ജില്ലയിലെ നെല്ല് സംഭരണത്തിൽ സംസ്ഥാന സർക്കാരിൻ്റെ നേരിട്ടുള്ള ഇടപെടൽ
.-ഓയിൽ പാം ഇന്ത്യ ലിമിറ്റഡ് മുഖേന നെല്ല് സംഭരണത്തിന് തുടക്കമായി
-മന്ത്രി പി.പ്രസാദ് നേരിട്ടെത്തി നെല്ല് സംഭരണത്തിന് തുടക്കമിട്ടു
കുട്ടനാട്ടിൽ ഉപ്പുവെള്ളം കയറിയും അത്യുഷ്ണം മൂലവും വിളവും ഗുണനിലവാരവും കുറഞ്ഞതിനാൽ സപ്ലൈകോ മുഖാന്തിരം നെല്ലെടുപ്പ് പ്രതിസന്ധിയിലായ പാടങ്ങളിൽ നിന്ന് കൃഷി വകുപ്പിന്റെ നേതൃത്വത്തിൽ നെല്ല് സംഭരിക്കുന്ന നടപടി ആരംഭിച്ചു. ഓയിൽ പാം ഇന്ത്യ ലിമിറ്റഡ് മുഖേനയാണ് നെല്ല് സംഭരിക്കുന്നത്. അമ്പലപ്പുഴ വടക്ക് പഞ്ചായത്തിലെ കാട്ടുകോണം, കോലടിക്കാട് പാടങ്ങളിൽ നിന്നാണ് കൃഷി വകുപ്പിൻ്റെ നേതൃത്വത്തിൽ ഓയിൽ പാം ഇന്ത്യ ലിമിറ്റഡ് മുഖേന ശനിയാഴ്ച നെല്ല് സംഭരണം തുടങ്ങിയത്. കൃഷി വകുപ്പ് മന്ത്രി പി പ്രസാദ് നേരിട്ട് എത്തി സംഭരണത്തിന് നേതൃത്വം നൽകുകയും കർഷകർക്ക് എല്ലാ സഹായവും പിന്തുണയും ഉറപ്പാക്കുകയും ചെയ്തു. ആദ്യഘട്ടമായി അമ്പലപ്പുഴ വടക്ക് പഞ്ചായത്തിലെ കാട്ടുകോണം, വട്ടപായിത്ര, കോലടിക്കാട്; ആലപ്പുഴ മുനിസിപ്പാലിറ്റിയിലെ കന്നിട്ട സി ബ്ലോക്ക് പാടങ്ങളിൽ നിന്നുള്ള നെല്ലാണ് ഓയിൽ പാം ഇന്ത്യ സംഭരിക്കുക . തുടക്കത്തിൽ 450 ടൺ നെല്ലാണ് സംഭരിക്കുക. ഇതിലേക്കായി 3 കോടി രൂപ കൃഷി വകുപ്പിന് പ്രത്യേക പാക്കേജ് ആയി സർക്കാർ അനുവദിച്ചിട്ടുണ്ട്. നെല്ല് എടുക്കുമ്പോൾ കർഷകർക്കുള്ള നെൽവില നെല്ലിൻറെ ഗുണനിലവാരത്തിന് ആനുപാതികമായി കർഷകരുടെ അക്കൗണ്ടിലേക്ക് കൃഷിവകുപ്പ് നൽകും .
കുട്ടനാടിലെ ചില പാടശേഖരങ്ങളില്‍ ഉപ്പുവെള്ളം കയറിയതിനെ തുടര്‍ന്ന് നെല്ലിന്റെ ഗുണനിലവാരത്തില്‍ കുറവ് സംഭവിച്ചതിനാല്‍ നെല്ല് സംഭരിക്കുന്നത് പ്രയാസമായി മാറുകയുണ്ടായി. സപ്ലൈകോയുമായി സംഭരണത്തിന് കരാറില്‍ ഏര്‍പ്പെട്ട മില്ലുകള്‍ ഈ നെല്ല് സംഭരിക്കാന്‍ തയ്യാറാകാതിരുന്നതിനെ തുടര്‍ന്ന് ഇക്കാര്യം മന്ത്രിസഭ ചര്‍ച്ച ചെയ്യുകയുണ്ടായി. മില്ലുകള്‍ പിന്‍മാറിയ സാഹചര്യത്തില്‍ കര്‍ഷകര്‍ക്കുണ്ടായ ബുദ്ധിമുട്ട് പരിഹരിക്കാന്‍ കൃഷി വകുപ്പ് നേരിട്ട് നെല്ല് സംഭരിക്കാന്‍ തീരുമാനിച്ചതെന്ന് മന്ത്രി പറഞ്ഞു.
