പ്രൊഫഷണലുകളുടെ നിർദേശങ്ങളിൽ തുടർ നടപടികൾ സ്വീകരിക്കും: മുഖ്യമന്ത്രി
വിവിധ ശാസ്ത്ര, സാങ്കേതിക മേഖലകളിലെ പ്രൊഫഷണലുകൾ നിർദ്ദേശിച്ച ആശയങ്ങളിൽ നയ രൂപീകരണമടക്കമുള്ള തുടർ നടപടികൾ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. നിയമസഭാ ശങ്കര നാരായണൻ തമ്പി ഹാളിൽ നടന്ന പ്രൊഫഷണലുകളുമായുള്ള സംവാദ പരിപാടിയായ പ്രൊഫഷണൽ കണക്ട് 2025 ൽ പ്രതിനിധികളുടെ നിർദേശങ്ങൾക്ക് മറുപടി നൽകുകയായിരുന്നു മുഖ്യമന്ത്രി.
സ്റ്റാർട്ടപ്പ് രംഗത്ത് ഏഷ്യയിലെ ഏറ്റവും മികച്ച പ്രകടനമാണ് കേരളം നടത്തുന്നത്. ഈ രംഗത്ത് വ്യവസായ ലോകത്തു നിന്നുള്ള മെന്റർമാരുടെ സേവനം കാര്യക്ഷമമാക്കണമെന്ന പ്രതിനിധിയുടെ നിർദേശം സർക്കാർ സ്വാഗതം ചെയ്യുന്നു. ഇതിനാവശ്യമായ നടപടികൾ സ്വീകരിക്കുന്നതിന് ബന്ധപ്പെട്ട വ്യക്തികളുമായും സ്ഥാപനങ്ങളുമായും സഹകരിക്കുന്നതിനാവശ്യമായ നടപടികൾ സർക്കാർ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി മറുപടിയായി പറഞ്ഞു. വിദ്യാർഥികൾക്ക് പഠനത്തിന് ശേഷമുള്ള ഇന്റേൺഷിപ്പ് നൽകുന്നതിന് വിവിധ സ്ഥാപനങ്ങളുമായി നിലവിലുള്ള സഹകരണം വിപുലമാക്കും. നിക്ഷേപ സൗഹൃദ സംസ്ഥാനമെന്ന നിലയിൽ വെഞ്ച്വർ ക്യാപിറ്റൽ ആകർഷിക്കാൻ സംസ്ഥാനത്തിന് കഴിയേണ്ടതുണ്ട്. ജൈവ വൈവിധ്യം ഉപയോഗിച്ചുള്ള വ്യവസായം, ഔഷധ നിർമാണ മേഖലയിലെ സാധ്യതകൾ, കാർഷിക, ഭക്ഷ്യ മൂല്യവർധിത ഉൽപ്പന്നങ്ങളുടെ നിർമാണം തുടങ്ങിയ മേഖലകളിൽ സംസ്ഥാന സർക്കാർ നല്ല ശ്രദ്ധ നൽകുന്നുണ്ട്. നൂതനവും നവീനവുമായ സാങ്കേതിക വിദ്യകളുടെ സഹായത്തോടെ കൂടുതൽ മികച്ച മുന്നേറ്റം നടത്താൻ കഴിയണം. ട്രാൻസ്ലേഷൻ റിസർച്ച് ലാബുകൾക്ക് കേരളത്തിൽ തുടക്കമായി. അന്തർദേശീയ നിലവാരത്തിൽ പ്രത്യേക കേന്ദ്രം എന്ന നിർദേശം സംസ്ഥാന സർക്കാർ പരിഗണിക്കും. ദാരിദ്ര്യം ഏറ്റവും കുറഞ്ഞ ഇന്ത്യൻ സംസ്ഥാനമാണെങ്കിലും സമ്പൂർണ പോഷകാഹാര വിതരണം എന്ന ലക്ഷ്യം പൂർത്തീകരിക്കാൻ കഴിഞ്ഞിട്ടില്ല. വിളർച്ച പ്രശ്‌നമായി നിലനിൽക്കുന്ന ഈ സാഹചര്യത്തിൽ പോഷകാഹാരം എല്ലാവരിലേക്കും എത്തിക്കാൻ കഴിയണം.
വൻകിട ജലവൈദ്യുത പദ്ധതികളുടെ പ്രായോഗിക പ്രശ്‌നങ്ങൾ കണക്കിലെടുത്ത് ചെറുകിട, ഹരിതോർജ പദ്ധതികൾ സർക്കാർ വ്യാപകമാക്കുകയാണ്. ബയോ മെഡിക്കൽ മാലിന്യം കൈകാര്യം ചെയ്യുന്നതിൽ കൂടുൽ സൗകര്യങ്ങൾ വേണമെന്ന നിർദേശം സ്വാഗതം ചെയ്യുന്നു. നിലവിൽ വിവിധ മെഡിക്കൽ കോളേജുകളിൽ മാലിന്യ സംസ്‌കരണ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. ഗവേഷണ കേന്ദ്രങ്ങളുടെ പരസ്പര സഹകരണം, ഗവേഷണ മേഖലയിലെ ക്ലൗഡ് സോഴ്സിംഗ്, ഗ്രീൻ ഫിനാൻസിംഗ് തുടങ്ങിയ നിർദേശങ്ങളെ മുഖ്യമന്ത്രി സ്വാഗതം ചെയ്തു.
