Skip to main content
.

'പരിസ്ഥിതി സൗഹൃദ മത്സ്യ കൃഷി' പഠനമൊരുക്കി ഫിഷറീസ് വകുപ്പ്

പരിസ്ഥിതി സൗഹൃദ മത്സ്യ കൃഷിയെ കുറിച്ച് പഠനമൊരുക്കി ഫിഷറീസ് വകുപ്പ്.  പത്തനംതിട്ട ശബരിമല ഇടത്താവളത്തില്‍ എന്റെ കേരളം പ്രദര്‍ശന മേളയിലാണ് 'പരിസ്ഥിതി സൗഹൃദ മത്സ്യ കൃഷി മാതൃകകള്‍' എന്ന വിഷയത്തില്‍ ഫിഷറീസ് വകുപ്പ് സെമിനാര്‍ സംഘടിപ്പിച്ചത്. ജില്ലാ ഫിഷറീസ് ഓഫീസര്‍ ഡോ. പി എസ് അനിത വിഷയം അവതരിപ്പിച്ചു. ജില്ലയില്‍ മത്സ്യകൃഷി ഉത്പാദന വ്യവസായത്തില്‍ പുളിക്കീഴാണ് ഒന്നാമത്. പരമ്പരാഗത, ഊര്‍ജിത- അര്‍ധ ഊര്‍ജിത, സംയോജിത, ഏക-ബഹു വര്‍ഗ, സമ്മിശ്ര മത്സ്യകൃഷികളെ  സെമിനാറില്‍ പരിചയപ്പെടുത്തി. മത്സ്യത്തിന്റെ ആഹാരം, വളര്‍ത്തേണ്ട രീതി , ഗുണം,  ,വളര്‍ച്ചയുടെ ഘട്ടം എന്നിവ വിശദീകരിച്ചു . പ്രകൃതി സൗഹൃദ മത്സ്യകൃഷിയില്‍  കൃത്രിമ ഇടപെടല്‍ ആവശ്യമായതിനാല്‍ മണ്ണിന്റെയും ജലത്തിന്റെയും മലിനീകരണം കുറയ്ക്കുകയും ജൈവവൈവിധ്യം സംരക്ഷിക്കുകയും ചെയ്യണം. പാരിസ്ഥിതിക നേട്ടത്തിന് പുറമേ സംയോജിത കൃഷിയായ നെല്‍-മത്സ്യകൃഷി കര്‍ഷകര്‍ക്ക് സാമ്പത്തിക ലാഭം നല്‍കുന്നു.
മാനുഷിക ഇടപെടല്‍, കാലാവസ്ഥ വ്യതിയാനം തുടങ്ങിയവ മൂലം മത്സ്യഅളവ് കുറയുന്നു. മത്സ്യസമ്പത്ത് വര്‍ധിക്കേണ്ടത് ഭക്ഷ്യസുരക്ഷയ്ക്ക് ആവശ്യമാണ്. കൃഷി പ്രോത്സാഹനത്തിലൂടെ പോഷകസുരക്ഷയും ഭക്ഷ്യ സുരക്ഷയും കൈവരിക്കാനാകുമെന്നും ഫിഷറീസ് ഓഫീസര്‍ പറഞ്ഞു. സെമിനാറില്‍ പത്തനംതിട്ട ഫിഷറീസ് വകുപ്പിന്റെ പ്രവര്‍ത്തനങ്ങളുടെ ദൃശ്യാവിഷ്‌ക്കാരവും അവതരിപ്പിച്ചു. തുടര്‍ന്ന് സംശയ ദുരീകരണവും ചോദ്യത്തര വിജയികള്‍ക്ക് സമ്മാനവും നല്‍കി.

date