നിലവിലുള്ള ചട്ടങ്ങൾ പ്രകാരം കൃഷി നാശത്തിന്റെ നഷ്ടപരിഹാരം നിശ്ചയിക്കുവാൻ കൃഷി ഡയറക്ടറെ ചുമതലപ്പെടുത്തിയിട്ടുണ്ട്. കൊയ്തെടുത്ത നെല്ലിൽ FAQ (Fair Average Quality) നിലവാരമുള്ള നെല്ല് സപ്ലൈകോയുടെ നിലവിലുള്ള സംഭരണ പ്രക്രിയയിലൂടെ സംഭരിക്കുന്നതാണ് എന്നും മന്ത്രി പറഞ്ഞു.
സപ്ലൈക്കോയുടെയും കൃഷിവകുപ്പിന്റെയും പ്രതിനിധികൾ ചേർന്നായിരിക്കും സംഭരിക്കേണ്ട നെല്ലിന്റെ ഗുണനിലവാരം ഉറപ്പ് വരുത്തുക. ഇത്തരത്തിൽ ശേഖരിക്കുന്ന നെല്ല് വിപണി സാധ്യതകളുള്ള ഉപോല്പന്നങ്ങളാക്കുന്നതിനും ബാക്കിയുള്ളവ ലേലം ചെയ്യുന്നതിനുമാണ് നിർദേശം കൊടുത്തിട്ടുള്ളത്. നിശ്ചയിക്കുന്ന സംഭരണ വില കർഷകന്റെ ബാങ്ക് അക്കൗണ്ടുകളിലേക്ക് കൈമാറുന്നതിന് ആലപ്പുഴ പ്രിൻസിപ്പൽ കൃഷി ഓഫീസറെചുമതലപ്പെടുത്തിയിട്ടുണ്ട്. പ്രതിസന്ധി നേരിട്ട പാടശേഖരങ്ങളിലെ നെല്ല് സംഭരിക്കുന്നതിനും നടപടിക്രമങ്ങൾ പൂർത്തീകരിക്കുന്നതിനും സപ്ലൈക്കോ മാനേജിങ് ഡയറക്ടർ, ഓയിൽ പാം ഇന്ത്യ ലിമിറ്റഡിന്റെ മാനേജിങ് ഡയറക്ടർ കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് ഡയറക്ടറുടെ പ്രതിനിധിയായി ആലപ്പുഴ പ്രിൻസിപ്പൽ കൃഷി ഓഫീസർ എന്നിവരെ ചുമതലപ്പെടുത്തി. പ്രതിസന്ധി നേരിട്ട മേഖലകളിൽ ഒരാഴച്ചക്കകം നടപടികൾ പൂർത്തീകരിച്ച് നെല്ല് സംഭരണം പൂർത്തീകരിക്കുന്നതിനാണ് നിർദ്ദേശം നൽകിയിട്ടുള്ളതെന്നും മന്ത്രി അറിയിച്ചു.
അമ്പലപ്പുഴ വടക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എസ് ഹാരിസ് , പ്രിൻസിപ്പൽ അഗ്രികൾച്ചർ ഓഫീസർ സി അമ്പിളി, പഞ്ചായത്ത് അംഗങ്ങളായ വി ധ്യാനസുതൻ, കുഞ്ഞുമോൾ സജീവ്, കൃഷി വകുപ്പ് ഡി ഡി മാരായ ബി സ്മിത, ക്യൂനോ ജോസ്, ഓയിൽപാം സീനിയർ മാനേജർ സന്തോഷ് കുമാർ എസ്, അസിസ്റ്റൻറ് മാനേജർ ബിബിൻ, അമ്പലപ്പുഴ കൃഷി അസിസ്റ്റൻറ് ഡയറക്ടർ സരിത മോഹൻ ജെ, കൃഷി ഓഫീസർ നജീബ് മുഹമ്മദ്, പാടശേഖര സമിതി അംഗങ്ങൾ എന്നിവരും നെല്ല് സംഭരണ വേളയിൽ സന്നിഹിതരായിരുന്നു.
- Log in to post comments