പൊതു ചർച്ചയിലൂടെ സ്‌കൂൾ സമയം ക്രമീകരിക്കുന്നതിനെപ്പറ്റി ആലോചിക്കാവുന്നതാണ്. എല്ലാ ഗവൺമെന്റ് മെഡിക്കൽ കോളേജുകളും മാസ്റ്റർ പ്ലാൻ അനുസരിച്ചാണ് നിലവിൽ പ്രവർത്തിക്കുന്നത്. വ്യവസായ മേഖലയുമായി സഹകരിച്ചു കൊണ്ട് ഉന്നത വിദ്യാഭ്യാസ മേഖലയിൽ പുതിയ കോഴ്സുകൾ, തൊഴിൽ പരിശീലനം എന്നിവ ആരംഭിച്ചു കഴിഞ്ഞു. സയൻസ് പാർക്ക് നിർമാണ പൂർത്തീകരണത്തിന് ശേഷം പൊതുസ്വകാര്യ പങ്കാളിത്തം അടക്കമുള്ള മോഡലുകളിൽ ഏത് വേണമെന്ന് ചർച്ച ചെയ്തു തീരുമാനിക്കാവുന്നതാണ്. സഹകരണ മേഖലയുമായി നബാർഡ് മുന്നോട്ടുവച്ച നിർദേശങ്ങളെ മുഖ്യമന്ത്രി സ്വാഗതം ചെയ്തു. ഊർജ മേഖല, ഉത്തരവാദിത്ത ടൂറിസം, മത്സ്യ മേഖല തുടങ്ങിയവയിൽ കൂടുതൽ നിക്ഷേപങ്ങൾക്കുള്ള സാധ്യതകൾ പരിശോധിക്കും. പ്രാഥമിക സഹകരണ സംഘങ്ങളുടെ സാധ്യതകൾ പ്രയോജനപ്പെടുത്തി വ്യത്യസ്ത മേഖലകളിൽ അവരുടെ ശേഷി ഉപയോഗിക്കണമെന്നത് മികച്ച നിർദേശമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.
പ്രായോഗികമായി ഉപയോഗിക്കാൻ ബുദ്ധിമുട്ടുള്ള പ്രദേശങ്ങൾ രേഖപ്പെടുത്തി ലാൻഡ് യൂസ് പോളിസി എന്ന ആശയം പരിഗണിക്കും. നിർമാണത്തിന് ശേഷം വീടുകൾ പൂട്ടിയിട്ട് ജോലിക്കായി പോകുന്ന പ്രവാസികൾക്ക് ഹോം സ്റ്റേ സംരംഭവുമായി സഹകരിക്കാവുന്നതാണ്. ഉത്തരവാദിത്തപ്പെട്ട പൊതുസംരഭത്തിന് കീഴിൽ വീട് നൽകുകയും വരുമാനം ലഭിക്കുകയും ഉടമയുടെ ആവശ്യത്തിനനുസരിച്ച് ഉപയോഗിക്കാനും കഴിയും. വീടുകൾ ഇൻഷ്വർ ചെയ്യണം എന്ന പ്രതിനിധിയുടെ നിർദേശം എല്ലാവരും പരിഗണിക്കണമെന്നതാണ് സർക്കാരിന്റെ നിലപാട്.
മത്സ്യ സമ്പത്തടക്കം വർധിപ്പിച്ച് സമുദ്ര മേഖലയിൽ നിന്നുള്ള വരുമാനം വർധിപ്പിക്കുക, വിദേശത്തെ മലയാളി സംരംഭകരടക്കമുളളവരുമായി സഹകരിച്ച് തൊഴിലവസരങ്ങൾ സൃഷ്ടിക്കുക, കെ സ്മാർട്ട് പദ്ധതിയുടെ വ്യാപനം, ധാതുക്കളടക്കമുള്ളവയിൽ നിന്ന് തദ്ദേശീയമായി ഉൽപ്പാദിപ്പിക്കാവുന്ന ഉൽപ്പന്നങ്ങളുടെ നിർമാണം എന്നിവക്ക് സംസ്ഥാന സർക്കാർ പരിഗണന നൽകി വരുന്നു.
വിവിധ മേഖലകളിൽ നിന്നെത്തിയ പ്രൊഫഷണലുകൾ നൽകിയ നിർദേശങ്ങളെ സംസ്ഥാന സർക്കാർ ഗൗരവപൂർണമായി കാണും. സാമൂഹിക നീതിയിലധിഷ്ഠിതവും സുസ്ഥിരവുമായി എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന നവകേരള സൃഷ്ടിയുടെ ഭാഗമായി ഓരോ വ്യക്തിയും തുടരണമെന്നും മുഖ്യമന്ത്രി അഭ്യർഥിച്ചു. കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിൽ എക്‌സിക്യുട്ടീവ് വൈസ് പ്രസിഡന്റ് പ്രൊഫ. കെ പി സുധീർ മോഡറേറ്ററായി.
പി.എൻ.എക്സ് 2119/2025
- Log in to post comments