Skip to main content

ജില്ലാ കളക്ടർ ക്ഷണിച്ചു, എൻറെ കേരളം പ്രദർശന വിപണന മേള സന്ദർശിച്ച് എറണാകുളം ചിൽഡ്രൻസ് ഹോമിലെ കുട്ടികൾ

ജില്ലാ കളക്ടർ എൻ.എസ്.കെ ഉമേഷിൻ്റെ ക്ഷണം സ്വീകരിച്ച് എൻറെ കേരളം പ്രദർശന വിപണന മേളയിലെത്തി എറണാകുളം ചിൽഡ്രൻസ് ഹോമിലെ അന്തേവാസികൾ. 16 അന്തേവാസികളും എട്ട് കെയർടേക്കർമാരും ഉൾപ്പെടെ 24 പേരായിരുന്നു മേളയിലേക്ക് എത്തിയത്.

 

 

പ്രത്യേക ശ്രദ്ധയും പരിചരണവും ആവശ്യമുള്ള കുട്ടികളെ സംരക്ഷിക്കുന്നതിനായുള്ള വനിത ശിശു വികസന വകുപ്പിന് കീഴിലുള്ള ജില്ലയിലെ ഏക ചിൽഡ്രൻസ് ഹോമാണ് കാക്കനാട് സീപോർട്ട് എയർപോർട്ട് റോഡിന് സമീപത്ത് പ്രവർത്തിക്കുന്നത്. ഇവിടുത്തെ ക്ഷേമ പ്രവർത്തനങ്ങൾക്ക് അനുഭാവപൂർണമായ പരിഗണനയാണ് ജില്ലാ കളക്ടർ നൽകുന്നത്.

 

എൻറെ കേരളം പ്രദർശന വിപണന മേളയുടെ മുഖ്യ സംഘാടകൻ കൂടിയായ ജില്ലാ കളക്ടർ കുട്ടികളുടെ മാനസിക ഉല്ലാസം കൂടി കണക്കിലെടുത്ത് മേള കാണാൻ ക്ഷണിക്കുകയായിരുന്നു. ഉദ്ഘാടന സമ്മേളനത്തിന് മുൻപ് തന്നെ മറൈൻഡ്രൈവിലെ പ്രദർശന നഗരിയിൽ എത്തിയ കുട്ടികൾ ജില്ലാ കളക്ടറോടൊപ്പം തന്നെയായിരുന്നു ഓരോ സ്റ്റാളുകളും സന്ദർശിച്ചത്.

 

വിവിധ വകുപ്പുകളുടെ സ്റ്റാളുകൾ, ആർട്ടിഫിഷ്യൽ ഇന്റലിജൻ്റ്സ്, റോബോട്ടിക് തുടങ്ങിയ നൂതന സാങ്കേതികവിദ്യകളുടെ പ്രദർശനം, തീയേറ്റർ ഷോകൾ, പ്ലേ ഏരിയകൾ എന്നിങ്ങനെ വൈവിധ്യമാർന്ന സജ്ജീകരണങ്ങളാണ് മേളയിലുള്ളത്. ഏറെ കൗതുകത്തോടെ ഇവയെല്ലാം കണ്ട ശേഷമായിരുന്നു കുട്ടികൾ മടങ്ങിയത്

date