Skip to main content

ചെറുവണ്ണൂർ മേൽപ്പാലം: പ്രവൃത്തി ഉദ്ഘാടനം നാളെ  

ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിനായി ചെറുവണ്ണൂരിൽ നിർമിക്കുന്ന മേൽപ്പാലത്തിൻ്റെ പ്രവൃത്തി ഉദ്ഘാടനം ഞായർ (18/05/2025)
വൈകിട്ട് അഞ്ചിന്
പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ് നിർവ്വഹിക്കും. സ്ഥലമേറ്റെടുക്കൽ ഉൾപ്പെടെ 89 കോടി ചെലവിൽ സിറ്റി റോഡ് ഇംപ്രൂവ്മെൻ്റ് പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് മേൽപാലം നിർമാണം. 

പ്രവൃത്തി ഉദ്ഘാടനത്തിന് മുന്നോടിയായി വൈകിട്ട് കരുണ കേരള ബാങ്ക് ഭാഗത്തു നിന്നാരംഭിക്കുന്ന ഘോഷയാത്രയിൽ നാട്ടുകാരും ജനപ്രതിനിധികളും പങ്കെടുക്കും. ചടങ്ങിൽ കോർപ്പറേഷൻ മേയർ ഡോ ബീന ഫിലിപ്പ് അധ്യക്ഷത വഹിക്കും. കലക്ടർ സ്നേഹിൽകുമാർ സിങ് മുഖ്യാതിഥിയാകും. 

അത്യാധുനിക സൗകര്യങ്ങളോടെ നിർമ്മിക്കുന്ന
700 മീറ്റർ നീളവും 16 മീറ്റർ വീതിയുമുള്ള നാലുവരി മേൽപ്പാലത്തിൻ്റെ ഇരുഭാഗത്തും 5.5 മീറ്റർ വീതിയിൽ സർവ്വീസ് റോഡുകളുണ്ടാകും. നിർമ്മാണം പൂർത്തീകരിക്കുന്നതിനൊപ്പം മേൽപ്പാലത്തിന് താഴെ കളിക്കളങ്ങളും ഉദ്യാനവുമായി  പൊതു ഇടമൊരുക്കാനും പദ്ധതിയുണ്ട്. സ്ഥലമടുപ്പിന് മാത്രമായി 30 കോടി രൂപയാണ് ചെലവിട്ടത്.

പൊതുമരാമത്ത് വകുപ്പിന് കീഴിലെ കേരള റോഡ് ഫണ്ട് ബോർഡാണ് (കെആർഎഫ്ബി) പ്രവൃത്തിയുടെ മേൽനോട്ടം. ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിയാണ് പ്രവൃത്തി കരാറെടുത്തിരിക്കുന്നത്. ഒൻപതു മാസമാണ് നിർമാണ കാലപരിധിയെങ്കിലും ഇതിലും കുറഞ്ഞ കാലയളവിൽ പ്രവൃത്തി പൂർത്തീകരിച്ച് മേൽപ്പാലം ജനങ്ങൾക്ക് സമർപ്പിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു.

date