എൻ്റെ കേരളത്തിന് തിരിതെളിഞ്ഞു; കൊച്ചിക്ക് ഇനി ആഘോഷത്തിൻ്റെ ഏഴ് ദിനരാത്രികൾ
മാറ്റത്തിന്റെ മാറ്റൊലികൾ, വികസന മുന്നേറ്റത്തിന്റെ നേർക്കാഴ്ച, കരുതലിൻ്റെ, ചേർത്തു നിർത്തലിൻ്റെ ഒമ്പത് വർഷങ്ങൾ.... രണ്ടാം പിണറായി സർക്കാരിൻ്റ നാലാം വാർഷിക ആഘോഷങ്ങൾക്ക് ആവേശത്തോടെ കൊച്ചി മറൈൻഡ്രൈവിൽ തുടക്കം. എൻ്റെ കേരളം പ്രദർശന വിപണന മേളയിലൂടെ ഇനി ഏഴ് ദിനരാത്രികൾ ആഘോഷങ്ങളുടെ നേർക്കാഴ്ചയാവുകയാണ്. വർണ്ണാഭമായ തുടക്കത്തോടെയാണ് മേളയുടെ ആദ്യദിനത്തിന് തുടക്കം കുറിച്ചത്.
വികസന നേർകാഴ്ചകൾ കാണാനെത്തിയ ജനസാഗരത്തിനെ സാക്ഷിയാക്കി വാദ്യമേളങ്ങളുടെ അകമ്പടിയോടെ വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് മേളയുടെയുടെയും സ്റ്റാളുകളുടെയും ഉദ്ഘാടനം നിർവഹിച്ചു. മെയ് 23 വരെ നീണ്ടുനിൽക്കുന്ന മേളയിൽ വിവിധ വകുപ്പുകളുടെ 194 തീം-സര്‍വീസ് സ്റ്റാളുകളും 82 കൊമേഴ്ഷ്യല്‍ സ്റ്റാളുകളും ഉള്‍പ്പെടെ ശീതീകരിച്ച 276 ലധികം സ്റ്റാളുകളാണ് മേളയിൽ ഒരുക്കിയിരിക്കുന്നത്. പ്രധാനപ്പെട്ട ഏഴ് വകുപ്പുകള്‍ക്കായി മിനി തിയേറ്റര്‍ ഉള്‍പ്പെടെ ഒരുക്കി മേളയിൽ എത്തുന്നവർക്ക് വികസനകാഴ്ചകളുടെ ദൃശ്യവിരുന്നാണ് എൻ്റെ കേരളത്തിൽ ഒരുങ്ങിയിരിക്കുന്നത്.
തിരുവനന്തപുരം മുതൽ കാസർഗോഡ് വരെ കേരളത്തിൻ്റെ രുചി കൂട്ടുകൾ ഒരു കുടക്കീഴിൽ അണിനിരത്തിക്കൊണ്ട് മേളയിൽ എത്തുന്നവർക്ക് വ്യത്യസ്ത രുചികൾ ആസ്വദിക്കാൻ സാധിക്കുന്ന വിധത്തിൽ ഭക്ഷ്യമേളയും ക്രമീകരിച്ചിട്ടുണ്ട്. കൊച്ചിയുടെ സായാഹ്നങ്ങളെ സംഗീത സാന്ദ്രമാക്കുവാൻ വിവിധ ബാൻ്റുകളുടെ സംഗീത നിശയും മേളയുടെ മുഖ്യ ആകർഷണമാണ്.
ഇൻഫർമേഷൻ പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ എന്റെ കേരളം ചിത്രീകരണം, വിനോദ സഞ്ചാര വകുപ്പിന്റെ ടൂറിസം നേര്‍ക്കാഴ്ചകള്‍, കിഫ്ബിയുടെ വികസന പ്രദര്‍ശനം, ടെക്‌നോ ഡെമോ ഏരിയ, ലൈവ് ആക്ടിവിറ്റി ഏരിയകള്‍, വിപുലമായ പുസ്തകമേള, ഹൈ ഫൈ സ്റ്റേജ്, കുട്ടികള്‍ക്ക് വേണ്ട ആക്ടിവിറ്റി സോണുകള്‍,സെമിനാറുകള്‍,സാംസ്‌കാരിക പരിപാടികള്‍ ഇതു കൂടാതെ പോലീസ് ഡോഗ് ഷോ,എ.ഐ പ്രദര്‍ശനവും ക്ലാസും, താരതമ്യേന വിലക്കുറവില്‍ കര്‍ഷകര്‍ ഉൽപാദിപ്പിക്കുന്ന ഉല്‍പ്പന്നങ്ങളുടെ പ്രദര്‍ശനം, വ്യവസായ വകുപ്പ് സംരംഭകര്‍ക്കായി ഹെല്‍പ് ലൈന്‍ സെന്ററും കൈത്തറി-കരകൗശലം, ഇലക്ട്രിക്കല്‍, ഇലക്ട്രോണിക്‌സ് ഉപകരണങ്ങളുടെ പ്രദര്‍ശനവും മേളയില്‍ ഉള്‍പ്പെടും. വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെ നേതൃത്വത്തില്‍ വിദഗ്ധര്‍ പങ്കെടുക്കുന്ന സെമിനാറുകളും മേളയിൽ ഒരുക്കിയിട്ടുണ്ട്.
രാവിലെ 10 മുതല്‍ രാത്രി 9 വരെയാണ് മേളയുടെ സമയക്രമം. പ്രവേശനം സൗജന്യമാണ്. പാര്‍ക്കിംഗ് സൗകര്യവും ലഭ്യമായിരിക്കും.
- Log in to post comments