടെ പവലിയനിലെ ഫോട്ടോ പോയിന്റിൽ മാഗസിൻ മുഖചിത്രമാകാൻ അവസരമൊരുക്കുന്ന ഫ്രെയിം കാണാം. ഇഷ്ട പോസിൽ പടമെടുത്ത് എന്റെ കേരളം എന്ന ഹാഷ്ടാഗോടെ സാമൂഹിക മാധ്യമങ്ങളിൽ ചിത്രം അപ് ലോഡ് ചെയ്യാം.
പവലിയന്റെ പ്രവേശന കവാടത്തിന് സമീപം 360 ഡിഗ്രിയിൽ വീഡിയോ എടുക്കുന്നതിനുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ട്. സ്റ്റാന്‍ഡില്‍ കയറി ചെറുചിരിയോടെ നിന്നാല്‍ 360 ഡിഗ്രിയില്‍ കറങ്ങി രസകരമായ വീഡിയോ ലഭിക്കും.
കുട്ടികളും മുതിർന്നവരും ഉൾപ്പെടെ നിരവധി പേരാണ് വിജ്ഞാനവും വിനോദവും പകരുന്ന പി ആർ ഡിയുടെ പവലിയന്‍ സന്ദർശികാനെത്തുന്നത്. പിണറായി വിജയൻ സർക്കാരിന്റെ വികസന നേട്ടങ്ങളിലൂടെയുള്ള ഹ്രസ്വസഞ്ചാരമാണ് പിആർഡി പവലിയൻ. കഴിഞ്ഞ ഒൻപത് വർഷത്തിനുള്ളിൽ സംസ്ഥാനം കൈവരിച്ച നേട്ടങ്ങൾ ഫോട്ടോകളിലൂടെയും എൽ.ഇ.ഡി. വാളുകളിലൂടെയും വിശദമായി കണ്ടു മനസിലാക്കാനുള്ള അവസരവും സ്റ്റാളിലുണ്ട്. കേരളത്തിന്റെ വികസനങ്ങളുടെ വിവരങ്ങൾ, ചിത്രങ്ങൾ എന്നിവ ഒറ്റ ടച്ചിൽ കാണാൻ കഴിയുന്ന ഡിജിറ്റൽ ബുക്കിന്റെ മാതൃകയും അവതരിപ്പിച്ചിട്ടുണ്ട്. ഒപ്പം ലഹരിയെ തകർക്കാൻ ഗെയിം സോണും ഒരുക്കിയിട്ടുണ്ട്.
കൃഷി, വിദ്യാഭ്യാസം, ആരോഗ്യം എന്നിങ്ങനെ രേഖപ്പെടുത്തിയിരിക്കുന്ന നേട്ടങ്ങളുടെ ക്യൂബും ('റൊട്ടേറ്റ് ദ് ക്യൂബ്') ഇവിടെയുണ്ട്. ഇവയിൽ ഏതിനേക്കുറിച്ചാണോ കൂടുതൽ അറിയേണ്ടത് ആ ഭാഗം സ്‌ക്രീനിൽ വരത്തക്കവിധം സ്റ്റാൻഡിൽ ക്യൂബ് വെച്ചാൽ അതേക്കുറിച്ചുള്ള ഹ്രസ്വ വീഡിയോ സ്‌ക്രീനിൽ തെളിയും.
രണ്ടാം പിണറായി വിജയൻ സർക്കാരിന്റെ നാലാം വാർഷികത്തിന്റെ ഭാഗമായി മെയ് 22 വരെയാണ് മേള നടക്കുന്നത്.
- Log in to post comments