സാങ്കേതികവിദ്യ പകര്‍ന്ന് കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ സ്റ്റാള്‍
സര്‍ക്കാരിന്റെ നാലാം വാര്‍ഷികത്തോടനുബന്ധിച്ച് ശബരിമല ഇടത്താവളത്തില്‍ നടക്കുന്ന എന്റെ കേരളം പ്രദര്‍ശന വിപണന മേളയില്‍ ശ്രദ്ധേയമായി കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ സ്റ്റാള്‍. നിര്‍മിതബുദ്ധി, റോബോട്ടിക്സ്, മെഷീന്‍ ലേണിംഗ് തുടങ്ങിയ അത്യാധുനിക സാങ്കേതികവിദ്യകളെ പരിചയപ്പെടാം. 'ആള്‍ ഫോര്‍ കോമണ്‍ പീപ്പിള്‍' എന്ന ആശയമാണ് പവലിയന്റേത്.
അത്യാധുനിക സാങ്കേതികവിദ്യ നേരിട്ടറിയുന്ന എക്സ്പീരിയന്‍സ് സെന്ററുകളായാണ് സ്റ്റാള്‍ പ്രവര്‍ത്തിക്കുന്നത്. നിര്‍മിത ബുദ്ധി, ഓഗ്മെന്റഡ് റിയാലിറ്റി/ വെര്‍ച്വല്‍ റിയാലിറ്റി, ത്രിഡി പ്രിന്റിംഗ്, ഡ്രോണ്‍, റോബോട്ടിക്സ്, ഐഒടി, തുടങ്ങിയ സാങ്കേതികവിദ്യകളുടെ സമന്വയമാണ്.
കേരളം ആസ്ഥാനമായുള്ള സ്റ്റാര്‍ട്ടപ്പുകളുടെ വൈവിധ്യമാര്‍ന്ന ഉല്‍പ്പന്നങ്ങളും പരിഹാരങ്ങളും തിരിച്ചറിയാനും നിത്യജീവിതത്തില്‍ അവയുടെ പ്രയോജനത്തെക്കുറിച്ച് മനസ്സിലാക്കാനും സഹായിക്കും. ഭാവിയിലെ സാങ്കേതികവിദ്യയുടെ സ്വാധീനത്തെക്കുറിച്ച് അറിവ് പകരുകയാണ് ലക്ഷ്യം.
ശബ്ദത്തിലൂടെ വീഡിയോ നിര്‍മാണം, പുതുതലമുറ വാക്കുകളുടെ വിശകലനം, ഗെയിമുകള്‍, ബെന്‍ എന്ന റോബോട്ടിക് നായ, രാജ്യത്തെ ആദ്യ ഹ്യുമനോയിഡ് എഐ റോബോട്ടിക് ടീച്ചറായ ഐറിസ്, മിനിബോട്ട്, കൃഷി, ഉദ്യാനപാലനം എന്നിവ സാധ്യമാക്കുന്ന ഐഒടി സംവിധാനം, എഐ കാരിക്കേച്ചര്‍, ഫോട്ടോയിലൂടെ മുഖം തിരിച്ചറിയുന്ന സംവിധാനം തുടങ്ങിയവ പരിചയപ്പെടാം. കേരള സ്റ്റാര്‍ട്ടപ്പ് മിഷന്റെ വിവിധ പദ്ധതികളെക്കുറിച്ച് പൊതുജനങ്ങള്‍ക്ക് അറിവ് പകരാനും സംശയദൂരികരണത്തിനും സംവിധാനമുണ്ട്.
- Log in to post comments