Skip to main content
ചേളന്നൂർ പട്ടർപ്പാലംഅണ്ടിക്കോട് റോഡിന്റെ ഉദ്ഘാടനം മന്ത്രി വി ശിവൻ കുട്ടി ഓൺലൈനിൽ നിർവ്വ ഹിക്കുന്നു. പ്രാദേശിക ഔദ്യോഗിക ഉദ്ഘാടനം ചേളന്നൂർ പഞ്ചായത്ത് പ്രസിഡണ്ട് പി പി നൗഷീറും തലക്കുളത്തൂർ പഞ്ചായത്ത് പ്രസിഡണ്ട് പ്രമീളയും ചേർന്ന് നിർവ്വഹിക്കുന്നു

സർക്കാർ പൂർത്തീകരിച്ചത് സംസ്ഥാനത്തിൻ്റെ ജീവരേഖകളാകുന്ന ആധുനിക റോഡുകൾ -മന്ത്രി വി ശിവൻകുട്ടി 

 

ചേളന്നൂർ -അണ്ടിക്കോട്-പട്ടർപാലം റോഡ് നാടിന് സമർപ്പിച്ചു 

നവീകരിച്ച ചേളന്നൂർ-അണ്ടിക്കോട്- പട്ടർപാലം റോഡ് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു. റോഡുകൾ എന്നതിനപ്പുറം സമൂഹങ്ങളെ ബന്ധിപ്പിക്കുന്ന, വികസനം വളർത്തുന്ന, കൂടുതൽ ഊർജ്ജസ്വലമായ ഭാവിയിലേക്ക് വഴിയൊരുക്കുന്ന ജീവരേഖകളെന്നനിലയിലാണ് സംസ്ഥാന സർക്കാർ 
പുതിയ കാലത്ത് റോഡ് നിർമാണം പൂർത്തിയാക്കുന്നതെന്ന്  മന്ത്രി  പറഞ്ഞു. കേരളത്തിലെ 14 ജില്ലകളിലായി പൊതുമരാമത്തുവകുപ്പ് പൂർത്തിയാക്കിയ വിവിധ റോഡുകളുടെയും തിരുവനന്തപുരം നഗരത്തിൽ കേരള റോഡ് ഫണ്ട് ബോർഡ് പൂർത്തീകരിച്ച 12 സ്മാർട്ട് റോഡുകളുടെയും ഉദ്ഘാടനം തിരുവനന്തപുരം മാനവീയം വീഥിയിൽ നിർവഹിക്കുകയായിരുന്നു മന്ത്രി.
ഓൺലൈനായി നടന്ന ചടങ്ങിൽ പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് അധ്യക്ഷത വഹിച്ചു.  ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി ജി ആർ അനിൽ, വനം-വന്യജീവി സംരക്ഷണ വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ, മേയർ ആര്യ രാജേന്ദ്രൻ, എംഎൽഎമാരായ ആൻ്റണി രാജു, വി കെ പ്രശാന്ത്, വി ജോയ്, വാർഡ് കൗൺസിലർ രാഖി രവികുമാർ, പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി കെ ബിജു, ചീഫ് എഞ്ചിനീയർ അജിത്ത് രാമചന്ദ്രൻ എന്നിവർ സംബന്ധിച്ചു.

എലത്തൂർ നിയോജക മണ്ഡലത്തിലെ ചേളന്നൂർ-തലക്കുളത്തൂർ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്നതാണ് 
ചേളന്നൂർ -അണ്ടിക്കോട്-പട്ടർപാലം റോഡ്. നബാർഡിന്റെ സഹായത്തോടെ 6.92 കോടി രൂപ ചെലവിട്ടാണ് നവീകരണം പുർത്തിയാക്കിയത്. 2.95 കിലോമീറ്റർ ദൂരം ബിഎം ആൻഡ് ബിസി നിലവാരത്തിലാണ് പൊതുമരാമത്ത് വകുപ്പ് നവീകരിച്ചത്. കലുങ്ക്, ഓവുചാൽ, സംരക്ഷണ ഭിത്തി എന്നിവയുടെ നിർമ്മാണം പൂർത്തിയായ ശേഷം ബിറ്റുമെനസ് മെക്കാഡം, ബിറ്റുമിനസ് കോൺക്രീറ്റ് എന്നിവയാൽ ഉപരിതലം അഭിവൃദ്ധിപെടുത്തുകയും ആവശ്യമുള്ള ഭാഗങ്ങളിൽ ഷോൾഡർ കോൺക്രീറ്റ്, ഫുട്പാത്ത് ഇന്റർലോക്ക് എന്നിവയും റോഡ് മാർക്കിങ്, ട്രാഫിക് സൈനുകൾ, സ്റ്റഡ്, ഇൻഫർമേഷൻ ബോർഡുകൾ എന്നിവയും സ്ഥാപിച്ചിട്ടുണ്ട്.

അന്നശേരി പുനത്തിൽതാഴം പരിസരത്ത് നടന്ന പരിപാടിയിൽ ചേളന്നൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി പി നൗഷീർ, തലക്കുളത്തൂർ  ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ ടി പ്രമീള എന്നിവർ ചേർന്ന് ശിലാഫലകം അനാച്ഛാദനം ചെയ്തു. റോഡ്സ് ഡിവിഷൻ എക്സിക്യുട്ടീവ് എഞ്ചിനീയർ വി കെ ഹാഷിം റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ഇ ശശീന്ദ്രൻ, ഐ പി രാജേഷ്, ചേളന്നൂർ ഗ്രാമപഞ്ചായത്ത് വൈസ്  പ്രസിഡന്റ് ഗൗരി പുതിയോത്ത്, തലക്കുളത്തൂർ ഗ്രാമപഞ്ചായത്ത് വൈസ്  പ്രസിഡന്റ്
കെ കെ ശിവദാസൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം എൻ ഫാസിൽ,  
ചേളന്നൂർ ഗ്രാമപഞ്ചായത്ത് അംഗം ഇ എം പ്രകാശൻ, അസി. എഞ്ചിനീയർ രത്നകുമാർ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവർ സംസാരിച്ചു.

date